ADVERTISEMENT

രണ്ടാം പിണറായി സർക്കാരിനു, പ്രത്യേകിച്ച് തദ്ദേശ വകുപ്പിനു പ്രഖ്യാപനങ്ങളിൽ ഒരു കുറവും ഇല്ല. പക്ഷേ, ഒരു പ്രഖ്യാപിത പദ്ധതിയും ഇന്നു വരെ കടലാസിലേതിനപ്പുറം നീങ്ങിയിട്ടില്ല. വാതിൽപ്പടി സേവനം, കുടുംബശ്രീ ഓക്സിലിയറി യൂണിറ്റ്, ഇപ്പോഴിതാ എന്റെ തൊഴിൽ എന്റെ അഭിമാനം. ഇതിൽ ഒന്നു പോലും ശരിക്കും നടപ്പായിട്ടില്ല.

∙ വാതിൽപ്പടി സേവനം

പൊതുപ്രവർത്തനം നടത്തുവാൻ തൽപരരായ ഒരു വിഭാഗത്തെ രൂപീകരിച്ചുകൊണ്ട് അർഹരായവരുടെ പടിവാതിൽക്കൽ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിനുള്ളതാണു വാതിൽപ്പടി സേവനം പദ്ധതി. ആശ പ്രവർത്തകർ സന്നദ്ധ സേന വൊളന്റിയർമാരുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ വീട്ടിൽ ചെന്നു ചെയ്തുകൊടുക്കുകയാണ് ഉദ്ദേശിക്കുന്നത്. ആനുകൂല്യം ലഭിക്കാൻ സർക്കാർ ഓഫിസ് കയറിയിറങ്ങേണ്ടെന്ന വിപ്ലവകരമായ പദ്ധതി. 60 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ചലനപരിമിതി അനുഭവിക്കുന്നവർ എന്നിവരാണു ഗുണഭോക്താക്കൾ. 2021 ജനുവരി 28നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. മേയ് 31ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

Doorstep Service Project Poster (Images - Facebook)
(Image - Facebook)

ലൈഫ് സർട്ടിഫിക്കറ്റ്, പെൻഷൻ മസ്റ്ററിങ്, സാമൂഹിക സുരക്ഷ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷ, ജീവൻ രക്ഷാ മരുന്നുകൾ തുടങ്ങിയവയാണു നിശ്ചയിച്ച സേവനങ്ങൾ. സർക്കാർ സേവനം ജനങ്ങളുടെ അവകാശമാണെന്നാണു പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പ്രസ്താവിച്ചത്. 2021 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് എവിടെയെങ്കിലും ഒരിടത്ത് ഒരാൾക്കെങ്കിലും ഏതെങ്കിലും സേവനം ലഭിച്ചതായി ഒരു റിപ്പോർട്ടും ഇതുവരെ ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു വൊളന്റിയർ സേന പ്രവർത്തിക്കുന്നതായും റിപ്പോർട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹികനീതി വകുപ്പ്, സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

വാർഡ് തല കമ്മിറ്റി രൂപീകരണം, സേവനാവകാശ പട്ടിക തയാറാക്കൽ, സന്നദ്ധ സേവകരുടെ തിരഞ്ഞ‍െടുപ്പ് എന്നിവ ചിലയിടത്തു നടന്നു. പ‍ഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന, ആശ പ്രവർത്തക, ഹെൽത്ത് ഇൻസ്പെക്ടർ, അക്ഷയകേന്ദ്രം പ്രതിനിധി, ഐസിഡിഎസ് സൂപ്പർവൈസർ, പാലിയേറ്റീവ് കെയർ കമ്മിറ്റി പ്രതിനിധി, സ്പെഷൽ അയൽക്കൂട്ടം പ്രതിനിധി, വയോമിത്രം കോ ഓർഡിനേറ്റർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവകർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഗ്രാമപഞ്ചായത്തിൽ അംഗസംഖ്യ 15, നഗരസഭയിൽ 17 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു.

∙ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്

45 ലക്ഷത്തിലേറെ കുടുംബങ്ങൾ കുടുബശ്രീയിൽ അംഗമാണെങ്കിലും 18നും 40നും ഇടയിൽ പ്രായമുള്ളവർ 10 ശതമാനമാണുള്ളത്. ഇതിനു പരിഹാരം കാണുക ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് പദ്ധതി. 2021 ഒക്ടോബർ 2നാണു പദ്ധതി ആരംഭിച്ചത്. 2022 മാർച്ചിനുള്ളിൽ 20,000 യൂണിറ്റുകൾ രൂപീകരിച്ചതായിട്ടാണ് അവകാശവാദം. എന്നാൽ, ഒരു യൂണിറ്റു പോലും പ്രവർത്തിക്കുന്നതായി ഒരു റിപ്പോർട്ടും ഇല്ല. കുടുംബശ്രീ എഡിഎസ് തലത്തിൽ ശേഖരിച്ചു സമർപ്പിച്ച കണക്ക് അനുസരിച്ചാണു സർക്കാരിന്റെ അവകാശവാദം. പ്രഖ്യാപനത്തിനു ശേഷം തുടർ പരിശോധന ഒന്നും നടന്നിട്ടുമില്ല.

Kudumbasree Auxiliary Project Poster (Images - Facebook)
(Image - Facebook)

സ്ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും സാമൂഹിക ഉന്നമനത്തിനും ഉതകുന്ന വേദി ഒരുക്കുക ലക്ഷ്യമാക്കി ആരംഭിച്ചതാണ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്. അഭ്യസ്തവിദ്യരായ സ്ത്രീകളുടെ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സ്ത്രീകളുടെ പദവി ഉയർത്തുക, വരുമാനദായ പ്രവർത്തനങ്ങൾ ഒരുക്കുക, സ്ത്രീധനം, ഗാർഹിക പീഡനം തടയൽ, ജെൻഡർ, തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സമത്വം, തുല്യനീതി തുടങ്ങി സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാനുള്ള പൊതുവേദിയായി പ്രവർത്തിക്കുക, മൈക്രോ സംരംഭം ആരംഭിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.

18നും 40നും ഇടയിൽ പ്രായമുള്ളവർക്കാണ് അംഗമാവാനാവുക. ഒരു വീട്ടിൽ നിന്ന് ഒന്നിലധികം പേർക്ക് അംഗത്വമെടുക്കാം. നിലവിൽ അയൽക്കൂട്ട അംഗങ്ങളുള്ള കുടുംബങ്ങളിലെ 18നും 40നും ഇടയിൽ പ്രായമുള്ളവർക്കും അംഗമാവാം. പരമാവധി 50 ആണ് അംഗസംഖ്യ. അഞ്ചംഗ കമ്മിറ്റിക്കാണു നിയന്ത്രണം. ടീം ലീഡർ, ടീം മെംബർ– ഫിനാൻസ്, ടീം മെംബർ– കോ ഓർഡിനേഷൻ, ടീം മെംബർ – സാമൂഹിക വികസനം, ടീം മെംബർ – ഉപജീവനം എന്നിവരാണു ഭാരവാഹികൾ.

∙ എന്റെ തൊഴിൽ എന്റെ അഭിമാനം

പാഴാവുന്ന പ്രഖ്യാപന കൂട്ടത്തിലെ അവസാനത്തേതാണ് എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി. സംസ്ഥാനത്തെ 20 ലക്ഷം അഭ്യസ്തവിദ്യർക്ക്  2026നുള്ളിൽ തൊഴിൽ ലഭ്യമാക്കുന്ന കേരള നോളജ് ഇക്കണോമി മിഷൻ പദ്ധതിയുടെ സർവേ മേയ് 15 വരെ നടന്നു. കുടുംബശ്രീ വൊളന്റിയർമാർ വീടുകളിലെത്തി 18 മുതൽ 59 വരെ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരം ശേഖരിച്ച്‌ മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ചേർക്കുകയായിരുന്നു. തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്നതിനാണു ഡിജിറ്റൽ വർക്ക് ഫോഴ്‌സ് സിസ്റ്റം.

സർവേയ്ക്ക് അപ്പുറം ഈ പദ്ധതി എന്താവുമെന്നാണു ജനം ചോദിക്കുന്നത്. 20 ലക്ഷം പേർക്കു പോയിട്ട് അതിന്റെ നൂറിലൊന്നു പേർക്കെങ്കിലും തൊഴിൽ കണ്ടെത്താനാവുമോയെന്നു സംശയിക്കണം. കുടുംബശ്രീ പല സംരംഭങ്ങൾ ആരംഭിച്ചെങ്കിലും ഭൂരിപക്ഷവും ആയുസ് അധികമില്ലാതെ അടച്ചു. യുപിഎ സർക്കാർ ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയാണ് 45 ലക്ഷത്തിലേറെയുള്ള കുടുംബശ്രീ അംഗങ്ങളിൽ ജോലി ചെയ്യാൻ തയാറുള്ള ഭൂരിപക്ഷത്തിന്റെയും ആശ്രയം.

Ente Thozhil Ente Abhimanam Poster (Images - Facebook)
(Image - Facebook)

ഗ്രാമ പഞ്ചായത്തുകളിലെ ഓരോ വാർഡിലും 50 പേർ വീതമെങ്കിലും കേന്ദ്ര തൊഴിലുറപ്പു പദ്ധതിയെ ആശ്രയിച്ചു കഴിയുന്നുണ്ട്. എന്നാൽ, അതിന്റെ പത്തിലൊന്നു പോലും കുടുംബശ്രീയുടെ തനതു സംരംഭങ്ങളിലൂടെ ജീവിതമാർഗം കണ്ടെത്തിയിട്ടില്ല. 20,000 കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചെന്ന് അവകാശപ്പെടുന്നവർക്ക് അതിന്റെ കീഴിൽ ആരംഭിച്ച ഒരു സംരംഭം പോലും ചൂണ്ടിക്കാട്ടാനില്ല. എന്നിട്ടാണ് 20 ലക്ഷം അഭ്യസ്തവിദ്യർക്ക്  ജോലി കണ്ടെത്താനുള്ള സർക്കാരിന്റെ പുതിയ പദ്ധതി.

English Summary: Big projects announced by Local bodies are only on paper, reality is a big zero

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com