ADVERTISEMENT

പത്തനംതിട്ട∙ ആരോഗ്യമന്ത്രി വീണാ ജോർജും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുള്ള പ്രതികരണം നിര്‍ഭാഗ്യകരമെന്ന് സിപിഐ. മകളുടെ കല്യാണത്തിന് അച്ഛനെ വിളിക്കേണ്ടതില്ലെന്നായിരുന്നു ചിറ്റയത്തിന്‍റെ പരാതിയെ പരിഹസിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞത്. എന്നാൽ അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാർ മകളുടെ കല്യാണം നടത്തിയാൽ എങ്ങനെയിരിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ ചോദിച്ചു. കാബിനറ്റ് റാങ്കിലുള്ളവരുടെ തര്‍ക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

∙ ഇടപെട്ട് എൽഡിഎഫ് നേതൃത്വം

അതിനിടെ, വീണാ ജോർജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കത്തില്‍ സിപിഎം– സിപിഐ സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ടിട്ടുണ്ട്. ഇരുനേതാക്കളും മുന്നണിക്കു പരാതി കൊടുത്തതിനാല്‍ ഇവരുടെ ഭാഗം കേള്‍ക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചു. പരസ്യപ്രതികരണത്തിന് മുതിരേണ്ടെന്ന് ഇരുവര്‍ക്കും അതാതു പാര്‍ട്ടികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആറൻമുള എംഎല്‍എയായ ആരോഗ്യമന്ത്രിയും അടൂര്‍ എംഎല്‍എയായ ഡപ്യൂട്ടി സ്പീക്കറും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായതില്‍ ഇരു പാര്‍ട്ടി നേതൃത്വങ്ങള്‍ക്കും വിയോജിപ്പുണ്ട്. ‘ആരോഗ്യമന്ത്രി അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ അറിയിക്കാറില്ല, വിളിച്ചാല്‍ ഫോണെടുക്കില്ല. ഗുരുതര അവഗണന’ എന്നായിരുന്നു ചിറ്റയത്തിന്‍റെ പരസ്യ വിമര്‍ശനം. പരസ്യ വിമര്‍ശനത്തിനു മുന്‍പ് ഇക്കാര്യങ്ങള്‍ മുന്നണിയില്‍ പറയണമായിരുന്നെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിന്. സിപിഐ സംസ്ഥാന നേതൃത്വവും ചിറ്റയത്തിന്‍റെ പരസ്യ പ്രതികരണത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് സൂചന.

എന്നാല്‍ വീണാ ജോര്‍ജിന്‍റെ സമീപനത്തിനെതിരെ ചിറ്റയം പരസ്യമായി പ്രതികരിച്ചതില്‍ തെറ്റില്ലെന്ന നിലപാട് സിപിഐയിലെ ഒരു വിഭാഗത്തിനുണ്ട്. വീണാ ജോര്‍ജിനെതിരെ ഉള്ള പരാതികള്‍ ഇതാദ്യമല്ല. വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന ആരോപണം കായംകുളം എംഎല്‍എ യു.പ്രതിഭ അടക്കമുള്ളവര്‍ പേരു പറയാതെ മുന്‍പ് ഉന്നയിച്ചിട്ടുള്ളതാണ്. പത്തനംതിട്ടയിൽ നിന്നുള്ള മുൻ സംസ്ഥാന കമ്മിറ്റിയംഗം വരെ പരാതി നൽകിയവരുടെ പട്ടികയിലുണ്ട്.‌

ചിറ്റയം ഗോപകുമാർ, വീണ ജോർജ് (ഫയൽ ചിത്രങ്ങൾ)
ചിറ്റയം ഗോപകുമാർ, വീണാ ജോർജ്

ആരോഗ്യമന്ത്രിയുമായും ഡപ്യൂട്ടി സ്പീക്കറുമായും ഇടതുമുന്നണി നേതൃത്വം പ്രത്യേക ആശയവിനിമയം നടത്തും. ഇതിനുശേഷം മാത്രമാകും ഒന്നിച്ചിരുത്തി പ്രശ്നം ചര്‍ച്ച ചെയ്യണമോ എന്നു തീരുമാനിക്കുക. ഇനിയുള്ള നാലുവര്‍ഷവും ഒന്നിച്ചു പോകേണ്ട ആരോഗ്യമന്ത്രിയും ഡപ്യൂട്ടി സ്പീക്കറും ആദ്യ വര്‍ഷം തന്നെ ഇടഞ്ഞത് ശാശ്വതമായി പരിഹരിക്കണമെന്നാണ് മുന്നണി നേതൃത്വത്തിന്‍റെ നിലപാട്.

English Summary: CPI on Veena George- Chittayam Gopakumar Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com