അമരാവതി∙ പരാതി പരിഹാര അദാലത്തിനെത്തിയ മന്ത്രിയോടു വിവാഹം കഴിക്കാന്‍ സഹായം തേടി അറുപത്തെട്ടുകാരൻ. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്‍.കെ.റോജയോടാണു സ്വന്തം മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ഇദ്ദേഹം വിവാഹം കഴിക്കാന്‍ സഹായം തേടിയത്.
മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്. വീടുകള്‍ കയറിയിറങ്ങി ക്ഷേമം അന്വേഷിക്കുന്നതിനിടെ മന്ത്രിയും പരിവാരങ്ങളും ഒറ്റയ്ക്ക് താമസിക്കുന്ന അറുപത്തെട്ടുകാരന്റെ അടുത്തെത്തി.
സുഖവിവരങ്ങള്‍ തിരക്കുന്നതിനിടെ പെന്‍ഷന്‍ കിട്ടുന്നില്ലേയെന്നായി മന്ത്രി. പെന്‍ഷന്‍ കൃത്യമായി കിട്ടുന്നുണ്ടെന്നും തനിക്കൊരു പരാതിയുണ്ടെന്നുമായി വോട്ടര്‍. സ്വന്തുക്കളും വീടും എല്ലാം ഉണ്ട്. എന്നാല്‍ തന്നെ നോക്കാന്‍ ആരുമില്ലെന്നും വിവാഹം കഴിക്കാന്‍ സഹായം നല്‍കാമോയെന്നുമായി വോട്ടര്‍. ഈ സഹായം സര്‍ക്കാര്‍ നല്‍കുന്നില്ലെന്നു പറഞ്ഞു മന്ത്രിയും പരിവാരങ്ങളും മടങ്ങി.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏപ്രില്‍ 12നാണു നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ താരമുഖവുമായ ആര്‍.കെ.റോജ ആന്ധ്രാപ്രദേശിന്റെ മന്ത്രിയായി ചുമതലയേറ്റത്.
English Summary: 68-year-old seeks minister RK Roja help to marry