ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക വർഷം ആരംഭിച്ച് ഒരു മാസം കഴിയുമ്പോഴും കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നൽകിയില്ല. കഴിഞ്ഞ സാമ്പത്തിക വർഷം എടുത്ത കണക്കുകളിൽ വ്യക്തത ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. ഇതോടെ, സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങി. അനുമതി കിട്ടാൻ കാലതാമസമുണ്ടായാൽ കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ വേണ്ടി വരും. ഇപ്പോൾ തന്നെ ട്രഷറി ഇടപാടുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാരിന്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. സിഎജിയും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാനം പറയുന്നു. സംസ്ഥാനമെടുത്ത വായ്പ സംബന്ധിച്ച കണക്കുകളിൽ പൊരുത്തക്കേടുകൾ ഉള്ളതായി കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ സാമ്പത്തിക വർഷം കേരളത്തിനു കടമെടുക്കാവുന്ന പരിധി 32,425 കോടി രൂപയാണ്. കടപത്രങ്ങളിലൂടെ വായ്പയെടുക്കാൻ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ അനുമതി നൽകുന്നതാണ് പതിവ്. സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ ഈ മാസം വരെ 4,000 കോടി രൂപ കടമെടുക്കാനുള്ള തയാറെടുപ്പുകൾ സംസ്ഥാനം നടത്തിയിരുന്നു. എന്നാൽ, കേന്ദ്ര അനുമതി ലഭിക്കാത്തതോടെ വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്.

ട്രഷറികളിൽ 25 ലക്ഷത്തിലധികം രൂപയുടെ ബില്ലുകള്‍ മാറുന്നതിന് ഇപ്പോൾ നിയന്ത്രണം ഉണ്ട്. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ശമ്പള വിതരണത്തിന് കെഎസ്ആർടിസി പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ.

കടമെടുക്കാൻ കേന്ദ്രത്തോട് അനുമതി തേടിയതായും ഈ മാസം തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ട കണക്കുകൾ നൽകിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിനും കടമെടുക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ കടമെടുക്കാൻ ആന്ധ്ര, ഹരിയാന, ജമ്മു കശ്മീർ, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങൾക്ക് ഇതിനോടകം കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്.

English Summary: Kerala financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com