ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപനയ്ക്കു (ഐപിഒ) പിന്നാലെ എൽഐസി ഓഹരി വിപണിയുടെ ഭാഗമായി. ഐപിഒയിലെ വിലയേക്കാൾ കൂടിയ വിലയിൽ ലിസ്റ്റ് ചെയ്യുകയും അതുവഴി നിക്ഷേപകർക്ക് ആദ്യം തന്നെ ലാഭം ഉണ്ടാകുകയും ചെയ്യുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷയെങ്കിലും 8.6 ശതമാനം കിഴിവോടെ 867.20 രൂപയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി കൂടിയായ എൽഐസിയുടെ ഓഹരി ബോംബെ ഓഹരി സൂചികയിൽ ലിസ്റ്റ് ചെയ്തത്.

അതേസമയം, വ്യാപാരം തുടങ്ങി മിനിറ്റുകൾക്കകം ഓഹരിവില 900 രൂപ പിന്നിട്ട് ഒരു വേള 918 രൂപ എന്ന നിലവാരത്തിലേക്കും എത്തി. ഇന്നു രാവിലെ ഒൻപതിനാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ എൽഐസി ഓഹരി ലിസ്റ്റ് ചെയ്‍തത്. രാവിലെ 10ന് ശേഷമാണ് ഓഹരി ക്രയവിക്രയം തുടങ്ങിയത്. നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്കാകും ലിസ്റ്റിങ് എന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. പണപ്പെരുപ്പം, പലിശനിരക്ക് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ വിപണിയിലുണ്ടായ അസ്ഥിരാവസ്ഥയാണ് എൽഐസി ഓഹരിവിലയിൽ പ്രതിഫലിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ബിഎസ്ഇയിൽ ഇഷ്യു വിലയായ 949 രൂപയ്ക്കെതിരെ 867.20 രൂപയില്‍ ആരംഭിച്ച ഓഹരിവില ഏറ്റവും താഴ്ന്ന നിലയായ 860.10 രൂപയിലുമെത്തി. തുടർന്ന് 918 രൂപ വരെ ഉയർന്ന ശേഷം താണു. രാവിലെ 10.55 നുള്ള കണക്കുകൾ പ്രകാരം 898.35 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ദേശീയ ഓഹരി സൂചികയായ എൻഎസ്ഇയിൽ 8.11 ശതമാനം ഇടിവോടെ 872 രൂപയിലാണ് എൽഐസി ഓഹരി വ്യാപാരം തുടങ്ങിയത്.

949 രൂപയാണ് ഓഹരിവില നിശ്ചയിച്ചതെങ്കിലും ഡിസ്കൗണ്ട് ഉള്ളതിനാൽ പോളിസി ഉടമകൾക്ക് 889 രൂപയും സാധാരണ നിക്ഷേപകർക്കും (റീട്ടെയ്ൽ) ജീവനക്കാർക്കും 904 രൂപയുമാണ് ഒരു ഓഹരിക്കു നൽകിയത്. 2021 ൽ 18,300 കോടി രൂപ സമാഹരിച്ച പേടിഎമ്മിനു ശേഷം ഇന്ത്യൻ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒ കൂടിയായി എൽഐസി ഐപിഒ മാറി. 15,500 കോടി രൂപ സമാഹരിച്ച കോൾ ഇന്ത്യ, 11,700 കോടി രൂപ സമാഹരിച്ച റിലയൻസ് പവർ തുടങ്ങിയവയാണ് ഐപിഒകളിലെ മറ്റ് മുൻനിര ഓഹരികൾ.

എൽഐസിയുടെ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 3.5 ശതമാനം ഓഹരി വിറ്റ് 21,000 കോടി രൂപയാണ് സർക്കാർ നേടിയത്. ആറിരട്ടിയോളം അപേക്ഷകരിലൂടെ മികച്ച പ്രതികരണമാണ് എൽഐസി ഐപിഒയ്ക്കു ലഭിച്ചത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഓഹരികളിൽ 1,581,249 യൂണിറ്റ് ജീവനക്കാർക്കും 22,137,492 യൂണിറ്റുകൾ പോളിസി ഉടമകൾക്കും സംവരണം ചെയ്തിരുന്നു.

English Summary: LIC opens at 8.62% discount from issue price on BSE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com