പട്ന ∙ റെയിൽവേയിലെ മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാര (23) ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ലിതാരയുടെ ബന്ധുക്കൾ കോച്ച് രവി സിങിനെതിരെ പൊലീസിൽ പരാതി നൽകി. രവി സിങ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവർത്തകരോടും പരാതി പറഞ്ഞിരുന്നു. പട്ന രാജീവ്നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
വടകര വട്ടോളി കത്യപ്പൻചാലിൽ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര . പട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ആറു മാസമായി പട്ന ദാനാപുരിലെ ഡിആർഎം ഓഫിസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
കോഴിക്കോട്ടു നിന്നു വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്നു ഫ്ലാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോസ്റ്റ്മോർട്ടം നടത്തി. ബന്ധുക്കൾ എത്തിയ ശേഷമേ പോസ്റ്റ്മോർട്ടം നടത്താൻ പാടുള്ളുവെന്ന് അറിയിച്ചിരുന്നെങ്കിലും ലിതാരയുടെ അമ്മാവൻ രാജീവൻ എത്തിയപ്പോഴേക്കും പോസ്റ്റ്മോർട്ടം കഴിഞ്ഞു. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകുമെന്നു ബന്ധുക്കൾ അറിയിച്ചു.
English Summary: Basketball Player KC Lithara's Death: Complaint Against Coach