ADVERTISEMENT

തിരുവനന്തപുരം ∙ ആദിവാസി വീട്ടമ്മയുടെ റേഷൻ ധാന്യങ്ങൾ തട്ടിയെടുത്ത കേസിൽ ഉദ്യോഗസ്ഥരെയും റേഷൻ കട ഉടമയെയും സംരക്ഷിക്കുന്ന എൽഡിഎഫ് സർക്കാരിലെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നിലപാട് വിവാദത്തിൽ. പരാതിക്കാരിയായ വീട്ടമ്മയ്ക്കു നീതി നൽകാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല,  ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ നിർദേശിച്ചപ്പോൾ അതിനെ ഭക്ഷ്യപൊതുവിതരണ വകുപ്പ് എതിർക്കുകയും ചെയ്തതാണു വിവാദത്തിന് ഇടയാക്കിയത്. പാലക്കാട് മലമ്പുഴയിൽ ആദിവാസി കുടുംബത്തിന് റേഷൻ പൂർണമായി നൽകാതെ കട ഉടമ തട്ടിയെടുത്ത കേസ് ഒതുക്കിത്തീർത്ത സംഭവത്തിലാണു സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ഭക്ഷ്യപൊതുവിതരണ വകുപ്പിനോടു നടപടി ആവശ്യപ്പെട്ടത്. കൃത്രിമ രേഖകൾ നിരത്തി റേഷൻ കട ലൈസൻസിക്ക് അനുകൂലമായി ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകുകയും ആദിവാസി വീട്ടമ്മ തെറ്റുകാരിയെന്നു വരുത്തിത്തീർക്കുകയും ചെയ്തതോടെ കമ്മിഷൻ നടപടിക്കു നിർദേശം നൽകുകയായിരുന്നു.

അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ 2018 ഫെബ്രുവരിയിൽ മോഷണക്കുറ്റം ആരോപിച്ചു ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് കേരള മനസ്സാക്ഷിയാകെ ഞെട്ടിച്ച സംഭവമാണ്. ഈ കേസിലെ നിയമപോരാട്ടങ്ങൾ തളർത്താൻ പ്രോസിക്യൂട്ടർ നിയമനം ഉൾപ്പെടെ ഉള്ളവയിൽ സർക്കാർ സ്വീകരിച്ച നടപടികൾ ജനകീയ, രാഷ്ട്രീയ വിചാരണയ്ക്കു വിധേയമായി കഴിഞ്ഞു. അതേ, കേരളത്തിൽ തന്നെയാണ് ഒരു ആദിവാസി വീട്ടമ്മയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുത്ത ഉദ്യോഗസ്ഥർ ഇപ്പോഴും രാഷ്ട്രീയമായി സംരക്ഷിക്കപ്പെടുന്ന കേസ് ചർച്ചയാവുന്നത്. അർഹമായ റേഷൻ ഭക്ഷ്യധാന്യം തട്ടിയെടുത്തു എന്നു മാത്രമല്ല, പരാതിക്കാരിയായ ആദിവാസി വീട്ടമ്മയെ പ്രതിയായി ചിത്രീകരിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥ സംവിധാനം കൂട്ടുനിന്നതിന്റെ തെളിവുകളും പുറത്തുവന്നു. 

നൽകേണ്ടതു സൗജന്യ അരി; പക്ഷേ വിലയിടും

ആദിവാസി വിഭാഗങ്ങൾ പട്ടിണി കിടക്കാതിരിക്കാൻ വേണ്ടിയാണ് അവർക്കു സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകാൻ പൊതുവിതരണ സമ്പ്രദായം വഴി കേന്ദ്ര– സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തു രണ്ടു തരം മുൻഗണനാ വിഭാഗം റേഷൻ കാർഡുകളാണ് ഉള്ളത്. അന്ത്യോദയ അന്നയോജന (എഎവൈ) അഥവാ മഞ്ഞ നിറത്തിലുള്ള കാർ‍ഡും പ്രയോറിറ്റി ഹൗസ് ഹോൾഡ്സ് (പിഎച്ച്എച്ച്) എന്ന പിങ്ക് നിറത്തിലുള്ള കാർഡും. ഇതിൽ ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ  5.9 ലക്ഷം പേർക്കാണു മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡുകൾ വിതരണം ചെയ്തിട്ടുള്ളത്. ഓരോ കാർഡിനും 30 കിലോ അരി, നാലു കിലോ ഗോതമ്പ് എന്നിവ സൗജന്യമായും ഒരു പാക്കറ്റ് ആട്ട (ഗോതമ്പ് മാവ്) 6 രൂപയ്ക്കും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കൂടാതെ കേന്ദ്ര സർക്കാരിന്റെ കോവിഡ് കാലത്തെ സഹായമായി പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്ന പദ്ധതി പ്രകാരം 4 കിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടു വർഷത്തോളമായി സൗജന്യമായി നൽകുന്നുണ്ട്. 

kollam-ration-card

പാലക്കാട് മലമ്പുഴയിൽ ലജിത എന്ന വീട്ടമ്മ നൽകിയ മൊഴി പ്രകാരം കമ്മിഷൻ സ്വമേധയാ എടുത്ത കേസും അതിലെ വിധിന്യായവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. റേഷൻ കടയിൽ നിന്ന് അരിയും ഗോതമ്പും ഉൾപ്പെടെ 34 കിലോ സൗജന്യമായി നൽകേണ്ടതിനു പകരം 20 കിലോയിൽ കുറവാണു നൽകുന്നത് എന്നാണു മൊഴി. കൂടുതൽ ചോദിച്ചപ്പോൾ 10 കിലോ അരി 22 രൂപ വിലയ്ക്കു നൽകിയതായും ഇവർ അറിയിച്ചു. സ്ഥലത്തെ ജനപ്രതിനിധികളും ഇതിനെ അനുകൂലിച്ചു. തുടർന്നു കമ്മിഷൻ ജില്ലാ സപ്ലൈ ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. താലൂക്ക് സപ്ലൈ ഓഫിസറും രണ്ടു റേഷനിങ് ഇൻസ്പെക്ടർമാരും ചേർന്ന് അന്വേഷിച്ചെങ്കിലും ജനപ്രതിനിധികളുടെ മൊഴിയെടുത്തില്ല. പരാതിക്കാരിയുടെ ഭാഗത്താണു തെറ്റെന്നു വരുത്താൻ രേഖകൾ കെട്ടിച്ചമച്ചതായും ലൈസൻസിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതായും കമ്മിഷനു ബോധ്യപ്പെട്ടു. വീഴ്ച ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസർമാർ കമ്മിഷനു മുൻപാകെ സമ്മതിക്കുകയും ചെയ്തു.

കേസ് വിചാരണയ്ക്കൊടുവിൽ, പാലക്കാട് താലൂക്ക് സപ്ലൈ ഓഫിസർ പി.സുരേഷ്, റേഷനിങ് ഇൻസ്പെക്ടർ കെ.ആണ്ടവൻ, റേഷൻ കട ലൈസൻസി ഷാജി ജോസഫ് എന്നിവർക്ക് എതിരെ നടപടി സ്വീകരിക്കാൻ വകുപ്പിനോട് കഴിഞ്ഞ വർഷം നവംബറിൽ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ അധ്യക്ഷൻ കെ.വി.മോഹൻകുമാർ, അംഗങ്ങളായ അഡ്വ.പി.വസന്തം, കെ.ദിലീപ്കുമാർ, വി.രമേശൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഇതിനായി 2 മാസവും അനുവദിച്ചു. എന്നാൽ, സിവിൽ സപ്ലൈസ് കമ്മിഷണർ നടപടി എടുത്തില്ല. കമ്മിഷന് ഇങ്ങനെ നിർദേശിക്കാൻ അധികാരം ഉണ്ടോ എന്നു വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ കമ്മിഷണർ ദൂതൻ വഴി കമ്മിഷനെ അറിയിച്ചു. ഇതോടെ, കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം രൂപീകരിച്ച അർധ ജുഡീഷ്യറി സമിതിയാണു കമ്മിഷൻ എന്നും നടപടി സ്വീകരിച്ച റിപ്പോർട്ട് അറിയിക്കാനും വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണു കമ്മിഷൻ. 

അരി ഉണക്കുന്നതു കണ്ട അന്വേഷണം കേസായ കഥ

2021 ഫെബ്രുവരി നാലിന് പാലക്കാട് ജില്ലയിലെ മലമ്പുഴ ആനക്കല്ല് ആദിവാസി കോളനി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചപ്പോൾ ഒരു പാവപ്പെട്ട കുടുംബത്തിന്റെ  വീടിനു മുന്നിൽ അരി ഉണക്കാൻ വച്ചിരിക്കുന്നതു കണ്ടതാണു കേസിന്റെ തുടക്കം. കമ്മിഷനിലെ വനിതാ അംഗങ്ങൾ വീടിനുള്ളിൽ ചെന്ന് വീട്ടമ്മയായ ലജിതയോടു കാര്യങ്ങൾ അന്വേഷിച്ചു. എഎവൈ റേഷൻ കാർഡ് പ്രകാരം 18 കിലോ അരിയേ കിട്ടാറുള്ളുവെന്നും 2021 ജനുവരിയിൽ അരി തികയാതെ വന്നപ്പോൾ കൂടുതൽ ചോദിച്ചപ്പോൾ 22 രൂപ നിരക്കിൽ 10 കിലോ അരി റേഷൻ കടക്കാരൻ നൽകിയതായും ഇവർ കമ്മിഷൻ അംഗങ്ങളോടു വെളിപ്പെടുത്തി. തനിക്കു 30 കിലോ അരി സൗജന്യമായി ലഭിക്കാൻ അർഹത ഉണ്ടെന്നു പോലും ഈ വീട്ടമ്മയ്ക്ക് അറിയില്ലായിരുന്നു. അവരുടെ മൊഴി പ്രകാരം കമ്മിഷൻ സ്വമേധയാ കേസെടുത്തു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭക്ഷ്യ ഭദ്രത നിയമപ്രകാരം ഓരോ സംസ്ഥാനത്തും രൂപീകരിച്ചിട്ടുള്ള കമ്മിഷന് പൊതുവിതരണ ശൃംഖലയിലെ ഭക്ഷ്യധാന്യ വിതരണത്തിലെ ക്രമക്കേടുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ വിപുലമായ അധികാരങ്ങളാണ് ഉള്ളത്. മലമ്പുഴയിലെ സംഭവത്തിൽ വീട്ടമ്മയുടെ അറിവില്ലായ്മയെ ചൂഷണം ചെയ്താണു ലൈസൻസി അവർക്കു സൗജന്യമായി നൽകാനുള്ള അരി വിൽപന നടത്തിയതെന്നു കമ്മിഷൻ കണ്ടെത്തി. 

കർഷകർ രണ്ടാം വിളയിൽ ഉൽപാദിപ്പിച്ച നെല്ല് സപ്ലൈകോയ്ക്കു നൽകാനായി ചാക്കിലാക്കി സൂക്ഷിച്ചിരിക്കുന്നു.
കർഷകർ രണ്ടാം വിളയിൽ ഉൽപാദിപ്പിച്ച നെല്ല് സപ്ലൈകോയ്ക്കു നൽകാനായി ചാക്കിലാക്കി സൂക്ഷിച്ചിരിക്കുന്നു.

വിധിന്യായം കഥ പറയുന്നു

തുടർന്നു കഴിഞ്ഞ വർഷം നവംബറിൽ കമ്മിഷൻ പുറപ്പെടുവിച്ച വിധിന്യായം സംഭവത്തിന്റെ യാഥാർഥ്യത്തിലേക്കും കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ നടത്തിയ തുടർച്ചയായ ശ്രമങ്ങളിലേക്കും വെളിച്ചം വീശുന്നു. ആദിവാസികൾ പോലെ സമൂഹത്തിന്റ മുഖ്യധാരയിൽ നിന്ന് അകന്നു കഴിയുന്നവർക്കു സർക്കാരിന്റെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ എപ്രകാരം നിഷേധിക്കപ്പെടുന്നുവെന്നും തെറ്റു കണ്ടെത്തുമ്പോൾ പോലും അതിനെ  വളച്ചൊടിക്കാൻ ഉദ്യോഗസ്ഥ സംവിധാനം നടത്തുന്ന വഴിവിട്ട നീക്കങ്ങളും വ്യക്തമാക്കുന്നതാണ് ഈ വിധിന്യായം. 

ലജിതയുടെ സംഭവത്തിലേക്കു വരാം: 2021 ഫെബ്രുവരി നാലിനു കമ്മിഷൻ കോളനി സന്ദർശിച്ച വേളയിൽ, ഭക്ഷ്യപൊതുവിതരണ വകുപ്പിലെ പാലക്കാട് ജില്ലയിലെ ഉദ്യോഗസ്ഥരായ ജില്ലാ സപ്ലൈ ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണു വീട്ടമ്മ ലജിത തനിക്കു നേരിട്ട ദുരനുഭവം സംബന്ധിച്ചു മൊഴി നൽകിയത്. റേഷനിങ് ഇൻസ്പെക്ടർ കെ.ആണ്ടവനാണു മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ അന്നു തന്നെ ജില്ലാ സപ്ലൈ ഓഫിസറെ കമ്മിഷൻ ചുമതലപ്പെടുത്തി. തുടർന്നു കാര്യങ്ങൾ മുറ പോലെ നടന്നു. ജില്ലാ സപ്ലൈ ഓഫിസർ താലൂക്ക് സപ്ലൈ ഓഫിസറോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. താലൂക്ക് സപ്ലൈ ഓഫിസർ രണ്ടു റേഷനിങ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി. താലൂക്ക് സപ്ലൈ ഓഫിസർ ഫെബ്രുവരി 23നാണു ജില്ലാ സപ്ലൈ ഓഫിസർക്കു റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, അവർ നടത്തിയ അന്വേഷണം ഫലപ്രദമായിരുന്നില്ല. ലൈസൻസിയെ കുറ്റവിമുക്തനാക്കാനുള്ള വ്യഗ്രത ആ റിപ്പോർട്ടിൽ പ്രകടമായിരുന്നു. 

റിപ്പോർട്ടിലെ വളച്ചൊടിക്കലിന്റെ കഥ 

എഎവൈ കാർഡ് പ്രകാരം അർഹതപ്പെട്ട 30 കിലോ അരി നൽകിയിട്ടില്ല എന്നു മാത്രമല്ല, അതിൽ 10 കിലോ അരി കിലോഗ്രാമിന് 22 രൂപ നിരക്കിൽ എഎവൈ കാർഡ് ഉടമയ്ക്കു വിൽക്കുകയും ചെയ്തു എന്ന പരാതി അതീവ ഗൗരവരകരമായിരുന്നു. (വിചാരണയ്ക്കു ശേഷം താലൂക്ക് സപ്ലൈ ഓഫിസർ 2021 സെപ്റ്റംബർ 29നു നൽകിയ റിപ്പോർട്ടിനൊപ്പമുള്ള മൊഴിയിലും റേഷൻ കട ലൈസൻസി തങ്ങൾക്ക് അർഹമായ അരി വിൽപന നടത്തിയ കാര്യം പരാതിക്കാരി ഉന്നയിക്കുന്നുണ്ട്). ലജിതയുടെ മൊഴി വസ്തുതാവിരുദ്ധമാണെന്നു സ്ഥാപിക്കാനും ലൈസൻസിയുടെ പ്രവൃത്തിയെ സാധൂകരിക്കാനും അവിഹിതവും ക്രമരഹരിതവുമായ പ്രവൃത്തികൾ താലൂക്ക് സപ്ലൈ ഓഫിസർ പി.സുരേഷിന്റെ നേതൃത്വത്തിൽ ഫർക്കാ റേഷനിങ് ഇൻസ്പെക്ടർ കെ.ആണ്ടവൻ ചെയ്തതായി കമ്മിഷൻ കണ്ടെത്തി. 

Ration-rice

∙ വളച്ചൊടിക്കൽ അധ്യായം ഒന്ന്: അതേ റേഷൻ കടയിലെ ഏഴ് കാർഡ് ഉടമകളുടെ മൊഴിയായി രേഖപ്പെടുത്തിയത് റേഷൻ കാർഡ് പരിശോധനാ ഫോറത്തിൽ കാർഡ് ഉടമകൾ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ അളവുകൾ മാത്രമാണ്. അതായത് കടയിലെ മറ്റു റേഷൻ കാർഡ് ഉടമകളെ നേരിൽ കണ്ടു മൊഴി രേഖപ്പെടുത്താതെ അവരുടെ പേരിൽ ധാന്യം നൽകിയതിന്റെ കണക്കുകൾ രേഖകൾ പരിശോധിച്ച് റിപ്പോർട്ടിൽ എഴുതിച്ചേർത്തു. ( ഇവരുടെ മൊഴിയിൽ പേരും മറ്റും രേഖപ്പെടുത്തിയത് ഒരേ കയ്യക്ഷരത്തിലാണ് എന്നു കമ്മിഷന്റെ പരിശോധനയിൽ കണ്ടെത്തി). 

∙ വളച്ചൊടിക്കൽ അധ്യായം രണ്ട്:  റേഷനിങ് ഇൻസ്പെക്ടർ തന്നെ ആരോപണവിധേയനായ ലൈസൻസിയെ ചുമതലപ്പെടുത്തി വാർഡ് മെംബറുടെ സത്യവാങ്മൂലം എഴുതി ഒപ്പിടിച്ചു വാങ്ങിച്ച് ഓഫിസിൽ എത്തിച്ച് റിപ്പോർട്ടിനൊപ്പം ഉൾക്കൊള്ളിച്ചു എന്ന ഞെട്ടിക്കുന്ന കാര്യവും കമ്മിഷന്റെ വിചാരണയിൽ വെളിപ്പെട്ടു. സമീപത്തെ ഹരിജൻ സൊസൈറ്റിയുടെ ത്രാസിൽ തൂക്കി നോക്കിയപ്പോഴാണു തനിക്കു റേഷൻ കടയിൽ നിന്നു നൽകിയ അരിയുടെ തൂക്കം 18 കിലോ മാത്രമാണെന്നു കണ്ടെത്തിയതെന്നു പരാതിക്കാരിയായ വീട്ടമ്മ കമ്മിഷനു മൊഴി നൽകിയിരുന്നു. ഇതു ഖണ്ഡിക്കാനാണ് മലമ്പുഴ പഞ്ചായത്തിലെ രണ്ടാം വാർഡ് മെംബറുടെ സത്യവാങ്മൂലം റിപ്പോർട്ടിൽ റേഷനിങ് ഇൻസ്പെക്ടർ ഉൾപ്പെടുത്തിയത്. വാർഡിൽ അത്തരമൊരു ഹരിജൻ സൊസൈറ്റിയോ ലീഗൽ മെട്രോളജി അംഗീകരിച്ച ത്രാസോ നിലവിൽ ഇല്ലെന്നാണു മെംബറുടെ സത്യവാങ്മൂലം. സൊസൈറ്റി തന്നെ 16 വർഷമായി പ്രവർത്തിക്കുന്നില്ലെന്നും റബർ ഷീറ്റുകൾ തൂക്കുന്ന ത്രാസ് വർഷങ്ങളായി ഉപയോഗശൂന്യമാണെന്നും സത്യവാങ്മൂലം പറയുന്നു. എന്നാൽ, റേഷൻ കട ലൈസൻസിയാണ് മെംബർ ഒപ്പിട്ട സത്യവാങ്മൂലം തനിക്ക് എത്തിച്ചു നൽകിയതെന്നു പിന്നീട് കമ്മിഷൻ മുൻപാകെ താലൂക്ക് സപ്ലൈ ഓഫിസർ വെളിപ്പെടുത്തി. താൻ തന്നെയാണ് സത്യവാങ്മൂലം എത്തിച്ചു നൽകിയതെന്ന കാര്യം റേഷൻ കട ഉടമയും കമ്മിഷനോടു വിചാരണവേളയിൽ സമ്മതിച്ചു. 

മുടങ്ങാതിരിക്കാൻ...  സൗജന്യ റേഷൻ വിതരണത്തിനുള്ള അരി പത്തനംതിട്ട നഗരത്തിലെ കടയിൽ ഇറക്കുന്നു. സ്റ്റോക്ക് തീർന്നതിനാൽ പല കടകളിലും 3 മണിക്കൂർ വരെ വിതരണത്തിനു തടസ്സം അനുഭവപ്പെട്ടു.
Image is only for Representative Purpose

∙ അധ്യായം മൂന്ന്: പരാതിയുമായി ബന്ധപ്പെട്ടു പിന്നീടു ഒരു വിവരവും പരാതിക്കാരിയോട് അന്വേഷിച്ചിരുന്നില്ല. എന്നാൽ, അങ്ങനെ ചോദിച്ചു എന്ന പേരിൽ മറ്റൊരു റിപ്പോർട്ട് തയാറാക്കി. സാക്ഷികളായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മെംബർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയില്ല. പരാതി രാഷ്ട്രീയപ്രേരിതമെന്നു സ്ഥാപിക്കാനും ശ്രമം നടത്തി. 

∙ അധ്യായം നാല്: കമ്മിഷൻ മുൻപാകെ ഹാജരാകുകയും മേൽപറഞ്ഞ വീഴ്ചകൾ സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്ത ശേഷം വീണ്ടും ലൈസൻസിയെ രക്ഷിക്കാനും പരാതി വസ്തുതാവിരുദ്ധമാണെന്നു സ്ഥാപിക്കാനും താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ രണ്ട് റേഷനിങ് ഇൻസ്പെക്ടർമാർ പരാതിക്കാരെ നേരിൽ കണ്ടു. തുടർന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും കമ്മിഷൻ മുൻപാകെ നൽകിയ ഇവരുടെ മൊഴി വസ്തുതാവിരുദ്ധമാണെന്നു സ്ഥാപിക്കാൻ ശ്രമം നടത്തുകയും ബോധപൂർവം ഹർജിക്കാരി മാറ്റിപ്പറഞ്ഞതായ മൊഴി ചമയ്ക്കുകയും ചെയ്തു. അതിന്റെ നടപടികൾ ഏറെ വിചിത്രമാണ്. 2021 സെപ്റ്റംബറിൽ കമ്മിഷന് താലൂക്ക് സപ്ലൈ ഓഫിസർ തയാറാക്കി ജില്ലാ സപ്ലൈ ഓഫിസർ വഴി രണ്ടാമതൊരു റിപ്പോർട്ട് ലഭിച്ചു. ഇതിൽ പരാതിക്കാരി അരിയുടെ തൂക്കം നോക്കിയതു ബന്ധുവിന്റെ പെട്ടി ത്രാസിലാണെന്നും അതു രണ്ടു മൂന്നു വർഷം മുൻപാണെന്നും പറയുന്ന മൊഴിയാണ് ഉള്ളത്. ഇതു യഥാർഥ മൊഴി അല്ലെന്നും മനപൂർവം ഉദ്യോഗസ്ഥർ ചെയ്തതാണെന്നും കമ്മിഷൻ പിന്നീടു കണ്ടെത്തി. 

∙ അധ്യായം അഞ്ച്: കമ്മിഷൻ അംഗങ്ങളുടെ സന്ദർശനവേളയിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നതായും എന്നാൽ താലൂക്ക് സപ്ലൈ ഓഫിസർ റിപ്പോർട്ട് നൽകിയ സമയത്ത് അതു പരിശോധിക്കുകയോ അതിലെ പാകപ്പിഴകൾ ശ്രദ്ധിക്കാതെയോ ആണ് താൻ റിപ്പോ‍ർട്ട് കമ്മിഷനിലേക്ക് അയച്ചതെന്നും തന്റെ വീഴ്ച മാപ്പാക്കണമെന്നും ജില്ലാ സപ്ലൈ ഓഫിസർ കമ്മിഷൻ മുൻപാകെ അറിയിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മിഷനുള്ള റിപ്പോർട്ട് അയച്ചത് ഭക്ഷ്യ സുരക്ഷാ കമ്മിഷൻ എന്നു തെറ്റായി രേഖപ്പെടുത്തിയാണെന്നും റിപ്പോർട്ട് കമ്മിഷൻ ചെയർമാന്റെ പേരിൽ നേരിട്ട് അയച്ചത് വീഴ്ച പറ്റിയതാണെന്നും ബോധിപ്പിച്ച് ജില്ലാ സപ്ലൈ ഓഫിസർ ഖേദവും പ്രകടിപ്പിച്ചു. 

∙ അധ്യായം ആറ്: കേസ് അന്വേഷണവേളയിൽ സാക്ഷികളായ പഞ്ചായത്ത് പ്രസിഡന്റ്, മെംബർ എന്നിവരുടെ മൊഴി രേഖപ്പെടുത്താതിരിക്കുകയും എന്നാൽ കമ്മിഷൻ വിചാരണയ്ക്കു ശേഷം പരാതിക്കാരിയുടെ മൊഴി വസ്തുതാവിരുദ്ധമാണെന്നു സ്ഥാപിക്കുന്ന രീതിയിൽ അവരുടെ മൊഴി ചമയ്ക്കുകയും ചെയ്തു. 

പയ്യന്നൂർ എഫ്സിഐ ഗോഡൗണിൽ നിന്നു റേഷൻ അരിയുമായി പോകുന്ന ലോറി.
Image is only for Representative Purpose

ജില്ലാ സപ്ലൈ ഓഫിസർ, പറളി റേഷനിങ് ഇൻസ്പെക്ടർ ജി.ശിവരാമകൃഷ്ണൻ എന്നിവർക്ക് ഈ വിഷയത്തിൽ സ്ഥാപിത താൽപര്യങ്ങളോ നേരിട്ടു ബന്ധമോ ഇല്ലെന്നു കമ്മിഷനു ബോധ്യമായി. എന്നാൽ, ജില്ലാ സപ്ലൈ ഓഫിസറുടെ ഭാഗത്തു നിന്ന് അന്വേഷണ റിപ്പോർട്ടിലെ നിജസ്ഥിതി പരിശോധിക്കുന്ന കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായതായി വ്യക്തമായി. അതേസമയം, താലൂക്ക് സപ്ലൈ ഓഫിസർ പി.സുരേഷ്, റേഷനിങ് ഇൻസ്പെക്ടർ കെ.ആണ്ടവൻ എന്നിവർ ബോധപൂർവം വീട്ടമ്മയുടെ പരാതി തെറ്റാണെന്നു സ്ഥാപിക്കാനും ലൈസൻസിയെ രക്ഷിക്കാനും അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചട്ടവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതായി അവർ കമ്മിഷനു നൽകിയ മൊഴിയിൽ നിന്നു തന്നെ വ്യക്തമായതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. 

ഭക്ഷ്യഭദ്രതാ പരിപാടികൾ ദുർബലാ വിഭാഗങ്ങളിൽ ഉൾപ്പെട്ട ജനങ്ങൾക്കു ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ നിയമപരമായി അധികാരപ്പെടുത്തിയ സംസ്ഥാന ഭക്ഷ്യ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കുന്നതിനും കമ്മിഷൻ സ്വീകരിച്ച നിയമപ്രകാരമുള്ള നടപടികൾ തടസ്സപ്പെടുത്തുന്നതിനും ഇവർ രണ്ടു പേരും ബോധപൂർവം പരിശ്രമിച്ചതായി കമ്മിഷനു ബോധ്യമായി. തുടർന്നാണു താലൂക്ക് സപ്ലൈ ഓഫിസർ പി.സുരേഷ്, റേഷനിങ് ഇൻസ്പെക്ടർ കെ.ആണ്ടവൻ എന്നിവർക്ക് എതിരെ കർശനമായ വകുപ്പുതല ശിക്ഷണ നടപടികൾ സ്വീകരിക്കാനും ആരോപണവിധേയനായ റേഷൻ കട ലൈസൻസിക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കാനും സിവിൽ സപ്ലൈസ് കമ്മിഷണറോട് കമ്മിഷൻ നിർദേശിച്ചത്. ഇനിയും നടപടി എടുത്തിട്ടില്ല. ഉദ്യോഗസ്ഥർ ഭരണകക്ഷി അനുകൂല സംഘടനയിലെയും റേഷൻ കട ലൈസൻസി ഭക്ഷ്യപൊതുവിതരണ വകുപ്പ് ഭരിക്കുന്ന പാർട്ടിയോട് അനുഭാവമുള്ള റേഷൻ ലൈസൻസികളുടെ സംഘടനയിലെയും അംഗങ്ങളാണെന്ന ആരോപണങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. ഏതായാലും ആദിവാസി വീട്ടമ്മയ്ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. ഇനി കേസ് മേയിൽ പരിഗണിക്കുമ്പോൾ അനന്തരഫലം അറിയാം.

English Summary: Fraudulence in Ration Distribution for Palakkad Adivasi Family: An Unusual Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com