ADVERTISEMENT

തൊടുപുഴ∙ തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ഏഴു വയസ്സുകാരൻ കൊല്ലപ്പെടുകയും നാലു വയസ്സുകാരനെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്ന വാർത്ത കേരളം ഞെട്ടലോടെയാണു കേട്ടത്. അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിന്റെ ആക്രമണത്തിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റ് 2019 മാർച്ച് 28നാണ് മൂത്ത കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഏപ്രിൽ 6നു കുട്ടി മരിച്ചു. അതിനിടെയാണ് ഇളയ കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയെന്ന കാര്യവും പൊലീസ് കണ്ടെത്തുന്നത്.

ഈ കേസിലാണ് തിരുവനന്തപുരം കവടിയാർ കടവട്ടൂർ കാസ്റ്റിൽ വീട്ടിൽ അരുൺ ആനന്ദിനെ 21 വർഷം തടവിനു ശിക്ഷിച്ചത്. അരുണിനെ ഇനി കാത്തിരിക്കുന്നത് ഏഴു വയസ്സുകാരനെ മർദിച്ചു കൊന്നെന്ന കേസിലെ വിചാരണയാണ്. നാലു വയസ്സുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ അമ്മയുടെ സുഹൃത്ത് കുറ്റക്കാരനാണെന്ന് മുട്ടം പോക്സോ കോടതിയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

വ്യാഴാഴ്ച 21 വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷ 15 വർഷം കൊണ്ട് അനുഭവിച്ചാൽ മതി. കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുക, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമത്തിന് ഇരയാക്കുക, പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ പ്രകാരമാണ് ശിക്ഷ. കുട്ടിയുടെ പിതാവിന്റെ മരണശേഷം അമ്മ പ്രതിയോടൊപ്പം താമസിക്കുന്നതിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്.

മൂത്ത സഹോദരൻ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു വയസ്സുകാരൻ ‌‌ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. നാലുവയസ്സുകാരന്റെ ദേഹപരിശോധനയിൽ 14 മുറിവുകൾ കണ്ടെത്തിയിരുന്നു. നാലുവയസ്സുകാരന്റെ ദേഹത്തെ പല മുറിവുകളും അഞ്ചു മുതൽ ഏഴു ദിവസം വരെ പഴക്കമുള്ളതാണെന്നും പരിശോധനയിൽ വ്യക്തമായിരുന്നു.

കുട്ടിയെ ചൂരൽ കൊണ്ടും കൈ ഉപയോഗിച്ചും അടിച്ചതിന്റെയും നുള്ളിയതിന്റെയും പാടുകൾ ദേഹത്ത‌് കണ്ടെത്തി. കൊല്ലപ്പെട്ട കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ സിഐ അഭിലാഷ‌് ഡേവിഡാണ‌് തൊടുപുഴ പോക്സോ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. 100 പേജുള്ള കുറ്റപത്രമാണ് തൊടുപുഴ മുട്ടത്തെ പോക‌്സോ കോടതിയിൽ സമർപ്പിച്ചത‌്.

arun-anand-child-abuse-1248-1
അരുൺ ആനന്ദ്

കിട്ടിയ ബാങ്ക് ജോലി വേണ്ടെന്നു വച്ച് ഗുണ്ടയായി

സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി നന്തൻകോടുണ്ടായിരുന്ന ഫ്ലാറ്റ് എഴുതി വാങ്ങിയ ശേഷമാണ് അരുൺ തിരുവനന്തപുരത്ത് ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധം തുടങ്ങുന്നത്. ഈ ഫ്ലാറ്റിലായിരുന്നു താമസം. പിന്നീടിതു വാടകയ്ക്കു നൽകി. തിരുവനന്തപുരത്ത് നല്ല കുടുംബചുറ്റുപാടുകളിൽ വളർന്നയാളാണ് അരുൺ. പട്ടം കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. അതിനു ശേഷം ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ ബിഎ കോഴ്സിനു ചേർന്നു. ബാങ്ക് ജീവനക്കാരനായിരുന്നു അരുണിന്റെ അച്ഛൻ. അച്ഛന്റെ മരണശേഷം ആശ്രിതനിയമനത്തിൽ ബാങ്ക് ജോലി ലഭിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ അതുപേക്ഷിച്ച് തിരികെ നാട്ടിൽ എത്തി. ഇവിടെയുള്ള കുപ്രസിദ്ധ ഗുണ്ടയുമായി ചേർന്നു മണൽ കടത്ത് ആരംഭിച്ചു.

ഇതിനിടെ കല്യാണം കഴിച്ചു. കുഞ്ഞ് ജനിച്ചെങ്കിലും അരുണുമായി തെറ്റി യുവതി വിവാഹമോചനം തേടി. ബിജുവിന്റെ മരണശേഷം കുട്ടികളോട് അടുപ്പം കാണിച്ചാണു യുവതിയുമായി അടുപ്പമുണ്ടാക്കിയത്. പേരൂർക്കട സ്കൂളിൽ പഠിച്ചിരുന്ന കുട്ടി ഒറ്റയ്ക്കാണു സ്കൂളിൽ എത്തിയിരുന്നത്. ഇതു പലരും ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ ടിസി വാങ്ങി തൊടുപുഴയിലേക്കു കൊണ്ടുപോയി. കുറഞ്ഞ കാലത്തിനിടെ തലസ്ഥാനത്തു മാത്രം 7 കേസുകളിൽ പ്രതിയായി. വിവാഹ സൽക്കാരത്തിനിടെ സുഹൃത്ത് വിജയരാഘവനെ 2008 ൽ ജഗതിയിൽ വച്ചു ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ്.

അരുൺ ആനന്ദ്
അരുൺ ആനന്ദ്

പിതാവിന്റെ മരണത്തിൽ സംശയം

കുട്ടികളുടെ പിതാവ് തിരുവനന്തപുരം മണക്കാട് സ്വദേശി ബി.ആർ.ബിജു (38) തൊടുപുഴയിൽ താമസിക്കുന്നതിനിടെയാണു മരിച്ചത്. 2018 മേയ് 23നായിരുന്നു ബിജുവിന്റെ മരണം. മരണത്തിൽ സംശയം പ്രകടിപ്പിച്ചു ബിജുവിന്റെ പിതാവ് എം.ഡി.ബാബു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. തുടർന്നു ബിജുവിന്റെ കുഴിമാടം തുറന്നു ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

അമ്മ നൽകിയ പാൽ കുടിച്ചയുടൻ ബിജു അവശനായി വീണു എന്നും ആശുപത്രിയിലേക്കു പോകുംവഴി വാഹനത്തിൽ തന്നെ മരിച്ചു എന്നുമാണ് ഇളയ കുട്ടിയുടെ മൊഴി. എന്നാൽ ബിജുവിന്റെ മരണം ഹൃദയാഘാതം മൂലമാണ് എന്നാണ് ഇടുക്കി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ ബിജുവിന്റെ ഭാര്യയും അരുണും പറയുന്നത്. നുണ പരിശോധന വൈകുന്നതിനാലാണ് ഈ കേസ് നീളുന്നതെന്ന് ബിജുവിന്റെ കുടുംബം പ്രതികരിച്ചു.

English Summary: Thodupuzha POCSO case, 21 years jail for Arun Anand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com