ADVERTISEMENT

ഹൈദരാബാദ് ∙ ‘പാടത്തെ ക്രൂരതയ്ക്കു വരമ്പത്ത് ശിക്ഷ’ - രണ്ടര വർഷം മുൻപ് രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് അനുകൂലി‌‌ച്ചവരുടെ പ്രധാന വാദമായിരുന്നു ഇത്. പ്രതികളെ ശിക്ഷിക്കണമെന്നതിൽ രണ്ടഭിപ്രായമില്ലെങ്കിലും അതു പൊലീസാണോ നടപ്പാക്കേണ്ടതെന്ന് ആശങ്കപ്പെടുന്നവരും ഇതിനൊപ്പം ഉണ്ടായിരുന്നു.

ഈ വാദങ്ങൾ സൃഷ്ടിക്കുന്ന വൈരുധ്യത്തിനു നടുവിലേക്കാണ് ഹൈദരാബാദിലെ ഏറ്റുമുട്ടൽ വ്യാജമായിരുന്നുവെന്ന അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. സുപ്രീം കോടതി മുൻ ജ‍ഡ്ജി വി.എസ്. സിർപുർക്കർ അധ്യക്ഷനായ കമ്മിഷനിൽ ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ സൊന്ദുർ ബൽഡോത, സിബിഐ മുൻ ഡയറക്ടർ ഡി.ആർ. കാർത്തികേയൻ എന്നിവരായിരുന്നു അംഗങ്ങൾ.

ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ് (26), ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചന്നകേശവലു (20)  എന്നിവരാണ് കുറ്റകൃത്യം നടന്ന് അധിക ദിവസം കഴിയും മുൻപ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട 10 പൊലീസുകാർ കുറ്റക്കാരാണെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ.

അന്ന് സംഭവിച്ചത്

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറായ യുവതിയെ പീഡിപ്പിച്ചശേഷം തീവച്ചുകൊന്ന കേസിലെ പ്രതികളായ നാലു പേരെയാണ് പൊലീസ് വെടിവച്ചു കൊന്നത്. 2019 നവംബർ 27നാണ് ഷംഷാബാദ് ടോൾ പ്ലാസയ്ക്കു സമീപം ഡോക്ടർ പീഡനത്തിന് ഇരയായത്. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി കെണിയിൽപ്പെടുത്തിയാണ് വനിതാ വെറ്ററിനറി ഡോക്ടറെ ഒരു ലോറി ഡ്രൈവറും സംഘവും പീഡനത്തിന് ഇരയാക്കിയത്. തുടർന്നു ഡോക്ടർ കൊല്ലപ്പെട്ടു.

മൃതദേഹം ലോറിയിൽ കയറ്റി ഹൈദരാബാദ്– ബെംഗളൂരു ദേശീയ പാതയിലൂടെ കൊണ്ടുപോയി ചാത്തൻപള്ളി എന്ന സ്ഥലത്തെ കലുങ്കിനു സമീപം പുലർച്ചെ രണ്ടരയോടെ മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചു. സംഭവം പുറത്തായതിനു പിന്നാലെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധമുയർന്നു. ഡോക്ടറെ കാണാനില്ലെന്ന കാര്യം സഹോദരി പൊലീസിനെ അറിയിച്ചെങ്കിലും രാത്രി പൊലീസ് തിരച്ചിൽ നടത്താത്തതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് നവംബർ 29ന് ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

hyderabad-encounter
ഹൈദരാബാദിൽ ഏറ്റുമുട്ടൽ നടന്ന സ്‌ഥലം.

പിന്നീട് ഡിസംബർ ആറിനു പുലർച്ചെ യുവതിയുടെ മൃതദേഹം കത്തിച്ച സ്ഥലത്ത് നാലു പ്രതികളുമായി പൊലീസ് തെളിവെടുപ്പു നടത്തി. ഇതിനിടെ പ്രതികൾ തോക്കു തട്ടിയെടുത്തെന്നാണ് പൊലീസ് ഭാഷ്യം. പിന്നാലെ പൊലീസിന്റെ വെടിവയ്പ്പിൽ നാലു പ്രതികളും കൊല്ലപ്പെട്ടതായും വിശദീകരിച്ചു. പ്രതികളെ വധിച്ച വാർത്ത പുറത്തുവന്നതോടെ ആയിരങ്ങളാണ് സംഭവസ്ഥലത്തു തടിച്ചുകൂടിയത്. പൊലീസിനു സിന്ദാബാദ് വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും മധുരം വിതരണം ചെയ്തും ജനം ആഘോഷിച്ചു. ഹൈദരാബാദിലും രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ആഘോഷങ്ങളുണ്ടായി.

ഹൈദരാബാദ് – ബെംഗളൂരു ദേശീയ പാതയിൽ ഹൈദരാബാദിൽനിന്ന് 50 കിലോമീറ്റർ അകലെ ചാത്തൻപള്ളി എന്ന ഗ്രാമത്തിലാണ് ഇതെല്ലാം സംഭവിച്ചത്. പ്രതികൾ യുവ ഡോക്ടറെ കത്തിച്ച സ്ഥലത്തിനു 100 മീറ്റർ അപ്പുറത്തുവച്ചാണു പ്രതികളെയും കൊന്നത്. നവംബർ 28നു പുലർച്ചെ രണ്ടരയോടെയാണ് ഡോക്ടറുടെ മൃതദേഹം ഇവിടെയെത്തിച്ചു കത്തിച്ചതെങ്കിൽ, ഏതാണ്ട് അതിനോടടുത്ത സമയത്താണ് പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവന്നത്.

പൊലീസ് പറഞ്ഞത്

യുവതിയുടെ മൃതദേഹം കത്തിച്ച സ്ഥലത്ത് പുലർച്ചെയോടെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുചെന്നു. അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം പുനഃസൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. 10 അംഗ പൊലീസ് സംഘമാണ് ഒപ്പമുണ്ടായിരുന്നത്. പ്രതികളെ വിലങ്ങുവച്ചിരുന്നില്ല. പ്രതികളിൽ 2 പേർ ആദ്യം പൊലീസിനെ വെട്ടിച്ചുപോയി. ഇതിൽ മുഹമ്മദ് ആരിഫ് പൊലീസിന്റെ തോക്കു തട്ടിയെടുത്തു വെടിയുതിർത്തു. മറ്റു 3 പ്രതികൾ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിച്ചു.

ഇവരോടു കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്ന് പൊലീസും വെടിവച്ചു. രാവിലെ 5.45 നും 6.15 നുമിടയിൽ നാലു പേരെയും വെടിവച്ചു. ഏറ്റുമുട്ടലിൽ ഒരു എസ്ഐക്കും കോൺസ്റ്റബിളിനും പരുക്കേറ്റെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിനു നേതൃത്വം നൽകിയ സൈബരാബാദ് കമ്മിഷണർ വി.സി. സജ്ജനാർ മുൻപും ഇതേ രീതിയിൽ പ്രതികളെ വെടിവച്ചു കൊന്നിട്ടുണ്ടെന്നത് വാർത്താതലക്കെട്ടുകളിൽ ഇടംനേടി. 2008 ൽ ഇദ്ദേഹം വാറങ്കൽ എസ്പിയായിരിക്കെയും ഏറ്റുമുട്ടൽ കൊലപാതകം നടത്തിയിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. രണ്ടു വിദ്യാർഥിനികളുടെ മുഖത്ത് ആസിഡൊഴിച്ച കേസിലെ മൂന്നു പ്രതികളാണ് അന്നു കൊല്ലപ്പെട്ടത്. ആസിഡൊഴിച്ച സ്ഥലത്തു തെളിവെടുപ്പിനു കൊണ്ടുചെന്നപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഏറ്റുമുട്ടലിൽ കൊന്നുവെന്നുമായിരുന്നു അന്നും വിശദീകരണം. 

കൊല്ലപ്പെട്ട പ്രതികൾക്കെതിരെയും കേസ്

ഇതിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു പീഡനക്കേസ് പ്രതികൾക്കുമെതിരെ പൊലീസ് കേസും റജിസ്റ്റർ ചെയ്തു. തെളിവെടുപ്പിനിടെ തോക്കുകൾ തട്ടിയെടുത്തു വെടിവച്ചെന്നും രക്ഷപ്പെടാൻ ശ്രമിച്ചെന്നും പൊലീസ് സംഘത്തിന്റെ തലവൻ നൽകിയ പരാതിയിലായിരുന്നു നടപടി. അതേസമയം, ഏറ്റുമുട്ടൽ കൊലയിൽ അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് അഭിഭാഷകർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഒരു വിഭാഗം വനിതാ മനുഷ്യാവകാശ പ്രവർത്തകരും തെലങ്കാന ഹൈക്കോടതിയിലും ഹർജി നൽകി. പൊലീസിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും തെലങ്കാന ഹൈക്കോടതിക്കും കത്തയച്ചു.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഏഴംഗ സംഘം ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു തെളിവെടുപ്പു നടത്തി. പ്രതികളുടെ മൃതദേഹങ്ങളും പരിശോധിച്ചു. പ്രതികളുടെ പോസ്റ്റ്മോർട്ടം മെഹബൂബ്നഗർ ജില്ലാ ആശുപത്രിയിൽ പൂർത്തിയാക്കി. നടപടികൾ കോടതി നിർദേശപ്രകാരം വിഡിയോയിൽ ചിത്രീകരിച്ചു.

ഇടപെട്ട് സുപ്രീംകോടതി

സംഭവം രാജ്യാന്തര തലത്തിൽപ്പോലും ചർച്ചയായതോടെ നാലു പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി കമ്മിഷനെ നിയോഗിച്ചു. സുപ്രീം കോടതി മുൻ ജ‍ഡ്ജി വി.എസ്. സിർപുർക്കർ അധ്യക്ഷനായ കമ്മിഷനിൽ ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ സൊന്ദുർ ബൽഡോത, സിബിഐ മുൻ ഡയറക്ടർ ഡി.ആർ. കാർത്തികേയൻ എന്നിവരായിരുന്നു അംഗങ്ങൾ. കമ്മിഷൻ ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പൂർണ വസ്തുതകൾ വ്യക്തമല്ലാത്തതിനാൽ കുറ്റത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

supreme-court
സുപ്രീംകോടതി

കമ്മിഷനെ നിയോഗിക്കാനുള്ള നീക്കത്തെ തെലങ്കാന സർക്കാർ തുടക്കം മുതലേ എതിർത്തിരുന്നു. സുപ്രീം കോടതി നേരത്തെ പിയുസിഎൽ കേസിൽ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള എസ്ഐടിയെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാരിനു വേണ്ടി മുകുൾ റോഹത്ഗി വാദിച്ചു. എന്നാൽ, വിശ്വാസ്യത ഉറപ്പാക്കാൻ സ്വതന്ത്രാന്വേഷണം വേണമെന്നായിരുന്നു സുപ്രീം കോടതി നിലപാട്‌. തെലങ്കാന സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന് (എസ്ഐടി) സമാന്തര അന്വേഷണത്തിനു തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

ട്വീറ്റിൽ കുടുങ്ങി മന്ത്രി സുപ്രിയോ

ഇതിനിടെ, ഹൈദരാബാദ് ഏറ്റുമുട്ടലിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ പുലിവാലു പിടിച്ചു. താനറിയാതെ ട്വീറ്റ് ചെയ്തതിനു സമൂഹമാധ്യമ വിഭാഗത്തിലെ ജീവനക്കാരൻ അവിനാഷ് പാണ്ഡെയെ പിരിച്ചുവിടുകയും ചെയ്തു. ‘മനുഷ്യാവകാശങ്ങൾ മനുഷ്യർക്കുള്ളതാണ്. ഹൈദരാബാദിൽ കൊല്ലപ്പെട്ട 4 നരഭോജികളെപ്പോലെ ഉള്ളവർക്കല്ല’ എന്നായിരുന്നു ട്വീറ്റ്. മന്ത്രി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നെന്ന മട്ടിൽ ഇതു ചർച്ചയായപ്പോൾ ഉച്ചയ്ക്കു ശേഷം സുപ്രിയോ പുതിയ ട്വീറ്റ് ഇട്ടു. വിവാദ ട്വീറ്റ് താൻ എഴുതിയതല്ലെന്നും അതു ചെയ്തയാളെ പുറത്താക്കിയെന്നും മന്ത്രി കുറിച്ചു. വിവാദ ട്വീറ്റിനെ മന്ത്രി അപലപിക്കുകയും ചെയ്തു.

babul-supriyo
ബാബുൽ സുപ്രിയോ

പിന്തുണയ്ക്കണോ? സിപിഎമ്മിൽ തർക്കം

‌പീഡന–കൊലപാതക കേസിലെ പ്രതികൾ കൊല്ലപ്പെട്ട സംഭവത്തിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സിപിഎമ്മിലും സിപിഐയിലും തർക്കം രൂപപ്പെട്ടു. നിലപാടു വ്യക്തമാക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) തയാറായില്ല. പൊലീസ് നടപടിക്കു പൂർണ പിന്തുണയെന്ന് സിപിഐ ദേശീയ സെക്രട്ടറി കെ.നാരായണ വ്യക്തമാക്കിയപ്പോൾ പൊലീസല്ല വധശിക്ഷ നടപ്പാക്കേണ്ടതെന്നും നടപടിക്കെതിരെ അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സിപിഎം അവെയ്‌ലബ്ൾ പിബി വിഷയം ചർച്ച ചെയ്യും മുൻപുതന്നെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊലീസ് നടപടിയെ ട്വിറ്ററിലൂടെ വിമർശിച്ചിരുന്നു. കോടതി നടപടിക്കു പുറത്തുള്ള കൊലപാതകങ്ങൾ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് ഉത്തരമല്ലെന്നും പ്രതികാരമല്ല നീതിയെന്നുമാണ് യച്ചൂരി വ്യക്തമാക്കിയത്.

എന്നാൽ, ജനവികാരം പൊലീസിന് അനുകൂലമാണെന്നും കൊല്ലപ്പെട്ട യുവതിയുടെ കുടുംബവും നടപടിയെ സ്വാഗതം ചെയ്തെന്നും വൃന്ദ കാരാട്ടും സുഭാഷിണി അലിയും പിബിയിൽ വാദിച്ചു. തർക്കത്തിൽ തീർപ്പുണ്ടാകാത്ത സ്ഥിതിയിൽ പിബി ഉടനടി നിലപാടു വ്യക്തമാക്കേണ്ടതില്ലെന്ന് തീരുമാനമായി. സിപിഎം ഒൗദ്യോഗികമായി നിലപാട് എടുത്തില്ലെങ്കിലും പിബി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഉപാധ്യക്ഷയുമായ സുഭാഷിണി അലി പൊലീസ് നടപടിയെ വിമർശിച്ചു.

ജീവനെടുക്കാൻ പൊലീസിന് അധികാരമില്ല

കുറ്റാരോപിതർ ഉൾപ്പെടെ ആരുടെയും ജീവനെടുക്കാൻ പൊലീസിന് അധികാരമില്ലെന്നാണ് സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും (എൻഎച്ച്ആർസി) വ്യക്തമാക്കിയിട്ടുള്ളത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റാലോ മരണം സംഭവിച്ചാലോ പാലിക്കേണ്ട നടപടികളും നിർദേശിച്ചിട്ടുണ്ട്.

ഏറ്റുമുട്ടലിന്റേത് ക്രിമിനൽ തത്വശാസ്ത്രമാണെന്നും ഏറ്റുമുട്ടലിലൂടെ കൊലപാതകം നടത്തുന്ന പൊലീസുകാർക്ക് വധശിക്ഷ നൽകണമെന്നുമാണ് പ്രകാശ് കദം കേസ് വിധിയിൽ 2011 ൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയത്. ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താൻ മേലധികാരി നൽകുന്ന ഉത്തരവ് പൊലീസുകാർ ലംഘിക്കണം. ഏറ്റുമുട്ടലെന്ന പേരിൽ തോക്കിന്റെ കാഞ്ചി വലിക്കാൻ തയാറാവുന്ന പൊലീസുകാർ രക്ഷപ്പെടില്ലെന്നും കോടതി മുന്നറിയിപ്പു നൽകി. കൊലനടത്തുന്ന പൊലീസുകാരനെതിരെ നരഹത്യയ്ക്കു നടപടി വേണമെന്നാണ് എൻഎച്ച്ആർസി അധ്യക്ഷൻ ജസ്റ്റിസ് എം.എൻ. വെങ്കടചെല്ലയ്യ, 1997 മാർച്ചിൽ മുഖ്യമന്ത്രിമാർക്കുള്ള കത്തിൽ വ്യക്തമാക്കിയത്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപാതകങ്ങൾ വർധിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലായിരുന്നു കത്ത്.

m-katju
ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരണം സംഭവിച്ചാൽ തുടർന്നു പാലിക്കേണ്ട നടപടികളും മുൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. പൊലീസിനെതിരെയുള്ള കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയായിരുന്നു അവ. 2003 ലും 2010 ലും കമ്മിഷൻ ഈ നിലപാട് ആവർത്തിച്ചു.

സുപ്രീം കോടതിയുടെ 16 നിർദേശങ്ങൾ

പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസും മഹാരാഷ്ട്ര സർക്കാരുമായുള്ള കേസിലെ വിധിയിൽ (2014), പൊലീസ് ഉൾപ്പെട്ട ഏറ്റുമുട്ടലുകളുടെ അന്വേഷണത്തിന് 16 നിർദേശങ്ങളാണ് സുപ്രീം കോടതി നൽകിയത്. ഏറ്റുമുട്ടലിനെക്കുറിച്ച് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്യുക, പൊലീസും മജിസ്ട്രേട്ടും അന്വേഷിക്കുക, റിപ്പോർട്ട് മനുഷ്യാവകാശ കമ്മിഷനും കോടതിക്കും ലഭ്യമാക്കുക, ഏറ്റുമുട്ടലിന് ഇരയായവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ.

English Summary: SC panel holds 2019 Encounter in Hyderabad as ‘fake’ - Special Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com