ADVERTISEMENT

അഹമ്മദാബാദ് ∙ രാജ്യത്ത് ഏറ്റവും കൂടുതൽ ജാതീയത പുലർത്തുന്ന പാർട്ടി കോൺഗ്രസ് ആണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം പാർട്ടി വിട്ട യുവനേതാവ് ഹാർദിക് പട്ടേൽ. അടിമുടി അഴിമതിയും ജാതീയതയും പേറുന്ന പാർട്ടിയാണ് കോൺഗ്രസ്. ഗുജറാത്തിലെ ദഹോദിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദിവാസി സത്യാഗ്രഹ റാലിയിൽ ആകെ 25,000ത്തോളം പേരാണു പങ്കെടുത്തത്. പിന്നീട് റാലിയുടെ ചെലവിന്റെ ബില്ലു വന്നപ്പോൾ അത് 75,000 പേരായി. ഇതാണ് അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന്റെ നിലവാരമെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിൽ ചേർന്നേക്കുമെന്ന വാർത്തകൾ നിഷേധിച്ച ഹാർദിക്, ഈ ഘട്ടത്തിൽ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാജിവയ്ക്കുകയാണെന്നറിയിച്ച് സോണിയ ഗാന്ധിക്കയച്ച കത്തിലും ഹാർദിക് കോൺഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രവ‍ൃത്തികളെ എതിർക്കുക മാത്രമാണു കോൺഗ്രസ് ചെയ്യുന്നതായിരുന്നു പ്രധാന ആരോപണം.

സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലായിരുന്നുവെന്നും രണ്ടു വർഷത്തോളം യാതൊരു തരത്തിലുള്ള ഉത്തരവാദിത്തങ്ങളും തന്നെ ഏൽപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കടലാസിൽ മാത്രമായിരുന്നു എന്റെ പദവി. വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയായിരുന്നു കോൺഗ്രസില്‍ തന്റേതെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.

‘‘രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിച്ച വേളയിൽ ഗുജറാത്തിനെ ബാധിക്കുന്ന യാതൊരു തരത്തിലുള്ള വിഷയങ്ങളും ചർച്ചയായില്ല. രാഹുൽ ഗാന്ധിക്ക് ചിക്കൻ സാൻ‍വിച്ചും മറ്റു വിഭവങ്ങളും വിളമ്പുന്നതിലായിരുന്നു നേതാക്കളുടെ ശ്രദ്ധ. ജാതി രാഷ്ട്രീയമല്ലാതെ മറ്റൊന്നും ചർച്ചയായതുമില്ല’– ഹാർദിക് ആരോപിച്ചു. കോൺഗ്രസിൽ കുടുംബാധിപത്യമാണെന്നും കോൺഗ്രസെന്നാൽ ഗാന്ധി കുടുംബം മാത്രമാണെന്നും ഹാർദിക് പറഞ്ഞു.

ഭാരവാഹിത്വത്തിലും സ്ഥാനാർഥിത്വത്തിലും 50% പ്രാതിനിധ്യം യുവാക്കൾക്കു നൽകാൻ ചിന്തൻ ശിബിരം തീരുമാനമെടുത്തു മൂന്നാം ദിവസമാണ്, ഗുജറാത്തിൽ പാർട്ടിയുടെ യുവ നേതാക്കളിൽ പ്രമുഖനായ ഹാർദിക് രാജിവച്ചത്. പട്ടേൽ സമുദായ പ്രക്ഷോഭത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന ഹാർദിക് 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണു കോൺഗ്രസിൽ ചേർന്നത്. പട്ടേൽ സമുദായ നേതാവ് നരേഷ് പട്ടേലിനെ പാർട്ടിയിലെടുക്കാനുള്ള നീക്കത്തിൽ ഹാർദിക് അസ്വസ്ഥനായിരുന്നു. നരേഷിന്റെ സാന്നിധ്യം ക്ഷീണം ചെയ്യുമെന്ന ആശങ്കയിലായിരുന്നു ഹാർദിക് പട്ടേലെന്നാണ് സൂചന.

English Summary: Hardik Patel says Congress is 'most casteist party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com