ADVERTISEMENT

തിരുവനന്തപുരം ∙ സിൽവര്‍ലൈനെന്ന സ്വപ്നം ചേർത്തുപിടിച്ചും സാമ്പത്തിക പ്രതിസന്ധിയെന്ന യാഥാർഥ്യത്തെ അഭിമുഖീകരിച്ചുമാണ് രണ്ടാം പിണറായി സർക്കാർ നാളെ രണ്ടാം വർഷത്തിലേക്കു കടക്കുന്നത്. വികസന സ്വപ്നങ്ങൾ ഏറെയുണ്ട് സർക്കാരിന്. വേണ്ടത് പണമാണ്; ഇല്ലാത്തതും പണം തന്നെ. സിൽവർലൈനാണ് രണ്ടാം പിണറായി സർക്കാർ ഏറ്റവുമധികം പ്രാധാന്യം നൽകുന്ന പദ്ധതി. ഒരു വർഷത്തിനിടെ സർക്കാരിന് ഏറ്റവുമധികം എതിർപ്പു നേരിടേണ്ടി വന്നതും ഈ പദ്ധതിയുമായി ബന്ധപ്പെട്ടു തന്നെ. മുന്നണിയിലെ പടലപ്പിണക്കങ്ങളോ മറ്റു വിവാദങ്ങളോ സർക്കാരിനെ അലട്ടുന്നില്ല.

അടുത്തെത്തി നിൽക്കുന്ന വെല്ലുവിളി തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ്. നിയമസഭയിൽ വെല്ലുവിളി ഇല്ലെങ്കിലും സിൽവർലൈൻ അടക്കമുള്ള സർക്കാർ നിലപാടുകളോടുള്ള ജനകീയ പ്രതികരണമായി തൃക്കാക്കരയിലെ ജയപരാജയം വ്യാഖ്യാനിക്കപ്പെടും. സിൽവർലൈനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിലെന്നു പ്രതിപക്ഷം പറയുമ്പോൾ, വികസനത്തിനുള്ള വിധിയെഴുത്താകുമെന്നാണ് സർക്കാരിന്റെ മറുപടി. തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ ഇടതു മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. തൃക്കാക്കരയിൽ വിജയമുണ്ടായാൽ സിൽവർലൈൻ പദ്ധതി പ്രവർത്തനങ്ങൾക്ക് അതിവേഗം കൈവരിക്കും. തോൽവിയാണെങ്കിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടിവരും. സിൽവർലൈനിന്റെ പേരിൽ പ്രതിപക്ഷത്തിന് ആയുധം നൽകരുതെന്ന അഭിപ്രായം സിപിഎമ്മിനുള്ളിൽത്തന്നെയുണ്ട്. സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകാൻ ഏറെ കടമ്പകൾ ബാക്കിയാണ്. വിവിധ പഠനങ്ങള്‍ പൂർത്തിയാക്കി കേന്ദ്ര അനുമതി നേടണം; പദ്ധതിക്കായി വായ്പയും ലഭിക്കണം.

പദ്ധതിയുടെ ചെലവ് 63,940 കോടി രൂപയെന്ന് സംസ്ഥാനം കണക്കുകൂട്ടുമ്പോൾ, ഒന്നരലക്ഷം കോടി ചെലവാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോൾത്തന്നെ ശുഷ്കമായ ഖജനാവിന് ഇത് എങ്ങനെ താങ്ങാനാകുമെന്നതാണ് ചോദ്യം. താൽക്കാലിക ക്രമീകരണമെന്ന നിലയിൽ 5000 കോടി കടമെടുക്കാൻ ദിവസങ്ങള്‍ക്കു മുൻപ് കേന്ദ്രം അനുമതി നൽകിയതോടെയാണ് സാമ്പത്തിക പ്രതിസന്ധിക്കു തൽക്കാലത്തേക്കു പരിഹാരമായത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെയും കിഫ്ബിയുടെയും കടം സംസ്ഥാനത്തിന്റെ കടമായി കൂട്ടണമെന്നാണ് കേന്ദ്ര നിലപാട്. ഈ നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നാൽ 13,000 കോടി രൂപയുടെ വായ്പ സംസ്ഥാനത്തിനു കുറയും. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇതു കാര്യമായി ബാധിക്കും. കിഫ്ബിക്കു വായ്പയെടുക്കുന്നതിൽ തടസങ്ങളുണ്ടായാല്‍ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. ദേശീയപാതാ വികസനം, ജലപാത, തീരദേശ ഹൈവേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വലിയ പദ്ധതികളെയും സാമ്പത്തിക പ്രതിസന്ധി ബാധിക്കാം.

ലോകായുക്താ വിഷയം ഒഴികെ വലിയ രാഷ്ട്രീയ വിവാദങ്ങളില്ലാത്ത വർഷം കൂടിയാണ് കടന്നുപോകുന്നത്. മുന്നണിയിലും അതിനെ നയിക്കുന്ന സിപിഎമ്മിലും കാര്യമായ പ്രശ്നങ്ങളില്ല. സിപിഐ സിപിഎമ്മുമായി രമ്യതയിലാണ്. സിപിഎമ്മിൽ പാർട്ടി സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി–സർക്കാർ ബന്ധം കോട്ടംതട്ടാതെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നു. സർക്കാരിൽ മുഖ്യമന്ത്രിക്കു വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങളില്ല. ചെറിയ ഘടകകക്ഷികളിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടെങ്കിലും സിപിഎം അതിനെ കാര്യമാക്കുന്നില്ല. അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങളും പൊലീസ് നയവും വിമർശനം ക്ഷണിച്ചുവരുത്തുന്നത് വെല്ലുവിളിയാണ്.

English Summary: Pinarayi govt's second year in office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com