കൊച്ചി ∙ കെഎസ്‍യു നേതാവ് പി.ടി.തോമസ് പ്രസംഗിക്കാൻ വരുന്നതറിഞ്ഞാൽ ക്ലാസ്മുറികളിൽനിന്ന് ഇറങ്ങിയോടിച്ചെല്ലുമായിരുന്ന, മഹാരാജാസ് കോളജിന്റെ ഇടനാഴികളിലൂടെ നടക്കാൻ ഒരിക്കൽ കൂടി ഉമ എത്തി. പഴയ ഡിഗ്രി സുവോളജി വിദ്യാർഥിയുടെ ഓർമകളിലൂടെ ഉമ നടന്നു. പിരിയൻ ഗോവണിയിലൂടെ പി.ടി ഇല്ലാതെ നടന്നിറങ്ങിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അൽപനേരം പടവുകളിൽ കലങ്ങിയ കണ്ണുകളുമായി നിന്നു.
ഓർമകളുടെ തിരതല്ലലിൽ കണ്ണുനിറച്ച അമ്മയെ തോളിൽതട്ടി മരുമകൾ ബിന്ദു ആശ്വസിപ്പിച്ചു. കോളജിൽ സംഘടിപ്പിച്ച ഒത്തുചേരലിനു വന്നവരെ നേരിൽകണ്ട് കുശലം പറഞ്ഞപ്പോൾ അവർ ആശംസകൾ അറിയിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിയായി നോമിനേഷൻ കൊടുത്തതു മുതൽ ക്യാംപസിൽ പോകണമെന്ന ആഗ്രഹം ഉമ പ്രകടിപ്പിച്ചിരുന്നു. ഇന്നാണ് അതിനു സമയം കണ്ടെത്തിയത്.
മഹാരാജാസ് കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയായിരുന്നു ഉമ പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. കോളജ് കാലഘട്ടത്തിൽ യൂണിയൻ കൗൺസിലറായും വൈസ് ചെയർപേഴ്സനായും മത്സരിച്ചു ജയിച്ചിട്ടുണ്ട്. പി.ടി.തോമസിനെ വിവാഹം ചെയ്തതോടെ ഉമ പി.ടിക്കു കരുത്തു പകർന്ന് നിഴലായും കരുത്തായും മാറി.

പഴയ ക്ലാസ് മുറിയിൽ ഓർമകളുമായി മക്കളായ വിഷ്ണുവിനും വിവേകിനും മരുമകൾ ബിന്ദുവിനുമൊപ്പം അൽപനേരം ഇരുന്നു. ഉമ, പി.ടി.തോമസ് എന്ന കെഎസ്‍യു നേതാവിനെ ആദ്യമായി കാണുന്നതു മീറ്റിങ്ങിൽ പങ്കെടുക്കാൻ മഹാരാജാസിൽ എത്തിയപ്പോഴായിരുന്നു. അന്നു പി.ടി വരാൻ വൈകിയപ്പോൾ സമയം നികത്താൻ വേദിയിൽ പാട്ടു പാടി. ആ പാട്ടിനിടയിലേക്കു കയറിവന്ന പിടിയുടെ മനസ്സിലേയ്ക്കു സംഗീതത്തിനു മുന്നേ ഉമ കയറിക്കൂടുകയായിരുന്നത്രെ. പിന്നെ ആ സംഗീതവും പാട്ടുകാരിയും പി.ടിയുടെ ജീവിതത്തിന്റെ ഭാഗമായി.

English Summary: Thrikkakara UDF candidate Uma Thomas visit Maharajas college