ADVERTISEMENT

സിംഗപ്പൂർ ∙ ലഹരിക്കടത്തു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ. മാതാവ് പാഞ്ചാലൈ സുപ്പർമണ്യത്തിന്റെ ഹർജി ചൊവ്വാഴ്ച തള്ളിയതിനു പിന്നാലെ ഇന്നു രാവിലെയാണു നാഗേന്ദ്രൻ കെ.ധർമലിംഗത്തിനെ (34) തൂക്കിലേറ്റിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന നാഗേന്ദ്രന്റെ വധശിക്ഷയ്ക്കെതിരെ കുടുംബവും മനുഷ്യാവകാശ സംഘടനകളും വലിയ പ്രതിഷേധത്തിലായിരുന്നു.

നാഗേന്ദ്രന്റെ മൃതദേഹം മലേഷ്യയിലെ ഇപൊ നഗരത്തിലേക്കു കൊണ്ടുപോകുമെന്നു സഹോദരൻ നവിൻ കുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സിംഗപ്പൂരിലേക്കു കടക്കുന്നതിനിടെ 42.72 ഗ്രാം ഹെറോയിനുമായി 2009ലാണു നാഗേന്ദ്രനെ വുഡ്‌ലാൻഡ്സ് ചെക്ക്പോയിന്റിൽ പിടികൂടിയത്. 15 ഗ്രാമിൽ കൂടുതൽ ലഹരിയുമായി പിടിയിലാകുന്നവരെ തൂക്കിലേറ്റണമെന്നാണു രാജ്യത്തെ നിയമം. 2010ൽ നാഗേന്ദ്രനെ കുറ്റവാളിയായി കോടതി കണ്ടെത്തി.

കഴിഞ്ഞവർഷം നവംബർ 10ന് തൂക്കിലേറ്റാനും ഉത്തരവിട്ടു. എന്നാൽ ഇതിനെതിരെ മാതാവ് ഹർജി നൽകിയതോടെയാണു വധശിക്ഷ നടപ്പാക്കുന്നതു നീട്ടിവച്ചത്. കഴിഞ്ഞ ദിവസം ഈ ഹർജിയും തള്ളിയതോടെ തൂക്കിലേറ്റാൻ കോടതി വിധിക്കുകയായിരുന്നു. 21–ാം വയസ്സിൽ അറസ്റ്റിലായ നാഗേന്ദ്രൻ 13 വർഷത്തോളമാണു ജയിലിൽ കഴിഞ്ഞത്. നാഗേന്ദ്രനു സിംഗപ്പൂർ ഹൈക്കോടതി വധശിക്ഷ വിധിച്ചതു രാജ്യാന്തര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭങ്ങളാണു രാജ്യത്ത് അരങ്ങേറിയത്.

Panchalai Supermaniam Nagaenthran K Dharmalingam Photo by Roslan RAHMAN AFP
നാഗേന്ദ്രൻ കെ.ധർമലിംഗത്തിന്റെ മാതാവ് പാഞ്ചാലൈ സൂപ്പർമണ്യം. Photo by Roslan RAHMAN / AFP

കാലിന്റെ തുടയിൽ കെട്ടിവച്ചാണു നാഗേന്ദ്രൻ ലഹരി കടത്തിയതെന്നാണു പൊലീസ് ഭാഷ്യം. നാഗേന്ദ്രൻ അറിഞ്ഞുകൊണ്ടു ചെയ്ത കുറ്റമല്ലെന്നാണു കുടുംബത്തിന്റെ നിലപാട്. എന്നാൽ, കുറ്റകൃത്യമാണെന്ന് അറിഞ്ഞുതന്നെയാണു നാഗേന്ദ്രൻ ലഹരിക്കടത്ത് നടത്തിയതെന്നായിരുന്നു കഴിഞ്ഞ നവംബറിൽ സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. നാഗേന്ദ്രൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന വാദവും അധികൃതർ തള്ളി. ഇദ്ദേഹത്തിനു ബുദ്ധിപരമായ പ്രശ്നങ്ങളില്ലെന്നു മനോരോഗ വിദഗ്ധൻ കണ്ടെത്തിയെന്നു സർക്കാർ വ്യക്തമാക്കി.

നാഗേന്ദ്രന്റെ വധശിക്ഷ നവംബർ 10ന് നടക്കുമെന്ന് അറിയിച്ച് കഴിഞ്ഞ ഒക്ടോബർ 26ന് സിംഗപ്പൂർ ജയിൽ വകുപ്പ് നാഗേന്ദ്രന്റെ അമ്മയ്ക്ക് അയച്ച കത്താണു സമരങ്ങൾക്കു തുടക്കമിട്ടത്. ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു പരിഗണിച്ചു വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നു മനുഷ്യാവകാശ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

യൂറോപ്യൻ യൂണിയൻ, ആംനെസ്റ്റി ഇന്റർനാഷനൽ, അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻസ് ഓഫ് ഡിവിഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ്, സിംഗപ്പൂർ ആന്റി–ഡെത്ത് പെനാൽറ്റി ക്യാംപെയ്ൻ, ട്രാൻസ്ഫർമേറ്റീവ് ജസ്റ്റിസ് കലക്ടീവ് തുടങ്ങിയവരും വിഷയത്തിൽ ഇടപെട്ടു. എന്നാൽ കർശനമായ നിയമവശം ചൂണ്ടിക്കാട്ടി, നാഗേന്ദ്രന്റെ വധശിക്ഷയിൽ ഇളവ് നൽകാൻ സർക്കാർ തയാറായില്ല.

English Summary: Singapore Executes Mentally Challenged Indian-Origin Man In Drugs Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com