ADVERTISEMENT

സ്റ്റോക്കോം∙ സൈനികാവശ്യങ്ങൾക്കായി ലോക രാജ്യങ്ങൾ കൂടുതൽ പണം ചെലവഴിക്കുന്നതു തുടരുന്നതോടെ ആഗോള സൈനിക ചെലവിലും റെക്കോർഡ് വർധന. 2021 ലെ കണക്ക് അനുസരിച്ച് ആഗോള സൈനിക ചെലവ്  ആദ്യമായി  പ്രതിവർഷം 2.1 ട്രില്യൺ ഡോളർ കവിഞ്ഞതായി സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആഗോള സൈനിക ചെലവ് 2021-ൽ 0.7 ശതമാനം വർധിച്ച് 2113 ബില്യൺ ഡോളറിലെത്തി. 

ആഗോള  സൈനിക ചെലവിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് 2021 ൽ ചെലവിട്ടത് 76.6 ബില്യൺ ഡോളർ. 68.4 ബില്യൺ ഡോളർ ചെലവഴിച്ച യുകെ നാലാമതും  65.9 ബില്യൺ ഡോളർ ചെലവിട്ട റഷ്യ അഞ്ചാം സ്ഥാനത്തും ആണ്. ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് യുഎസ് ആണ്–പ്രതിവർഷം 801 ബില്യൺ ഡോളർ. ആയുധങ്ങൾ വാങ്ങി കൂട്ടുന്നതിനെക്കാൾ സൈനിക ഗവേഷണത്തിനും വികസനത്തിനും വേണ്ടിയാണ് കൂടുതൽ തുകയും യുഎസ് ചെലവഴിക്കുന്നതെന്നു ഗവേഷക അലക്സാണ്ട്ര മാർക്ക്സ്റ്റീനർ പറയുന്നു. രണ്ടാമത് ചൈന–293 ബില്യൺ ഡോളർ. നടപ്പു സാമ്പത്തികവർഷത്തിൽ പ്രതിരോധ ബജറ്റ്  230 ബില്യൻ യുഎസ് ഡോളറായി (ഏകദേശം 17. 57 ലക്ഷം കോടി രൂപ) യായി ചൈന ഉയർത്തിയിരുന്നു. 

2011 മുതൽ 2014 വരെ താരതമ്യേനേ കുറഞ്ഞ തുകയാണു സൈനിക ആവശ്യങ്ങൾക്കായി ലോക രാജ്യങ്ങൾ ചെലവിട്ടത്. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തതിനു പിന്നാലെയാണ് യുറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈനിക ശേഷി വർധിപ്പിക്കുന്നതിനായി കൂടുതൽ പണം ചെലവഴിക്കാൻ തീരുമാനിച്ചതെന്നു സിപ്രി മിലിറ്ററി എക്‌സെപെൻഡിചർ ആൻഡ് ആംസ് പ്രൊഡക്ഷൻ പ്രോഗാം ഡയറക്ടർ ലൂസി ബെറൗഡ്-സുദ്രോ പറയുന്നു. യുക്രെയ്‍ൻ യുദ്ധത്തോടെ ആഗോള സൈനിക ചെലവ് ഇനിയും ഉയരാനാണു സാധ്യതയെന്നും സുദ്രോ പറയുന്നു.  

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനു പിന്നാലെ ജർമനി അവരുടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കിയാക്കിയിരുന്നു. യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വീഡൻ മുതൽ സ്പെയിൻ വരെയുള്ള യൂറോപ്യൻ രാജ്യങ്ങൾ  പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്താനാണു സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. റഷ്യൻ സേനയുടെ പല വെല്ലുവിളികളും ലോജിസ്റ്റിക്‌സ്, ഇന്ധനം, ടയറുകൾ, സുരക്ഷിത ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതിനാൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിനെക്കാൾ സാങ്കേതിക വിദ്യ പുതുക്കുന്നതിനും വിപുലീകരിക്കുന്നതിനുമാണ് യുറോപ്യൻ രാജ്യങ്ങൾ മുൻഗണന നൽകുന്നതെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

റഷ്യ യുക്രെയ്ൻ ആക്രമിച്ചതോടെ റഷ്യയുമായി 1300 കിലോമീറ്റർ അതിരുപങ്കിടുന്ന രാജ്യമായ ഫിൻലൻഡ് യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയിൽ ചേരുന്നതിനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നു. റഷ്യൻ മുന്നറിയിപ്പുകൾ തള്ളികൊണ്ട് മറ്റൊരു അതിർത്തി രാജ്യമായ സ്വീഡനും നാറ്റോയിൽ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നു. യുക്രെയ്നിൽ റഷ്യൻ ആക്രമണം അതി തീവ്രമായ സാഹചര്യത്തിൽ രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നു സ്വീഡിഷ് പ്രധാനമന്ത്രി  മഗ്ദലീന ആൻഡേഴ്‌സൻ വ്യക്തമാക്കി. 2021 ഒക്ടോബർ മുതൽ 2025 വരെയുള്ള പ്രതിരോധ ചെലവ്  സ്വീഡൻ 40 ശതമാനം വർധിപ്പിച്ചു.

English Summary: World Military Expenditure Crosses $2 Trillion, India Among Top 3 Spenders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com