ADVERTISEMENT

തിരുവനന്തപുരം∙ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണു പണിമുടക്ക്. ഭരണകക്ഷി സംഘടനയായ എഐടിയുസി, കോൺഗ്രസ് സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവയാണു പണിമുടക്കിൽ പങ്കെടുക്കുന്നത്. 24 മണിക്കൂർ സൂചനാ പണിമുടക്കിനാണു സംഘടനകളുടെ ആഹ്വാനം. സിപിഎം സംഘടനയായ സിഐടിയു പണിമുടക്കിൽ പങ്കെടുക്കുന്നില്ല.

പത്താം തീയതി ശമ്പളം നൽകാമെന്ന സർക്കാർ നിലപാടിനോടു യോജിക്കാനാകില്ലെന്നും അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്നും സംഘടനകൾ നിലപാടെടുത്തു. അതേസമയം, കെഎസ്ആർ‌ടിസി പണിമുടക്കിനെ നേരിടാന്‍ ഡയസ്നോൺ പ്രഖ്യാപിക്കാനാണ് സർക്കാർ തീരുമാനം. പണിമുടക്ക് കൂടുതൽ പ്രതിസന്ധിയിലേക്കു സ്ഥാപനത്തെ കൊണ്ടുപോകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടി. പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രിതല ചർച്ച പരാജയമാണെന്ന് കോൺഗ്രസ് സംഘടനയായ ടിഡിഎഫ് നേതാക്കൾ പറഞ്ഞു. ശമ്പളം കൃത്യമായി നൽകാമെന്നു പലതവണ പറഞ്ഞെങ്കിലും നടപ്പിലായില്ലെന്നും അവർ പറഞ്ഞു. ശമ്പളവിതരണത്തിന് അഞ്ചു ദിവസത്തെ സാവകാശമാണ് സർക്കാർ ചോദിച്ചതെന്നും കോവിഡ് സാഹചര്യങ്ങൾ പരിഗണിക്കണമെന്നും സിഐടിയു നേതാക്കൾ പറഞ്ഞു. 21–ാം തീയതി ശമ്പളം നൽകാമെന്നാണ് മാനേജ്മെന്റ് പറഞ്ഞത്. സർക്കാർ ഇടപെട്ടാണ് അതു പത്തിലേക്കു മാറ്റിയത്. അടുത്ത മാസം അഞ്ചാം തീയതി മുതൽ ശമ്പളം നൽകാമെന്നു സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. വ്യവസായത്തിന്റെ നിലനിൽപ്പ് കണക്കിലെടുത്ത് കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ പ്രതിഷേധത്തിൽനിന്ന് പിൻമാറുകയാണെന്നും സിഐടിയു നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ മാസം വിഷുവിനും ഈസ്റ്ററിനും മുൻപ് ശമ്പളം ലഭിക്കാതെ ജീവനക്കാർ ബുദ്ധിമുട്ടിയിരുന്നു. എസ്ബിഐയിൽനിന്ന് 45 കോടിരൂപ ഓവർ ഡ്രാഫ്റ്റ് എടുത്താണു ശമ്പളം നൽകിയത്. ഈ മാസം ശമ്പളം നൽകാൻ കെഎസ്ആർടിസി 65 കോടിരൂപ ആവശ്യപ്പെട്ടെങ്കിലും മുൻ മാസത്തെപോലെ 30 കോടിരൂപയാണു ധനവകുപ്പു നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. ആകെ 82 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്. 52 കോടി കെഎസ്ആർടിസി കണ്ടെത്തണം. എല്ലാ മാസവും അഞ്ചിനു മുൻപ് ശമ്പളം നൽകുമെന്ന് ശമ്പളക്കരാർ ഒപ്പിട്ടപ്പോൾ യൂണിയനുകളുമായി ധാരണ ഉണ്ടാക്കിയിരുന്നു.

English Summary: KSRTC employees strike on friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com