ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിക്ക് 700 പുതിയ സിഎന്‍ജി ബസുകൾ വാങ്ങാന്‍ മന്ത്രിസഭാ യോഗം തരുമാനിച്ചു. കിഫ്ബിയിൽനിന്നു നാലു ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കിയാകും പുതിയ ബസുകൾ വാങ്ങുകയെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പ്രവര്‍ത്തനം മെച്ചപ്പെടുത്തി കെഎസ്ആര്‍ടിസിക്ക് ലാഭം ഉണ്ടാക്കാനാണ് ധനസഹായം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഈ തുക ശമ്പളം നല്‍കുന്നതിന് ഉപയോഗിക്കില്ല. പത്തു മാസത്തിനകം ബസ്സുകൾ വാങ്ങാനാണ് ധാരണ. അതേസമയം, ശമ്പള വിതരണ പ്രതിസന്ധി മന്ത്രിസഭ പരിഗണിച്ചില്ല.

കെഎസ്ആർടിസി സ്വിഫ്റ്റിനു വേണ്ടിയാണ് ബസ്സുകൾ വാങ്ങുന്നത്. കെഎസ്ആർടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017നു ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റിനായി സർവീസ് നടത്തുന്നത്.

പുതിയ 700 ബസുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. പുതിയ ബസുകൾ എത്തുന്നതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധനച്ചെലവും കുറയുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കൂടുതൽ സിഎന്‍ജി സ്റ്റേഷനുകൾ സ്ഥാപിക്കും. അദാനി ഗ്രൂപ്പും പൊതുമേഖലാ എണ്ണക്കമ്പനികളും ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സിഎന്‍ജിയിലേക്കു മാറുമ്പോള്‍ ഇന്ധനച്ചെലവു കുറയുകയും കൂടുതൽ മൈലേജ് ലഭിക്കുകയും ചെയ്യും. ഒപ്പം നടത്തിപ്പു ചെലവും കുറയുമെന്നുമാണ് കണക്കുകൂട്ടല്‍. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ആയിരം സിഎന്‍ജി ബസുകൾ വാങ്ങാന്‍ തുക ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും പണം നല്‍കിയിരുന്നില്ല.

English Summary : 700 new CNG buses for KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com