ADVERTISEMENT

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും പദ്ധതി യാഥാർഥ്യമാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വന്നേക്കാമെന്നും അതു തടയാനാണ് സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. പികെഎസ് പ്രതിനിധി സമ്മേളനം എകെജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

‘‘എതിർപ്പിനു മുന്നിൽ സർക്കാർ കീഴടങ്ങില്ല. സിൽവർലൈൻ പദ്ധതിക്കു കല്ലിടാൻ പ്രശ്നമുള്ള സ്ഥലങ്ങളിൽ കല്ലിടാതെയും പദ്ധതി നടപ്പിലാക്കാം. അതിന് ആധുനിക സംവിധാനങ്ങളുണ്ട്. ജനങ്ങളുമായി യുദ്ധം ചെയ്തല്ല, അവരെ സഹകരിപ്പിച്ചു പദ്ധതി മുന്നോട്ടുകൊണ്ടുപോകും. പദ്ധതിക്കായുള്ള തുക സർക്കാർ കണ്ടെത്തും. ഭൂമി വിട്ടുകൊടുക്കുന്നവർക്കു മികച്ച നഷ്ടപരിഹാരവും നല്ല രീതിയിൽ താമസിക്കാനുള്ള സംവിധാനവുമൊരുക്കും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ വികസനമേയില്ല എന്നു വരുത്തി തീർക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്’ – കോടിയേരി പറഞ്ഞു.

‘‘ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും. സാമ്പത്തികമായി വിഭവമില്ലാത്തതിനാലാണ് സർക്കാർ കിഫ്ബി കൊണ്ടുവന്നത്. കിഫ്ബി ഒരിക്കലും നടപ്പിലാവില്ലെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. എന്നാൽ, നടപ്പിലാകില്ലെന്നു പറഞ്ഞ കാര്യം നടപ്പിലാക്കാൻ എൽഡിഎഫിനു കഴിഞ്ഞു. കേന്ദ്രം പണം തരാത്തതിനാൽ കിഫ്ബി പോലുള്ള പദ്ധതികൾ സംസ്ഥാനത്തിന് ആവശ്യമാണ്. വികസന പദ്ധതികൾ ഇല്ലെങ്കില്‍ കേരളം മുരടിച്ചു പോകും. കേരള ബാങ്ക് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷം പറഞ്ഞെങ്കിലും നിയമപരമായ നടപടികൾ പൂർത്തിയാക്കി സർക്കാർ അത് യാഥാർഥ്യമാക്കി. ഇടതു സർക്കാർ ഇല്ലെങ്കിൽ കെഎസ്ആർടിസി നിലനിൽക്കില്ലായിരുന്നു’ – കോടിയേരി ചൂണ്ടിക്കാട്ടി.

‘‘വികസനം മുടക്കികളും വികസനവാദികളും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയിൽ. വികസനം വേണമെന്ന് പറയുന്നവർ എൽഡിഎഫിനു വോട്ടു ചെയ്യും. തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കു നോക്കിയിട്ടൊന്നും കാര്യമില്ല. വട്ടിയൂർക്കാവിൽ എല്‍ഡിഎഫ് ജയിക്കുമെന്ന് ആരും പറഞ്ഞിരുന്നില്ല. ഇതുവരെ ജയിക്കാത്ത പാലായിലും ജയിച്ചു. രാഷ്ട്രീയ സ്ഥിതിഗതികളിൽ വന്ന മാറ്റമാണ് തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിഫലിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി എൽഡിഎഫിന് അനുകൂലമാണ്’ – കോടിയേരി പറഞ്ഞു.

English Summary: Kodiyeri Balakrishnan on Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com