ട്വിറ്റർ വാങ്ങി; മസ്കിന് ഇനി ‘കോള’ വാങ്ങണം, കൊക്കെയ്ൻ ചേർക്കണം!
Mail This Article
ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളിലൊന്നായ ട്വിറ്റർ സ്വന്തമാക്കി ദിവസങ്ങളേ ആയിട്ടുള്ളൂ. അപ്പോഴേക്കും അടുത്ത ‘ലക്ഷ്യം’ വ്യക്തമാക്കിക്കഴിഞ്ഞു ടെസ്‌ല സിഇഒയും ലോകകോടീശ്വരന്മാരിൽ ഒരാളുമായ ഇലോൺ മസ്ക്. കോക്കകോള കമ്പനിയിലാണ് മസ്ക് അടുത്തതായി നോട്ടമിട്ടിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം ട്വീറ്റും ചെയ്തു–‘അടുത്തതായി ഞാൻ വാങ്ങുന്നത് കോക്ക കോളയാണ്, അതിൽ വീണ്ടും കൊക്കെയ്ൻ ചേർക്കണം’. ഇതായിരുന്നു ട്വീറ്റ്.
എന്നാൽ ആ ട്വീറ്റ് ഒരു തമാശയാണോ അല്ലയോ എന്ന സംശയത്തിലാണിപ്പോൾ ടെക് ലോകം. കാരണം, അഞ്ചു വർഷം മുൻപാണ് ഒരു ട്വീറ്റിൽ മസ്‌ക് ചോദിച്ചത്–ട്വിറ്ററിന് എന്തു വിലയുണ്ടാകുമെന്ന്. അതന്നു പലരും തമാശയായി തള്ളുകയും ചെയ്തു. പക്ഷേ ഇപ്പോഴാകട്ടെ 4400 കോടി ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയിരിക്കുകയാണ് മസ്ക്. അതുപോലെ കോക്ക കോളയും വാങ്ങാനാണോ മസ്ക് ലക്ഷ്യമിടുന്നതെന്നാണ് ടെക് ലോകത്തിന്റെ ചോദ്യം. ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകം 25 ലക്ഷം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. റീട്വീറ്റും കമന്റുകളും ഓരോ സെക്കൻഡിലും കൂടുകയുമാണ്. ചിലർ കോക്ക കോളയുടെ പഴയ കുപ്പി വരെ മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോക്ക ചെടിയുടെ ഇലയാണ് കോക്ക കോളയുടെ പ്രധാന ചേരുവയിലൊന്ന്. ഒരു കാലത്ത് കോക്ക ഇലകളിൽനിന്ന് കൊക്കെയ്ൻ വേർതിരിച്ചെടുത്തിരുന്നു. കോക്ക കോള ഉൽപാദനം ആരംഭിച്ച കാലത്ത് യുഎസിൽ കൊക്കെയ്നു നിരോധനമുണ്ടായിരുന്നില്ല. മാത്രവുമല്ല ഔഷധഗുണമുണ്ടെന്നും പറഞ്ഞിരുന്നു. അതിനാൽത്തന്നെ വളരെ നേരിയ തോതിൽ കൊക്കെയ്ൻ കലർന്ന കോളയായിരുന്നു വിൽപനയ്ക്കെത്തിച്ചിരുന്നത്. എന്നാൽ ഈ ലഹരി വസ്തു അമേരിക്കയിൽ നിരോധിച്ചതോടെ കോക്ക കോളയിൽനിന്നും കൊക്കെയ്ൻ ഒഴിവാക്കപ്പെട്ടു. പണ്ടുകാലത്തെ ഈ ‘കൊക്കെയ്ൻ കോക്ക കോള’ തിരികെ കൊണ്ടു വരുമെന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. സംഗതി നിരോധിച്ചതായതിനാൽത്തന്നെ മസ്കിന്റെ പദ്ധതി നടക്കില്ലെന്നത് ഉറപ്പ്. മാത്രവുമല്ല, കോക്ക കോള കമ്പനി വാങ്ങാനുള്ള കാശൊന്നും മസ്കിന്റെ കയ്യിലില്ലെന്നും സാമ്പത്തിക വിദഗ്ധർ ട്വീറ്റ് ചെയ്യുന്നു.
നേരത്തേ മക്‌ഡൊണാൾഡ്സ്, ഫെയ്സ്ബുക് എന്നിവയും വാങ്ങുമെന്ന തരത്തിൽ മസ്‌ക്കിന്റെ ട്വീറ്റുകൾ പ്രചരിച്ചിരുന്നു. ‘ഞാൻ മക്‌ഡൊണാൾഡ്സ് വാങ്ങി ഐസ്‌ക്രീം മെഷീനുകളെല്ലാം ശരിയാക്കാൻ പോകുന്നു’ എന്ന ട്വീറ്റിന്റെ സ്ക്രീൻഷോട്ട് മസ്‌ക് തന്നെയാണ് ഷെയർ ചെയ്തത്. തനിക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകില്ലെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
അതേസമയം, മസ്‌കിന്റെ പേരിൽ ട്വീറ്റുകളിറക്കി വ്യാജന്മാരും വിലസുന്നുണ്ട്. ‘ഞാനിപ്പോൾ ട്വിറ്റർ വാങ്ങി, അതു ഡിലീറ്റ് ചെയ്യും. അടുത്തത് ഫെയ്സ്ബുക് ആണ്. എല്ലാവരും പുറത്തിറങ്ങി ജീവിതം ആസ്വദിക്കൂ’ എന്നൊരു ട്വീറ്റും മസ്കിന്റെയെന്ന പേരിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ഏതോ വ്യാജൻ പടച്ചുവിട്ട തട്ടിപ്പു സ്ക്രീൻഷോട്ടു മാത്രമാണ്. ഇതുപോലെ മസ്കിന്റെ ‘ഒറിജിനലും’ വ്യാജനുമായ ഒട്ടേറെ പ്രഖ്യാപനങ്ങൾ ട്വിറ്ററിൽ നിറയുകയാണ്.
English Summary: After Twitter takeover, Elon Musk promises cocaine in Coke