ടാങ്കറിൽ നേരിട്ടുള്ള സ്പിരിറ്റ് കടത്തിന് ധൈര്യമില്ല; എന്നിട്ടും നാടാകെ വ്യാജകള്ള്

HIGHLIGHTS
  • അതിർത്തി ഗ്രാമങ്ങളിൽ സ്പിരിറ്റ് േശഖരിച്ച് ലോബി
palakkad-spirit-smugling
സേലം ശ്രീനായിക്കാംപെട്ടിയിൽ പിടികൂടിയ സ്പിരിറ്റ് ശേഖരം പാലക്കാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സി. സെന്തിൽ കുമാർ പരിശേ‍ാധിക്കുന്നു.
SHARE

തിരുവനന്തപുരം ∙ വില കുറ‍ഞ്ഞ മദ്യത്തിന്റെ ദൗർലഭ്യം നേരിട്ടതോടെ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് സ്പിരിറ്റ് എത്തിക്കാൻ ഇതരസംസ്ഥാന ലോബികൾ. കഴിഞ്ഞമാസം എറണാകുളത്ത് പിടിയിലായതിന് പുറമേ ഇന്നലെ 1000 ലീറ്റർ സ്പിരിറ്റ് ആലുവയിൽനിന്നും പിടികൂടി. കള്ളുഷാപ്പുകളിൽ വ്യാജകള്ള് ഉണ്ടാക്കുന്നതിനായാണ് വ്യാപകമായി സ്പിരിറ്റെത്തുന്നത്. 

വ്യാജ സ്പിരിറ്റിന്റെ ഉറവിടം തേടിയാൽ കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ വൻതോതിൽ എത്തിച്ച് ചെറിയ വാഹനങ്ങളിൽ പ്രത്യേക അറയുണ്ടാക്കി കൊണ്ടുവരുന്ന തന്ത്രമാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. മുൻപ് ടാങ്കർ ലോറികളിൽ നേരിട്ട് അതിർത്തി കടത്തിക്കൊണ്ടുവരാൻ കാണിച്ച ധൈര്യം ഇപ്പോൾ കാണിക്കുന്നില്ലെന്നു മാത്രം. കേരളത്തിന്റെ അതിർത്തി പങ്കിടുന്ന കോയമ്പത്തൂരും തേനിയും നാഗർകോവിലിലുമൊക്കെ സ്പിരിറ്റ് ശേഖരിച്ച് ചെറിയ വാഹനങ്ങളിൽ സംശയം തോന്നാത്ത വിധം കേരളത്തിലേക്ക് കടത്തുന്നു. 

മദ്യനയത്തിൽ പ്രതീക്ഷിച്ച നികുതിയിളവ് ലഭിക്കാതെ പോയതും എക്സൈസ് ഡ്യൂട്ടി മുൻകൂർ അടയ്ക്കുന്നതിൽനിന്നു ബവ്കോ പിൻമാറിയതും മൂലം മദ്യക്കമ്പനികൾ മദ്യവിതരണം വെട്ടിക്കുറച്ചിരുന്നു. സ്പിരിറ്റ് വില 20 ശതമാനത്തിലേറെ ഉയർന്നതും വിതരണം ഇടിയാൻ കാരണമായി. കൂടുതൽ വിൽപന നടക്കുന്ന വിലകുറഞ്ഞ മദ്യം പല വിൽപനശാലകളിലും സ്റ്റോക്ക് ഇല്ല. ഉയർന്ന പ്രതിദിന കച്ചവടം നടക്കുന്ന വിശേഷദിവസങ്ങൾ വരാനിരിക്കെയാണു മദ്യവിതരണത്തിൽ ഇടിവുണ്ടായതും. ഇൗ തക്കം നോക്കിയാണ് സ്പിരിറ്റ് ലോബിയുടെ വരവ്. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് സ്പിരിറ്റിന്റെ ഉറവിടമെന്നുമാണ് എക്സൈസ് സ്പെഷൽ സ്ക്വാഡിന് ലഭിക്കുന്ന വിവരം.

വ്യാജ കള്ളിന്റെ ചേരുവകൾ 

palakkad-spirit
പാലക്കാട് നിന്ന് പിടിച്ചെടുത്ത സ്‌പിരിറ്റ്‌.

ആലുവയിൽ മംഗലത്തു പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന തോട്ടക്കാട്ടുകാര കള്ള്ഷാപ്പിൽ നിന്നും 760 ലിറ്റർ സ്പിരിറ്റ് പിടികൂടി. ഷാപ്പിൽ ഭൂമിക്കടിയിൽ രഹസ്യ അറ ഉണ്ടാക്കി ആണ് സ്പിരിറ്റ്‌ സൂക്ഷിച്ചിരുന്നത്. 350 ലീറ്റർ വ്യാജക്കള്ള് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 1.650 കിലോ സിലോൺ പേസ്റ്റ്, കള്ളിൽ മധുരം കിട്ടാൻ വേണ്ടി ഉപയോഗിക്കുന്ന 270 ഗ്രാം സാക്രിൻ എന്നിവയും ഇവിടെനിന്ന് പിടികൂടി. കള്ള്ഷാപ്പ് ബെനാമികളെ അറസ്റ്റു ചെയ്യാനുണ്ടെന്നുമാണ് എക്സൈസ് സംഘത്തിന്റെ പ്രതികരണം. 

2010ൽ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് ആകെ ചെത്തുന്ന തെങ്ങുകളുടെ എണ്ണം 5,50,706 ആണ്. ഇതിൽനിന്നു ലഭിക്കുന്ന കള്ള് ഒരുകോടി 42 ലക്ഷം ലീറ്റർ. പന 39,862 എണ്ണം (കള്ള് 54,35,229 ലീറ്റർ), ആകെ ചെത്തുന്ന ചൂണ്ടപ്പന 40,065 (58,30,459 ലീറ്റർ), ആകെ ലഭിക്കുന്ന കള്ള് 2,55,65,384 ലീറ്റർ. ഒരു തെങ്ങിൽനിന്നു ദിവസം ഒന്നര ലീറ്റർ കിട്ടുമത്രേ. ഇത് 2010ലെ കണക്കാണെങ്കിൽ 2022ലെത്തുമ്പോൾ തെങ്ങിന്റെ എണ്ണം കൂടിയോ കുറഞ്ഞോയെന്ന ചോദ്യം ചിലർക്ക് ഇഷ്ടമാകണമെന്നില്ല. 

ഈ കലക്കാണ് ജീവിതം കലക്കുന്നത് 

ഒരു കള്ളുഷാപ്പിലെ കലക്കൽ ഏതാണ്ടിങ്ങനെയാണ്: 50 ലീറ്റർ യഥാർഥ കള്ള്. 10 കിലോ പഞ്ചസാര, 30 ലീറ്റർ സ്‌പിരിറ്റ്, 200 ലീറ്റർ വെള്ളം. പിന്നെ മയക്കം കിട്ടാനായി ഡയസെപാം, ചിലപ്പോൾ മയക്കം ഉണ്ടാക്കുന്ന തരം ഗുളികകൾ. അമോണിയം ക്ലോറൈഡ്, ക്ലോറാൽ ഹൈഡ്രേറ്റ്, നെട്രാസെറ്റ്, നെട്രാവെറ്റ്, സ്‌റ്റാർച്ച്. ഇവയെല്ലാം ചേർത്തു ശരിക്കു കലക്കാനായി ഹാൻഡ് പമ്പും ഉപയോഗിക്കുന്നുണ്ട്.

50 ലീറ്റർ കള്ള് അങ്ങനെ സ്‌പിരിറ്റും മയക്കികളും ചേർത്ത 300 ലീറ്റർ വ്യാജക്കള്ളായി മാറുന്നു. ഇതിനു കള്ളിന്റെ മധുരം കിട്ടാനാണു പഞ്ചസാര. പഞ്ചസാരയ്ക്കു പകരം ഇപ്പോൾ സാക്രിൻ ആണ് വ്യാപകമായി ചേർക്കുന്നത്.

English Summary: Spirit inflow increases in Kerala. What are the reasons?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA