ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി നടത്തിയ പരാമർശം ആയുധമാക്കി രംഗത്തെത്തുകയാണ് സിപിഎം. പിണറായി മുൻപു നടത്തിയിട്ടുള്ള പരാമർശങ്ങൾ ഓർമിപ്പിച്ച് കോൺഗ്രസും തിരഞ്ഞെടുപ്പു കളത്തിൽ സജീവമാണ്. ഇതിനു പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും രംഗത്തെത്തി. കാറിൽനിന്ന് നീരുവച്ച കാലുമായി പുറത്തറിങ്ങിയ മുഖ്യമന്ത്രി തന്റെ ധാരണകളെ കടപുഴക്കിയെന്ന് ആര്യാ രാജേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പ് വായിക്കാം:

അച്ഛന്റെ കാലിൽ നീരു കാണുമ്പോൾ അമ്മ പറയും വിശ്രമിക്കാത്തത് കൊണ്ടാണെന്ന്. എനിക്ക് പലപ്പോഴും അത് സത്യമാണെന്ന് തോന്നാറുമുണ്ട്, കാരണം അച്ഛൻ വിശ്രമിച്ചു ഞാൻ കണ്ടിട്ടില്ല. പ്രായം കൂടുന്തോറും അച്ഛന്റെ തിരക്കും കൂടി വരികയാണ് ചെയ്തത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള ഒരു സാധാരണക്കാരന്റെ സമരമായിരുന്നു അത്. സോഷ്യൽ മീഡിയയിൽ കുറേ നേരമായി തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സുധാകരൻ മുഖ്യമന്ത്രിയെപ്പറ്റി പറയുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോൾ രാവിലെ ‘നിഷി’ൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് മനസ്സിൽ ഓടിയെത്തിയത്.

അദ്ദേഹം കാറിൽ നിന്നിറങ്ങുമ്പോൾ കാലിൽ അച്ഛന്റെ കാലിൽ കാണുന്നതു പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു. പക്ഷേ എന്റെ ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്. കാറിനു മുന്നിൽ അദ്ദേഹത്തെ സ്വീകരിക്കാൻനിന്ന ചെറിയ മക്കളുടെ പ്രിയപ്പെട്ട അപ്പൂപ്പനായി, സ്നേഹ വാത്സല്യങ്ങൾ പകർന്ന് നിറപുഞ്ചിരിയോടെ അദ്ദേഹം പരിപാടിയിൽ പങ്കെടുത്തു.

എന്റെ അച്ഛനെപ്പോലെ ഒരു കുടുംബത്തിന്റെ മാത്രമല്ല, ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷയാണ് പിണറായി വിജയൻ. അദ്ദേഹം മുന്നിൽനിന്ന് നയിക്കുമ്പോൾ ഒരു പ്രതിസന്ധിയുടെ മുന്നിലും നാം തലകുനിക്കില്ല എന്ന ചരിത്രം കെ.സുധാകരനടക്കമുള്ളവർക്ക് ഓർമയുണ്ട് എന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്. തൃക്കാകരയിലെ പ്രബുദ്ധരായ ജനങ്ങൾ ഇതിനു മറുപടി പറയും.

English Summary: Arya Rajendran writes about Pinarayi Vijayan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com