ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് ശക്തി പകർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ത്രിദിന സന്ദർശനത്തിനായി ബംഗാളിലെത്തിയ അമിത് ഷാ, കൊൽക്കത്തയിലെ ഗാംഗുലിയുടെ വസതിയിലെത്തിയാണ് അദ്ദേഹത്തെ കാണുക. അമിത് ഷായ്ക്കായി ഗാംഗുലി അത്താഴവും ഒരുക്കുന്നുണ്ട്.

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ വീഴ്ത്തി അധികാരം പിടിക്കാനുള്ള ശ്രമത്തിൽ ബിജെപി സൗരവ് ഗാംഗുലിയെ മുന്നിൽ നിർത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായ്ക്കായി താരം അത്താഴവിരുന്ന് ഒരുക്കുന്നത്. അമിത് ഷായ്ക്കൊപ്പം പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരി, മുൻ രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ സ്വപൻ ദാസ് ഗുപ്ത എന്നിവരും ഗാംഗുലിയുടെ വസതിയിലെത്തി അത്താഴവിരുന്നിൽ പങ്കെടുക്കും.

ബിജെപി സംസ്ഥാന നേതൃത്വത്തിനും പ്രവർത്തകർക്കും ഉണർവു പകരുന്നതിനാണ് അമിത് ഷായുടെ ബംഗാൾ സന്ദർശനം. ഇന്നു രാത്രി ഏഴു മണിയോടെയാണ് അമിത് ഷാ ഗാംഗുലിയെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുക. അതിനു മുന്നോടിയായി വിക്ടോറിയ മെമ്മോറിയലിൽ അമിത് ഷാ പങ്കെടുക്കുന്ന ഒരു ചടങ്ങിൽ ഗാംഗുലിയുടെ ഭാര്യയും നർത്തകിയുമായ ഡോണ ഗാംഗുലിയുടെ നൃത്തപരിപാടിയുണ്ട്. ഈ പരിപാടിക്കുശേഷം ഡോണയ്‌ക്കൊപ്പമാകും ഗാംഗുലിയുടെ വസതിയിലേക്കുള്ള അമിത് ഷായുടെ യാത്ര. 

ഇന്ന് കൂച്ച് ബിഹാറിലെ ത്രീ ബിഗ കോറിഡോറിൽ ബിഎസ്എഫ് പരിപാടിയിൽ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്കുശേഷം കൊൽക്കത്തയിലെത്തുന്ന അമിത് ഷാ, പാർട്ടി എംഎൽഎമാരുടെയും സംസ്ഥാന നേതാക്കളുടെയും യോഗത്തിൽ പങ്കെടുക്കും.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2019 ഒക്ടോബറിലാണ് സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തെത്തിയത്. അന്ന് ഗാംഗുലിക്കൊപ്പം ബിസിസിഐയിലെ സുപ്രധാന സ്ഥാനങ്ങളിലെത്തിയവരിൽ അമിത് ഷായുടെ മകൻ ജയ് ഷായുമുണ്ട്. ബിസിസിഐ സെക്രട്ടറിയാണ് അദ്ദേഹം. അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരുൺ ധൂമൽ ബിസിസിഐ ട്രഷററുമായി.

ബിജെപി നേതൃനിരയിലെ പ്രമുഖർക്കൊപ്പം ഗാംഗുലി ബിസിസിഐ തലപ്പത്ത് എത്തിയതോടെ, അദ്ദേഹം ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇത്തവണ ബംഗാൾ സന്ദർശനത്തിന് എത്തിയ അമിത് ഷായ്ക്ക് ഗാംഗുലിയുടെ ഭവനത്തിൽ അത്താഴവിരുന്ന് ഒരുക്കുന്നതോടെ, ഗാംഗുലിയുടെ ബിജെപി പ്രവേശനം ഒരിക്കൽക്കൂടി ചർച്ചയാകുകയാണ്.

English Summary: Amit Shah likely to meet Sourav Ganguly in Kolkata during his Bengal visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com