മിസൈൽ പരീക്ഷണത്തിന്റെയും ആണവായുധ നിർമാണത്തിന്റെയും വാർത്ത മാത്രം പുറത്തുവന്നിരുന്ന ഉത്തര കൊറിയയിൽനിന്ന് മേയ് 12ന് ഒരു ഞെട്ടിക്കുന്ന വിവരം കൂടി ലോകമറിഞ്ഞു – രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിരിക്കുന്നു! കോവിഡ് തുടങ്ങിയ ശേഷം, ഇതാദ്യമായാണ് ‘കിമ്മിന്റെ കിങ്ഡത്തിൽ’ നിന്ന് ആ രോഗം സംബന്ധിച്ച എന്തെങ്കിലും കാര്യത്തിൽ ഒരു സ്ഥിരീകരണമുണ്ടാകുന്നത്. ഇതുവരെ കേട്ടത്, ഉത്തര കൊറിയയിൽ കൊറോണ വൈറസിനു കടക്കാൻ പോലും സാധിച്ചില്ലെന്നായിരുന്നു. അഥവാ ആർക്കെങ്കിലും രോഗം വന്നാൽത്തന്നെ അവരെ ഏകാധിപതി കിം ജോങ് ഉൻ വെടിവച്ചു കൊലപ്പെടുത്തുമെന്നും. എന്നാൽ ഇപ്പോൾ കിം തന്നെ പറയുന്നു– ‘രാജ്യത്തെ സ്ഥിതി സ്ഫോടനാത്മകമാണ്’. രാജ്യത്തെ ഔദ്യോഗിക മാധ്യമം, കൊറിയൻ സെൻട്രൽ ന്യൂസ് ഏജന്‍സിയും (കെസിഎൻഎ) പറഞ്ഞു– ഉത്തരകൊറിയയിൽ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നു. മേയ് എട്ടിനായിരുന്നു ആദ്യ കേസ് കണ്ടെത്തിയത്. ഇതിനു തൊട്ടുപിന്നാലെ അടുത്ത റിപ്പോർട്ടുമെത്തി–രാജ്യത്തെ ഏകദേശം മൂന്നര രക്ഷം പേരെ ഒരുതരം ‘പനി’ ബാധിച്ചിരിക്കുന്നു. ഏപ്രിൽ അവസാനത്തോടെ ആരംഭിച്ചതാണ് ഈ പനി. അവിടെയും കോവിഡ് എന്നു പേരെടുത്തു പറയുന്നില്ലെങ്കിലും ഇതാദ്യമായി മാസ്കിട്ട് മാധ്യമങ്ങൾക്കു മുന്നിലെത്തിയ കിമ്മിന്റെ വാക്കുകളിൽനിന്നു തന്നെ എല്ലാം വ്യക്തം. ഏപ്രിൽ മുതൽ ആറു പേർ ഈ പ്രത്യേക ‘പനി’ ബാധിച്ചു മരിച്ചിട്ടുണ്ട്. അതില്‍ ഒരാളുടെ ടെസ്റ്റിൽ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തി. കിമ്മിന്റെ ഈ തുറന്നുപറച്ചിൽ ചില ചോദ്യങ്ങൾക്കും വഴിവച്ചു. ഇത്രയും കാലം കോവിഡിനെ അതിർത്തിക്കപ്പുറത്ത് നിർത്തിയ ഉത്തര കൊറിയയിൽ ഈ മഹാമാരി എങ്ങനെയെത്തി? ഇതിനു മുൻപും കോവിഡ് കേസുകൾ ഉണ്ടായിരുന്നുവെങ്കിൽ, അത് മറച്ചുവയ്ക്കുകയും ഇപ്പോഴത്തേത് പുറത്തുവിടുകയും ചെയ്തതെന്തിനാണ്? കോവിഡിനെ നേരിടാൻ കിം ജോങ് ഉന്നിന് സാധിക്കുന്നില്ലേ? ഇനിയെങ്കിലും രാജ്യത്തെ ജനത്തിനു വാക്സീന് നൽകുമോ? അതിന് ലോക രാജ്യങ്ങളുടെ സഹായം തേടുമോ? 2019ന്റെ അവസാനത്തിൽ ചൈനയിൽനിന്നു തുടങ്ങി പിന്നീട് ലോകമെമ്പാടും പടർന്നുപിടിച്ച മഹാമാരിയെ ഇതുവരെ തടഞ്ഞു നിർത്താൽ കഴിഞ്ഞുവെന്ന ഉത്തര കൊറിയയുടെ വാദത്തിൽ ഇന്നും സംശയമുണ്ട്. രാജ്യത്തു കുറച്ച് കാലമായി കോവിഡ് സാന്നിധ്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നിലവിൽ ലോകരാജ്യങ്ങൾക്കിടയിൽ, കോവിഡ് വ്യാപനം ചെറിയ തോതിലെങ്കിലും കുറഞ്ഞിട്ടുണ്ട്. അപ്പോഴും ചൈന പോലുള്ള രാജ്യങ്ങളിൽ രോഗം വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് ഞെട്ടലായി കിമ്മിന്റെ വെളിപ്പെടുത്തൽ? ലോകത്തിൽ നിന്ന് ഏകാധിപത്യത്തിന്റെ പുതപ്പിട്ടു കിം മൂടി വച്ചിരിക്കുന്ന ഉത്തരകൊറിയയിൽ എന്താണു സംഭവിക്കുന്നത്?
ഉത്തര കൊറിയയെ തകർക്കുമോ ആ ‘പനി’? മാസ്കിട്ട് കിം: ‘സ്ഥിതി സ്ഫോടനാത്മകം’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.