ADVERTISEMENT

ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകര സംഘടനകൾ പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസു (ഐഎസ്ഐ) മായി ബന്ധം സ്ഥാപിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾക്ക് ഖലിസ്ഥാൻ അനുകൂല ഭീകരസംഘടനകൾ പദ്ധതിയിടുന്നതായും അന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകി.

ഇന്ത്യ–പാക്ക് അതിർത്തിയിലൂടെ കശ്‍മിരിലേക്കും പഞ്ചാബിലേക്കും ആയുധങ്ങളും സ്ഫോടക വസ്‌തുക്കളും കടുത്തുന്നതായും മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെയും മറ്റു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതാക്കളെ വകവരുത്താൻ ഐഎസ്ഐ പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാന നില തകരാറിലാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ആക്രമണങ്ങൾക്കാണു ഖലിസ്ഥാൻ സംഘടനകളുമായി ചേർന്ന് ഐഎസ്ഐ പദ്ധതിയിടുന്നത്. പ്രാദേശിക ക്രിമിനലുകളെയും ഗുണ്ടാ നേതാക്കളെയും ഏകോപിപ്പിച്ചാണ് പല ആക്രമണങ്ങളും നടപ്പാക്കുന്നത്. പഞ്ചാബിനു പുറമേ ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും ഇത്തരം നീക്കങ്ങൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം ആക്രമണങ്ങളിൽ പ്രതിയെന്നു സംശയിക്കുന്ന ചില പ്രാദേശിക കുറ്റവാളികളെ ഹരിയാന പൊലീസ് കഴിഞ്ഞ ഫെബ്രുവരിയിൽ പിടികൂടിയിരുന്നു. കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഗ്രൂപ്പുകളുമായി അടുപ്പം പുലർത്തുന്നവരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഗ്രൂപ്പുകൾ ഐഎസ്ഐ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുന്നതായും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു.

പഞ്ചാബിലെ പട്യാലയിൽ ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്കെതിരെ ശിവസേന നടത്തിയ മാർച്ച് അക്രമാസക്തമായതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ രംഗത്തെത്തിയത്. ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്കെതിരെയുള്ള ശിവസേനാ മാര്‍ച്ചിനിടെ ചില സിഖ് സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

English Summary: Pak ISI, in Cahoots With Pro-Khalistani Groups, Plotting 'Big Plans' With Local Help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com