ADVERTISEMENT

ഗുവാഹത്തി∙ പ്രതിശ്രുത വരനെ വഞ്ചനാക്കുറ്റത്തിന് അഴിക്കുള്ളിലാക്കി അസം പൊലീസിൽ സബ് ഇൻസ്പെക്ടറായ ജുൻമോണി റാഭ. വ്യാജ വിവരങ്ങൾ നൽകി എസ്ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽനിന്നു പണം കൈപ്പറ്റുകയും ചെയ്ത കുറ്റത്തിനാണ് എസ്ഐയുടെ ഭാവി വരനായ റാണ പഗാഗിനെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഒഎൻജിസിയിൽ പിആർ ഓഫിസറാണെന്നു കള്ളം പറഞ്ഞാണ് ഇയാൾ എസ്ഐയുമായി വിവാഹ നിശ്ചയം നടത്തിയത്. എന്നാൽ, ഒഎൻജിസി ജീവനക്കാരനല്ലെന്നു ചിലർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു ഭാവി വരന്റെ വഞ്ചന എസ്ഐ കണ്ടെത്തിയത്.

ഇതിനു പുറമേ ഒഎൻജിസിയിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഇയാൾ ഒട്ടേറെപ്പേരിൽനിന്ന് പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് ഒഎൻജിസിയുമായി ബന്ധപ്പെട്ട വ്യാജരേഖകളും സീലുകളും ഉൾപ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു. ഈ വർഷം നവംബറില്‍ വിവാഹം നടക്കാനിരിക്കെയാണു പ്രതിശ്രുത വരനെ എസ്ഐ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

‘കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണു ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നത്. അസം തിരഞ്ഞെടുപ്പിനുശേഷം അയാളും കുടുംബാംഗങ്ങളും എന്നെ കാണാനായി വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എനിക്കു നഗാവിലേക്ക് മാറ്റം കിട്ടിയത്. തനിക്ക് സിൽചാറിലേക്കും മാറ്റം ലഭിച്ചതായി ഇയാൾ എന്നോടു പറഞ്ഞു. പക്ഷേ, സിൽചാറിൽ ജോലിക്കായി പോകുന്നില്ലെന്നും പറഞ്ഞു. കാരണം ചോദിച്ചപ്പോൾ, എന്റെ ജോലി സ്ഥലത്തുനിന്നു ദൂരെ മാറിയുള്ള ഒരിടത്ത് ജോലി ചെയ്യാൻ താൽപര്യമില്ലെന്നായിരുന്നു മറുപടി’ – എസ്ഐ വിശദീകരിച്ചു.

‘2021 ജനുവരിയിലാണു ഞാൻ ആദ്യമായി അയാളെ കാണുന്നത്. തുടർന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും പിന്തുണച്ചതോടെ വിവാഹ നിശ്ചയം നടത്തി. പിന്നീട് എനിക്ക് നഗാവിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പക്ഷേ, അയാളേക്കുറിച്ചും അയാളുടെ ജോലിയേക്കുറിച്ചും എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു’ – എസ്ഐ പറഞ്ഞു.

‘ഇതിനിടെ കഴിഞ്ഞ ദിവസം മൂന്നു പേർ എന്നെ കാണാൻ വന്നു. അവരാണ് ഇയാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ എന്നോടു പറഞ്ഞത്. ഇതോടെ എന്റെ സംശയം ബലപ്പെട്ടു. ഒഎൻജിസിയിൽ സിഎസ്ആറിന്റെ ചുമതലയുള്ള പിആർ ഓഫിസറാണെന്നാണ് അയാൾ എന്നോടു പറഞ്ഞിരുന്നത്. ഇതു കള്ളമാണെന്നു കണ്ടെത്തിയതോടെയാണു വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്’ – ജുൻമോണി റാഭ പറഞ്ഞു.

English Summary: Assam police woman sub-inspector arrests to be husband for cheating her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com