ADVERTISEMENT

കാക്കിനഡ∙ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'അസാനി' ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ആന്ധ്രപ്രദേശിലെ കാക്കിനഡ ജില്ലയില്‍ കനത്ത മഴ. ബുധനാഴ്ചയോടെ അസാനി ആന്ധ്ര തീരത്തെ കാക്കിനഡയില്‍ എത്തുമെന്നു കഴിഞ്ഞ ദിവസം മുന്നറിയിപ്പുണ്ടായിരുന്നു. പടിഞ്ഞാറന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് വടക്കന്‍ ആന്ധ്ര തീരത്തേക്കാണ് അസാനി നീങ്ങുന്നതെന്നും ഒഡിഷ സ്‌പെഷല്‍ റിലീഫ് കമ്മിഷണര്‍ പ്രദീപ് കുമാര്‍ ജെന പറഞ്ഞിരുന്നു.

നല്‍ഗൊണ്ട, സൂര്യപെട്ട്, ഭദ്രാരി കോദഗുഡം, ഖമ്മം, മുലുഗു ജില്ലകളില്‍ നല്ല മഴയ്ക്ക് സാധ്യതയുണ്ട്. കാക്കിനഡ തീരം തൊടുന്ന അസാനി പിന്നീട് കടലില്‍ കാക്കിനഡയ്ക്കും വിശാഖപട്ടണത്തിനും ഇടയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. വിശാഖപട്ടണത്തും കനത്ത മഴ തുടരുകയാണ്.
നിലവിൽ തീവ്ര ചുഴലിക്കാറ്റായി നിലകൊള്ളുന്ന ‘അസാനി’ വ്യാഴാഴ്ചയോടെ ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം. മഴ കനത്തതു വിമാന സർവീസുകളെയും ബാധിച്ചു. ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പുർ, മുംബൈ എന്നിവിടങ്ങിലേക്ക് അടക്കം നിരവധി ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കി.

‘അസാനി’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഇന്നും മഴ തുടരും. സംസ്ഥാനത്ത് 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കു സാധ്യത ഉണ്ടെന്നും ശക്തമായ കാറ്റു വീശുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഐഎംഡി–ജിഎഫ്എസ് മോഡൽ പ്രകാരം ബുധനാഴ്ച മധ്യ വടക്കൻ കേരളത്തിൽ മഴ സാധ്യത പ്രവചിക്കുന്നു.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ എൻസിഎംആർഡബ്ല്യുഎഫ്– എൻസിയുഎം കാലാവസ്ഥാ മോഡൽ പ്രകാരം ബുധനാഴ്ച മധ്യ വടക്കൻ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കാസ‌ർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ പ്രവചിക്കുന്നു. എൻസിഇപിയുടെ ഗ്ലോബൽ ഫോർകാസ്റ്റ് സിസ്റ്റത്തിന്റെ കാലാവസ്ഥാ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത. തൃശൂർ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

English Summary: Rain Lashes Parts Of Andhra Coastline As Cyclone Asani Approaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com