ADVERTISEMENT

ചെന്നൈ∙ ശ്രീലങ്കയിലെ തലൈമന്നാറില്‍നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍യത്നം വിജയകരമായി പൂര്‍ത്തിയാക്കി ആറംഗ ഇന്ത്യന്‍ വിദ്യാർഥിസംഘം ധനുഷ്‌ക്കോടിയിലെത്തി. ആന്ധ്രാ സ്വദേശികളായ കൊളബേബി സ്പന്ദന (19), ബോണ്‍ത അലംകൃതി(13), കലവക്കൊലു ജോണ്‍സന്‍ (16), പിടുരുശ്രീ ഗൗതാമ പ്രണവ് രാഹുല്‍ (18), കലവക്കൊലു കിങ് ജോര്‍ജ് (16), തെര്‍ളി സാത്വിക് (15) എന്നീ വിദ്യാർഥികളാണ് ‘മാനവികതയ്ക്കും മികച്ച ജീവിതത്തിനും വേണ്ടിയുള്ള നീന്തല്‍’ എന്ന സന്ദേശവുമായി സംഘത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നു ബോട്ടില്‍ ശ്രീലങ്കയിലെ തലൈമന്നാറിലേക്കു തിരിച്ച സംഘം രാത്രി പന്ത്രണ്ടു മണിയോടെ അവിടെനിന്ന് ഇന്ത്യന്‍ തീരത്തേക്കുള്ള നീന്തല്‍ ആരംഭിക്കുകയായിരുന്നു. പാക്ക് കടലിടുക്കിലൂടെ പത്തു മണിക്കൂറോളം നീണ്ട നീന്തലിനു ശേഷം 28 കിലോമീറ്റര്‍ താണ്ടി ശനിയാഴ്ച രാവിലെ പത്തു മണിയോടെ ധനുഷ്‌ക്കോടിയില്‍ എത്തി.

വിദ്യാർഥികള്‍ക്കൊപ്പം ആറ് ഒഫിഷ്യലുകളും നിരീക്ഷകരും മറ്റ് ക്രൂ അംഗങ്ങളും അടക്കം 23 പേരാണ് സംഘത്തിലുള്ളത്. പ്രത്യേകം ലൈറ്റുകള്‍ ഘടിപ്പിച്ച ബോട്ടുകള്‍ നീന്തല്‍ താരങ്ങള്‍ക്ക് വഴികാട്ടാന്‍ സഹായകമായി. നീന്തല്‍ സംഘാംഗങ്ങള്‍ ഒരാഴ്ചയായി രാമേശ്വരത്തെത്തി കടലില്‍ പരിശീലനം നടത്തി വരികയായിരുന്നു. സാഹസിക നീന്തല്‍ താരമായ തുളസി ചൈതന്യയുടെ നേതൃത്വത്തിലാണ് ഇവര്‍ പരിശീലനം നേടിയത്.

swimming-group-lanka-to-india-24
നീന്തല്‍യത്നത്തിൽ പങ്കെടുത്ത വിദ്യാർഥിസംഘം

ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ താരതമ്യേന മികച്ച കാലാവസ്ഥയും കാറ്റും ആയിരുന്നെങ്കിലും ധനുഷ്‌ക്കോടി തീരത്തോട് അടുത്തപ്പോള്‍ എതിര്‍ദിശയിലെ കാറ്റ് ദൗത്യം പൂര്‍ത്തിയാക്കുന്നതിന് ചെറിയ കാലതാമസം വരുത്തിയതായി സംഘം പറഞ്ഞു. ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ ജെല്ലിഫിഷ് കൂട്ടമായി വന്നതാണ് തടസ്സമായതെങ്കില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്ന ശേഷം ഡോള്‍ഫിനുകളുടെ ചാട്ടമാണ് നീന്തലിനു ബുദ്ധിമുട്ടായതെന്ന് കോര്‍ഡിനേറ്ററും കേരളത്തില്‍ നിന്നുള്ള സാഹസിക നീന്തല്‍ താരവുമായ എസ്.പി.മുരളീധരന്‍ പറഞ്ഞു.

ധനുഷ്‌ക്കോടി തീരത്തിന് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ അടുത്തു വരെ ആറു വിദ്യാര്‍ഥികളും ഒരുമിച്ചെത്തിയെങ്കിലും അവസാനഘട്ടത്തില്‍ പ്രണവ് രാഹുല്‍ അല്‍പം പിന്നിലായത് ആശങ്കയുണര്‍ത്തി. എന്നാല്‍ സംഘാംഗങ്ങളുടെ പ്രോല്‍സാഹനത്തില്‍ ആവേശവും ഊര്‍ജ്ജവും വീണ്ടെടുത്ത രാഹുല്‍ പത്തു മിനിറ്റോളം വൈകിയാണെങ്കിലും വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി. ഇനി തങ്ങള്‍ ഒരുമിച്ച് ഇംഗ്ലിഷ് ചാനല്‍ നീന്തിക്കടക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

രാമേശ്വരം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ഇ.നാസര്‍ഖാന്‍, കൗണ്‍സിലര്‍മാര്‍, തമിഴ്നാട് ഫിഷര്‍മെന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബോസ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, ആന്ധ്രപ്രദേശ് സ്വിമ്മിങ് അസോസിയേഷന്‍ ട്രഷറർ ഐ.രമേശ്, കൊച്ചി ഹെറിറ്റേജ് ജനറല്‍ സെക്രട്ടറി എം.സ്മിതി, മുരളീധരബാബു തകഴി തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്.

English Summary: Six Member Group Swimming From Talaimannar to Dhanushkodi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com