കാറിൽ സുഹൃത്തുക്കൾക്കൊപ്പം ഉറങ്ങി; രാവിലെ ട്രെയിൻ തട്ടി മരിച്ചു; ദുരൂഹമെന്ന് കുടുംബം

jamshid
മരിച്ച നിലയിൽ കണ്ടെത്തിയ ജംഷിദ് (വിഡിയോ ദൃശ്യം)
SHARE

കൂരാച്ചുണ്ട്∙ കർണാടകയിലെ മാണ്ഡ്യയിൽ കോഴിക്കോട് സ്വദേശി ജംഷിദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷിദിനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. അവിടുത്തെ റെയിൽവേ ട്രാക്കിൽ ബുധനാഴ്ചയാണ് ജംഷിദിന്റെ മൃതദേഹം കണ്ടെത്തിയത്. ഒമാനിൽനിന്ന് അവധിക്കെത്തിയ ജംഷിദ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന പേരിലാണ് കർണാടകയിൽ പോയത്. യാത്രയ്‌ക്കിടെ കാർ നിർത്തി ഉറങ്ങിയെന്നും ഉണർന്നപ്പോൾ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. എന്നാൽ, ഇത് അവിശ്വസനീയമാണെന്നു ചൂണ്ടിക്കാട്ടി ജംഷിദിന്റെ കുടുംബം കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് ജംഷിദ് സുഹൃത്തുക്കൾക്കൊപ്പം പോയതെന്ന് കുടുംബം വ്യക്തമാക്കുന്നു. അഫ്സൽ എന്ന സുഹൃത്ത് ഉൾപ്പെടെയുള്ളവർക്കൊപ്പം പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. മൊബൈൽ നഷ്ടമായെന്നു വ്യക്തമാക്കി ഞായറാഴ്ച രാവിലെ വീട്ടിലേക്കു ഫോൺ ചെയ്തിരുന്നു. ഒരു കടയിൽനിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. മൊബൈൽ നഷ്ടപ്പെട്ടെന്നും ആ നമ്പറിലേക്ക് വിളിച്ചാൽ കിട്ടില്ലെന്നും അറിയിച്ചിരുന്നു.

അതിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ് വിളിച്ചത്. സുഹൃത്തുക്കളെ കാണാനില്ലെന്നും ഒറ്റയ്ക്കായെന്നും പറഞ്ഞ ജംഷിദ്, കയ്യിൽ പണമില്ലെന്നും പറഞ്ഞു. ഇതോടെ വീട്ടുകാർ 1000 രൂപ അക്കൗണ്ടിലിട്ടുകൊടുത്തിട്ട് അടുത്ത ട്രെയിനിനു കയറി തിരിച്ചുവരാൻ ആവശ്യപ്പെട്ടു. ഇതിനിടെ ജംഷിദ് അഫ്സലിന്റെ ഫോൺനമ്പർ ആവശ്യപ്പെട്ടു. അഫ്സലിനൊപ്പമാണ് പോകുന്നതെന്ന് പറഞ്ഞിരുന്നതിനാൽ കൂടെയില്ലേയെന്ന് പിതാവ് മുഹമ്മദ് ചോദിച്ചു. അഫ്സൽ ഒപ്പമില്ലെന്നായിരുന്നു മറുപടി.

സുഹൃത്തായ ഫെബിൻഷായ്ക്കും റിയാസ് എന്ന മറ്റൊരാൾക്കും ഒപ്പമാണ് ജംഷിദ് പോയതെന്ന് പിന്നീടറിഞ്ഞു. അഫ്സലിനോട് അന്വേഷിച്ചപ്പോൾ പ്രശ്നമൊന്നുമില്ലെന്നും ഒപ്പമുള്ളവർ ജംഷിദിനെ കൂട്ടി തിരിച്ചുപോരുകയാണെന്നും അറിയിച്ചു. ഫെബിൻഷായുടെ നമ്പർ വാങ്ങി ജംഷിദിന്റെ പിതാവ് ബന്ധപ്പെട്ടപ്പോൾ ബുധനാഴ്ച പുലർച്ചെയോടെ നാട്ടിലെത്തുമെന്നാണ് പറഞ്ഞത്.

ഇതിനിടെയാണ് നാട്ടിലുള്ള ഒരു പൊതുപ്രവർത്തകന്റെ ഫോണിലേക്ക് ഫെബിൻഷാ വിളിച്ച് ഒരു അപകടം പറ്റിയെന്നും ജംഷിദിന്റെ പിതാവിനെയും കൂട്ടി മാണ്ഡ്യയിലെത്താനും ആവശ്യപ്പെട്ടത്. അവിടെയെത്തിയപ്പോഴാണ് ജംഷിദ് മരിച്ചതായി അറിയുന്നത്. 

നാട്ടിലേക്കു മടങ്ങുന്നവഴി മദ്ദൂർ എന്ന സ്ഥലത്ത് വാഹനം നിർത്തി എല്ലാവരും ഉറങ്ങിയെന്നും പുലർച്ചെ എണീറ്റപ്പോൾ ജംഷിദിനെ കണ്ടില്ലെന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നൽകിയ മൊഴി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്തു നടത്തിയ പരിശോധനയിലാണ് ജംഷിദിനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയതെന്നും അവർ പറയുന്നു. ജംഷിദ് ട്രെയിനിനു മുന്നിലേക്കു ചാടിയെന്നായിരുന്നു പൊലീസുകാർ നൽകിയ വിവരം.

ഇതുപ്രകാരമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതും. എന്നാൽ, തിരക്കിട്ട് പോസ്റ്റ്മോർട്ടം നടത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് മുഹമ്മദ് ആരോപിക്കുന്നത്. എഫ്ഐആർ ഇടാൻപോലും പൊലീസിന് 10,000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി. 

∙ ഒപ്പമുണ്ടായിരുന്നയാൾക്ക് ലഹരി ബന്ധം?

ജംഷിദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ കാര്യത്തിലാണ് കുടുംബം ചില സംശയങ്ങൾ ആരോപിക്കുന്നത്. രണ്ടുപേരാണ് ബെംഗളൂരുവിൽനിന്ന് തിരികെ പോരുന്ന കാറിൽ ജംഷിദിന് ഒപ്പമുണ്ടായിരുന്നത്. ഇതിൽ ഫെബിൻഷായുമായിട്ടാണ് ജംഷിദിന് സൗഹൃദമുണ്ടായിരുന്നത്. രണ്ടാമൻ റിയാസ് ജംഷിദിന്റെ സുഹൃത്തല്ലെന്ന് കുടുംബം പറയുന്നു. മാത്രമല്ല, റിയാസ് ലഹരിക്കേസുകളിൽ പ്രതിയാണെന്നാണ് ഇവരുടെ പരാതി. അടുത്തിടെ ലഹരിവസ്തുക്കളുമായി റിയാസിനെ പൊലീസ് പിടികൂടിയിരുന്നുവെന്നും മുഹമ്മദ് പറയുന്നു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട ചതിക്കുഴിയിൽ മകനെ പെടുത്തുകയായിരുന്നോ എന്നാണ് കുടുംബം സംശയിക്കുന്നത്. ഒരുപക്ഷേ, സുഹൃത്തുക്കളെന്നു പറയുന്നവർ കാർ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം കൊണ്ടുപോയി റെയില്‍വേ ട്രാക്കിൽ ഇട്ടതാകാമെന്ന് പിതാവ് ആരോപിക്കുന്നു. ജംഷിദിന്റെ ശരീരത്തെല്ലാം മുറിവുകളുണ്ടായിരുന്നെങ്കിലും അത് ട്രെയിൻ തട്ടിയുണ്ടായതല്ലെന്നാണ് പിതാവ് പറയുന്നത്.

അതേസമയം, ജംഷിദ് ട്രെയിനിനു മുന്നിൽ ചാടിയെന്നാണ് പൊലീസ് പറയുന്നത്. എൻജിൻ ഡ്രൈവർ തന്നെ ഇതു സാക്ഷ്യപ്പെടുത്തിയതാണെന്നും അവർ വിശദീകരിക്കുന്നത്. എന്നാൽ, പൊലീസിന്റെ വിശദീകരണത്തിലും സംശയമുണ്ടെന്നാണ് മുഹമ്മദിന്റെ നിലപാട്. സംഭവത്തിൽ മാണ്ഡ്യ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോൾ ഇവിടെയും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റവാളികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

English Summary: Malayali youth found dead in railway track in Mandya; Family accuses murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA