ADVERTISEMENT

ആലപ്പുഴ ∙ ഗുരുതര കുറ്റങ്ങൾ ചെയ്യുന്നവരെയും ഗ്യാങ്ങുകളെയും ഇനി പൊലീസ് ‘ഗ്യാലറി’യിൽ ഇരുത്തും. കുറ്റവാളികളുടെ പഴയ ഫോട്ടോയിൽനിന്ന് പുതിയ രൂപം കണ്ടെത്തുന്ന ആപ്പൊക്കെയുണ്ട് ഗ്യാലറിയിൽ. പൊലീസ് വികസിപ്പിച്ചു നടപ്പാക്കിയ ഐകോപ്സ് (ഇന്റഗ്രേറ്റഡ് കോർ പൊലീസിങ് സിസ്റ്റം) എന്ന ആപ്ലിക്കേഷന്റെ ഭാഗമാണ് പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ക്രിമിനൽ ഗ്യാലറി. കുറ്റവാളികളായ വ്യക്തികൾക്കും ഗ്യാങ്ങുകൾക്കും അവിടെ വെവ്വേറെ ‘ഇരിപ്പിടം’ ഉണ്ട്.

എല്ലാം തപ്പിയെടുക്കും

കുറ്റവാളികളുടെ ചുറ്റുപാടുകൾ, വ്യക്തി വിവരങ്ങൾ, കൂട്ടാളികൾ, ക്രിമിനൽ ചരിത്രം, ഇപ്പോഴത്തെ സ്ഥിതി, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ ഗ്യാലറിയിലുണ്ടാകും. ഗ്യാങ് വിഭാഗത്തിൽ കുറ്റവാളി സംഘത്തിന്റെ വിശദാംശങ്ങൾ, പ്രവൃത്തികൾ, പ്രവർത്തനരീതി, അനുയായികൾ, സഹായിക്കുന്നവർ, ഒളിവിടങ്ങൾ, പരിശീലനം, സാമ്പത്തിക സ്രോതസ്സുകൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഗ്യാലറി പണിയുന്നവർ

പൊലീസ് സ്റ്റേഷൻ മുതൽ ജില്ലാ പൊലീസ് ഓഫിസ് വരെ പല തലങ്ങളിൽ ഗ്യാലറിയിലേക്ക് വിവരങ്ങൾ ചേർക്കും. കൂടുതൽ വിവരങ്ങൾ കിട്ടിയാൽ ചേർക്കാനും എല്ലാ തലത്തിലും കഴിയും.ഗ്യാലറിയിൽനിന്ന് കുറ്റാളിയെയോ ഗ്യാങ്ങിനെയോ പറ്റിയുള്ള വിവരങ്ങൾ തപ്പിയെടുക്കാൻ വിപുലമായ സംവിധാനമുണ്ട്. ക്രിമിനൽ ഐഡി, പ്രവർത്തന രീതി, കുറ്റങ്ങളുടെ സ്വഭാവം, പ്രവർത്തിക്കുന്ന മേഖല, ശാരീരിക പ്രത്യേകതകൾ, ചിത്രങ്ങൾ തുടങ്ങി പല വിഭാഗങ്ങളിൽ തിരയാൻ കഴിയും.

മുഖം നോക്കി നടപടി

മുഖം തിരിച്ചറിയാനുള്ള സംവിധാനം ഗ്യാലറിയുടെ പ്രത്യേകതയാണ്. കുറ്റവാളിയുടെ ലഭ്യമായ ചിത്രം ഉപയോഗിച്ച് തിരഞ്ഞ് സാമ്യമുള്ള മറ്റു ചിത്രങ്ങൾ കണ്ടെത്തുന്ന സംവിധാനമാണിത്. ഒരു ചിത്രം തിരച്ചിലിനായി നൽകിയാൽ ഗ്യാലറിയിലുള്ള മുഴുവൻ ചിത്രങ്ങളുമായി അത് ഒത്തുനോക്കും. സാമ്യമുള്ളവയുടെ പട്ടിക തന്നെ തിരികെ ലഭിക്കും. മെച്ചപ്പെട്ട ഫലം ലഭിക്കാൻ കുറ്റവാളികളുടെ വ്യക്തതയുള്ള, പരമാവധി ചിത്രങ്ങൾ ഉൾപ്പെടുത്തും.

1248-dgp
സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്: ഫയൽ ചിത്രം∙ മനോരമ

ഗ്യാലറിയിൽ ആരൊക്കെ?

പ്രോപ്പർട്ടി കേസുകൾ, ശാരീരികമായ ആക്രമണം, നൽക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) കേസുകൾ, അബ്കാരി കേസുകൾ, സൈബർ കുറ്റങ്ങൾ, ഗുരുതരവും ക്രൂരവുമായ മറ്റു കുറ്റങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടവരുടെയെല്ലാം വിവരങ്ങൾ ഗ്യാലറിയിലേക്കു നൽകണമെന്നാണ് പൊലീസ് സ്റ്റേഷനുകൾക്കു നൽകിയിരിക്കുന്ന നിർദേശം.

ഒരു ലക്ഷത്തോളം ഡേറ്റ

ക്രിമിനൽ ഗ്യാലറിയിൽ ഇപ്പോൾ ഒരു ലക്ഷത്തോളം ഡേറ്റയുണ്ട്. അടുത്തിടെ വരെ പൊലീസ് ഉപയോഗിച്ചിരുന്ന മോഡസ് ഓപ്പറാൻഡി ഇൻഫർമേഷൻ സിസ്റ്റം (എംഒഐഎസ്) വഴി ശേഖരിച്ച ഈ വിവരങ്ങൾ ഗ്യാലറിയിലേക്കു മാറ്റുകയായിരുന്നു.ഇനി കുറ്റവാളികളുടെയും ഗ്യാങ്ങുകളുടെയും വിവരങ്ങൾ എഫ്ഐആർ തയാറാക്കുകയോ അറസ്റ്റ് നടക്കുകയോ ചെയ്താലുടൻ ഗ്യാലറിയിലേക്കു ചേർക്കും. ചില കുറ്റവാളികൾ ജയിലിൽനിന്ന് ഇറങ്ങിയാലുടൻ ആ വിവരവും ചേർക്കും.

അതിഥിക്കുറ്റവാളികളും

മറ്റു സംസ്ഥാനങ്ങളിലെ കുറ്റവാളികളുടെയും ഗ്യാങ്ങുകളുടെയും വിവരങ്ങൾ ചേർക്കാനും ഗ്യാലറിയിൽ സൗകര്യമുണ്ട്. സംസ്ഥാന, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോകൾക്കാണ് ഇതിന്റെ ചുമതല. സംസ്ഥാനത്തിനു പുറത്തുള്ള ഏജൻസികളിൽനിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

English Summary: Effective policing at your fingertips: Kerala Police Criminal Gallery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com