ADVERTISEMENT

പത്തനംതിട്ട∙ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉയർത്തിയ വിമർശനങ്ങൾക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജിനെ പ്രതിരോധിച്ച് സിപിഎം ജില്ലാ നേതൃത്വം. ‘മകന്റെ കല്യാണത്തിന് അച്ഛനെ ക്ഷണിച്ചില്ലെന്ന് പരാതിപ്പെടുന്നതു പോലെ’യാണ് മന്ത്രി വീണാ ജോർജിനെതിരായ ചിറ്റയം ഗോപകുമാറിന്റെ ആക്ഷേപമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പരിഹസിച്ചു. ഇത്തരം യോഗങ്ങൾക്ക് പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

‘സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷം എങ്ങനെ നടത്തണം എന്നതിനെപ്പറ്റി സർക്കാരിനു കൃത്യമായ ധാരണയുണ്ട്. മന്ത്രി അധ്യക്ഷയും കലക്ടർ കൺവീനറുമായ സംഘാടകസമിതിയിൽ ജില്ലയിൽ നിന്നുള്ള എല്ലാ എംഎൽഎമാരും ജില്ലാപഞ്ചായത്ത് ഭാരവാഹികളും അംഗങ്ങളായിരുന്നു.
സംഘാടക സമിതി വിളിച്ചുചേർത്ത യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു. അവിടെ പ്ലാൻ ചെയ്തതനുസരിച്ചാണ് ആഘോഷപരിപാടികൾ ചിട്ടപ്പെടുത്തിയത്. കൂട്ടുത്തരവാദിത്തതോടെയാണ് പരിപാടികൾ നടത്തേണ്ടത്.

അതുകൊണ്ടുതന്നെ ഇതിൽ ഉൾപ്പെട്ട ആരെയും അങ്ങോട്ടും ഇങ്ങോട്ടും ക്ഷണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മകളുടെ വിവാഹത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയുന്നതു പോലെയുള്ള പരിഭവങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. പരാതി നൽകിയതുമായി ബന്ധപ്പെട്ട ഒരു വിവരവും അറിയില്ല. എനിക്ക് ആരും പരാതി നൽകിയിട്ടുമില്ല. മുൻവിധികൾക്ക് നിൽക്കുന്നില്ല. പാർട്ടിയും എൽഡിഎഫും പരിശോധിച്ച് തീരുമാനം എടുക്കും.’– കെ.പി.ഉദയഭാനു പറഞ്ഞു.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ തുറന്നടിച്ചതാണ് വിവാദത്തിനു തിരികൊളുത്തിയത്. ഈ കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പരാതി ലഭിച്ചിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

English Summary: CPM Pathanamthitta district secretary KP Udayabhanu Responds to Veena George Vs Chittayam Gopakumar Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com