ADVERTISEMENT

ന്യൂയോർക്ക്∙ ഇലോൺ മസ്ക് ഏറ്റെടുത്ത് 12 മാസത്തിനുള്ളിൽ സിഇഒ പരാഗ് അഗ്രവാളിനെ മാറ്റുകയാണെങ്കിൽ പരാഗിനു കിട്ടുക 42 മില്യൺ യുഎസ് ഡോളർ (321 കോടി രൂപ). നഷ്ടപരിഹാരം എങ്ങനെ വേണമെന്നു തീരുമാനിക്കാൻ സഹായിക്കുന്ന ഗവേഷക കമ്പനിയായ ഇക്വിലാർ ആണ് ഈ വിലയിരുത്തൽ നടത്തിയത്. അഗ്രവാളിന്റെ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയാണ് ഇക്വിലാറിന്റെ നിഗമനം.

ട്വിറ്ററിന്റെ മാനേജ്മെന്റിനെ വിശ്വാസമില്ലെന്ന് മസ്ക് ഏപ്രിൽ 14ന് വ്യക്തമാക്കിയിരുന്നു. 3.67 ലക്ഷം കോടി രൂപയ്ക്കാണ് മസ്ക് ട്വിറ്റർ വാങ്ങിയത്. 2013 മുതൽ പൊതു കമ്പനിയായി പ്രവർത്തിച്ചിരുന്ന ട്വിറ്റർ ഇതോടെ സ്വകാര്യ കമ്പനിയായി മാറും. അതേസമയം, ഇക്വിലാറിന്റെ വിലയിടലിനോടു പ്രതികരിക്കാൻ ട്വിറ്റർ വക്താവ് വിസമ്മതിച്ചു.

ഭാവി അനിശ്ചിതത്വത്തിൽ: അഗ്രവാൾ

മസ്കിന്റെ കീഴിലുള്ള ട്വിറ്ററിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ. തിങ്കളാഴ്ച ജീവനക്കാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടപാട് പൂർത്തിയായാൽ ഈ സമൂഹമാധ്യമത്തിന്റെ പോക്ക് ഏതു ദിശയിലേക്കാണെന്നു അറിയില്ലെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, ട്വിറ്റർ ജീവനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാനായി പിന്നീടൊരു ദിവസം മസ്ക് എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ട്വിറ്റർ ലക്ഷ്യമിട്ട് മസ്ക് – നാൾവഴി

ജനുവരി 31 – മാർച്ച് 14: ട്വിറ്ററിന്റെ വിവിധ ഓഹരികൾ മസ്ക് വാങ്ങി. ഓഹരി 5 ശതമാനത്തിലും അധികമാണെങ്കിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനെയും (എസ്ഇസി) പൊതുജനങ്ങളെയും ഇക്കാര്യം അറിയിക്കണം. എന്നാൽ 10 ദിവസം വൈകിപ്പിച്ചാണ് എസ്ഇസിയെ മസ്ക് ഇക്കാര്യം അറിയിച്ചത്. മസ്കിന്റെ ഓഹരി വാങ്ങലിനെക്കുറിച്ച് വാർത്ത വന്നയുടനെ ഓഹരികളുടെ വില വർധിച്ചു.

മാർച്ച് 24: ട്വിറ്ററിനെ ട്വിറ്ററിലൂടെ വിമർശിച്ച് മസ്ക് രംഗത്തെത്തി. അന്നും ട്വിറ്ററിലെ മസ്കിന്റെ ഓഹരിപങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ട്വിറ്ററിന്റെ അൽഗോരിതം ഓപ്പൺ സോഴ്സിൽ ആയിരിക്കണമെന്ന് അന്ന് മസ്ക് ട്വീറ്റ് ചെയ്തു.

മാർച്ച് 25: ‘ജനാധിപത്യത്തിന്റെ പ്രവർത്തനത്തിന് തുറന്ന സംവാദം ആവശ്യമാണ്. ട്വിറ്റർ ഇതിനോടു ചേർന്നുനിൽക്കുന്നുവെന്ന് തോന്നുന്നുണ്ടോ?’ – ട്വീറ്റ് ചെയ്ത പോളിൽ മസ്ക് ചോദിച്ചു.

മാർച്ച് 26: ‘പുതിയ പ്ലാറ്റ്ഫോം ആവശ്യമുണ്ടോ? ഇക്കാര്യത്തെക്കുറിച്ച് ഗൗരവമായി പരിശോധിക്കുകയാണ്’ – മസ്കിന്റെ ട്വീറ്റ്.

ഏപ്രിൽ 4: മസ്ക് ഓഹരികൾ വാങ്ങിയെന്ന വിവരം പുറത്തായി. ട്വീറ്റുകൾക്ക് എഡിറ്റ് ബട്ടൺ വേണോയെന്ന് മസ്ക് അന്നുതന്നെ തന്റെ ഫോളോവേഴ്സിനോട് ട്വീറ്റ് ചെയ്തു ചോദിച്ചു. പോളിൽ ശ്രദ്ധയോടെ വോട്ട് ചെയ്യണമെന്നും ഈ പോളിന്റെ ഫലം പ്രധാനപ്പെട്ടതായിരിക്കുമെന്നും ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ ഉപഭോക്താക്കളോട് നിർദേശിച്ചു. അന്നു വൈകുന്നേരം ട്വിറ്ററിന്റെ ബോർഡിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു.

ഏപ്രിൽ 5: മസ്ക് ട്വിറ്ററിന്റെ ആക്ടീവ് ഇൻവെസ്റ്ററായി.

ഏപ്രിൽ 9: ബോർഡ് അംഗമാകാനുള്ള ക്ഷണം മസ്ക് തള്ളിക്കളഞ്ഞു. മസ്ക് മനസ്സുമാറ്റിയേക്കുമെന്ന വിശ്വാസത്തിൽ ട്വിറ്റർ ഇക്കാര്യം പരസ്യമാക്കിയില്ല.

ഏപ്രിൽ 10: മസ്ക് ട്വിറ്ററിന്റെ ബോർഡ് അംഗമാകില്ലെന്ന വാർത്ത പുറത്തുവന്നു.

ഏപ്രിൽ 14: മസ്ക് ട്വിറ്ററിന് വിലയിട്ടു. ട്വിറ്ററിന് തള്ളിക്കളയാനാകാത്ത വിധം വലിയൊരു തുക (43 ബില്യൺ യുഎസ് ഡോളർ) മസ്ക് വാഗ്ദാനം ചെയ്തു.

ഏപ്രിൽ 15: മസ്കിന്റെ ഏറ്റെടുക്കൽ തടയാൻ ട്വിറ്റർ ‘പോയിസൺ പിൽ’ തന്ത്രം നടപ്പാക്കാൻ ഒരുങ്ങി.

ഏപ്രിൽ 21: മസ്ക് ഫണ്ടിങ്ങിലൂടെ 46.5 ബില്യൺ യുഎസ് ഡോളർ കണ്ടെത്തി.

ഏപ്രിൽ 24: മസ്കുമായി ട്വിറ്റർ ബോർഡ് ചർച്ച നടത്തി.

ഏപ്രിൽ 25: മസ്കിന്റെ ഓഫർ അംഗീകരിക്കാൻ ട്വിറ്റർ തീരുമാനിച്ചു. ഇതോടെ ട്വിറ്റർ സ്വകാര്യ കമ്പനിയായി മാറും.

English Summary: Twitter CEO To Get $42 Million If Sacked After Elon Musk Takeover: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com