ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ്സിൽനിന്നു രാജിവച്ചതിനു പിന്നാലെ പാർട്ടി േനതൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഗുജറാത്തിൽനിന്നുള്ള യുവനേതാവ് ഹാർദിക് പട്ടേൽ. മുതിർന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം ചിക്കൻ സാൻവിച്ച് ഉറപ്പാക്കുന്നതിലാണെന്നും ഹാർദിക് തുറന്നടിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ഹാർദിക് പട്ടേൽ വിമർശനമുയർത്തി.

‘‘ഞാൻ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു. ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങൾ കേൾക്കാൻ താൽപര്യം കാണിച്ചതുമില്ല. ഗുജറാത്തിലെ മുതിർന്ന നേതാക്കൻമാർക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദർശിച്ച് അവർക്ക് ചിക്കൻ സാൻവിച്ച് ഉറപ്പുവരുത്തുന്നതിലാണ് കൂടുതൽ താൽപര്യം’ – ഹാർദിക് പട്ടേൽ പറഞ്ഞു

‘‘നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു. ഗുജറാത്തിനെ ഇഷ്ടമില്ലാത്തതിനാൽ കോൺഗ്രസ് നേതൃത്വവും യാതൊരു താൽപര്യവും കാണിക്കുന്നില്ല. ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ മാർഗരേഖ പോലുമില്ല. സർക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിർക്കുന്നത് മാത്രമായി കോൺഗ്രസ് രാഷ്ട്രീയം’ – ഹാർദിക് ചൂണ്ടിക്കാട്ടി.

‘‘രാഹുൽ ഗാന്ധി ഗുജറാത്തിലെത്തിയപ്പോൾ തിരക്കായതിനാൽ എന്നെ പ്രത്യേകമായി കണ്ടില്ല. എന്നെ സഹായിക്കാൻ ഡൽഹിയിൽ ഗോ‍ഡ്ഫാദർമാരില്ല. എന്റെ സ്വന്തം യോഗ്യതകൾ മുൻനിർത്തി പ്രവർത്തിക്കേണ്ടതായുണ്ട്’ – ഹാർദിക് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് 2019ലാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് നേതാക്കൾ തന്നെ മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം മുൻപ് ആരോപിച്ചിരുന്നു. രണ്ട് മാസമായി ബിജെപി നേതൃത്വവുമായി ഹാർദിക് പാട്ടേൽ അടുപ്പത്തിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഹാർദിക്കിനെ പാർട്ടിയിൽ പ്രവേശിപ്പിക്കുന്നതിന് ഗുജറാത്ത് ബിജെപി അനുമതി നൽകുമെന്നാണ് വിവരം. രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിച്ച് ഏതാനും ദിവസം പിന്നിടുമ്പോഴാണ് ഹാർദിക് പാർട്ടി വിട്ടത്.     

English Summary: Hardik Patel Exits Congress Slams leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com