ADVERTISEMENT

തിരുവനന്തപുരം∙ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യത്തെ എതിർത്ത് സർക്കാർ നൽകിയ ഹർജിയിൽ വാദം പരിഗണിക്കുന്നത് നീട്ടിവച്ചു. ഹർജിയിൽ മേയ് 20ന് വാദം കേൾക്കും. പി.സി.ജോർജ് തർക്ക ഹർജി നൽകിയതു പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ടിലാണ് കേസ് പരിഗണിക്കുന്നത്. 

അനാവശ്യമായി സമയം ചോദിച്ച് ഹർജി നീട്ടുകയാണെന്നും എത്രയും വേഗം കേസ് തീർപ്പാക്കണമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പൊലീസ് തന്നെ അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്നതെന്ന് പി.സി.ജോർജിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചശേഷം അതു ലംഘിക്കുന്ന ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞത് പ്രോസിക്യൂഷൻ തെറ്റായി ചിത്രീകരിക്കുകയാണ്. കേസ് ബലപ്പെടുത്താൻ പൊലീസ് നടത്തുന്ന പരാക്രമണങ്ങളുടെ ഭാഗമായാണ് എറണാകുളത്തും കേസ് റജിസ്റ്റർ ചെയ്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗം നടത്തിയതിനു പി.സി.ജോർജിനെതിരെ കേസെടുത്ത പൊലീസ്, ഇരാറ്റുപേട്ടയിലെ വസതിയിൽനിന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. സാക്ഷിയെ സ്വാധീനിക്കരുതെന്നും മതവിദ്വേഷത്തിന് ഇടയാക്കുന്ന പരാമർശങ്ങൾ നടത്തരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായാണ് ജോർജ് പുറത്തിറങ്ങി മാധ്യമങ്ങളോട് പറഞ്ഞത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് ജോർജ് വിവാദ പ്രസംഗം നടത്തിയത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും മുസ്‌ലിം സമുദായത്തെ സംശയമുനയിൽ നിർത്താനും പ്രസംഗം ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകിയിരുന്നു.

English Summary : Hate speech: Court to hear government plea on PC George's case on May 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com