രാമനാട്ടുകര∙ കോഴിക്കോട് രാമനാട്ടുകരയിൽ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പിടിയില്‍. ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച ഫാത്തിമ എന്ന യുവതിയാണ് കസ്റ്റഡിയിലായത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ മൊഴി നൽകി. ഫാത്തിമയെ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
തോട്ടുങ്ങൽ നീലിത്തോട് പാലത്തിനു സമീപത്തെ നടവഴിയിൽ വ്യാഴാഴ്ച രാവിലെ ആറിനാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇവർ വിവരം നൽകിയതിനെ തുടർന്ന് ഫറോക്ക് പൊലീസ് സ്ഥലത്തെത്തിയിരുന്നു. പൊലീസ് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കുഞ്ഞ് പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതിഥി തൊഴിലാളികളുടെ കുഞ്ഞാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് മേഖലയിൽ നടത്തിയ അന്വേഷണത്തിൽ ഒരു സ്ത്രീ രാവിലെ കുഞ്ഞുമായി ഇതുവഴി പോകുന്നത് കണ്ടതായി ചിലർ മൊഴി നൽകി. അങ്ങനെയാണ് അന്വേഷണം ഫാത്തിമയിലേക്ക് എത്തുന്നത്.
English Summary: Newborn Baby found abandoned in path at Ramanattukara, Mother in custody