ADVERTISEMENT

പാലക്കാട്∙ ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥലത്തും മാസങ്ങളായി സ്തംഭനത്തിൽ. കേസുകൾ പിൻവലിക്കാനായി കഴിഞ്ഞവർഷം ഒക്ടോബറിൽ നൽകിയ നിർദ്ദേശത്തിലെ അവ്യക്തതയും അപാകതയുമാണ് നടപടികൾ നിലയ്ക്കാൻ കാരണമെന്നാണ് വിവരം.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കാനായിരുന്നു ഉന്നതതല സമിതിയുടെ തീരുമാനം. പൗരത്വ നിയമഭേദഗതിക്കെതിരെയുളള സമരങ്ങളിലെ കേസുകളിലും ഇതേ തീരുമാനമായിരുന്നെങ്കിലും തുടർനടപടിയില്ലാത്തതിനാൽ തീരുമാനം വിശ്വസിച്ചിരുന്ന നിരവധിപേർ വെട്ടിലായിരിക്കുകയാണ്. രണ്ടു കേസിലും നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലും പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്.

pinarayi-vd-satheeshan
പിണറായി വിജയൻ, വി.ഡി.സതീശൻ.

കേസുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഐജി, സ്പെഷൽസെൽ, എസ്ആർബി വിഭാഗങ്ങളുടെ എസ്പിമാർ എന്നിവർ ഉൾപ്പെടുന്ന സമിതിയും രൂപീകരിച്ചിരുന്നു. ഓരോ കേസും പ്രത്യേകം പരിശോധിച്ച് കോടതിയുടെ അനുമതിയോടെയാണ് പിൻവലിക്കാൻ സാധിക്കുകയെന്നും സർക്കാരിന് ഇക്കാര്യത്തിൽ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മന്ത്രിസഭയും ഇക്കാര്യത്തിൽ തീരുമാനമെടുത്തു. അതനുസരിച്ച് നാമജപഘോഷയാത്രയുടെ പേരിൽ സ്ത്രീകൾക്കെതിരെ എടുത്ത കേസുകൾ മുഴുവൻ പിൻവലിക്കും.

വഴിതടയൽ സമരങ്ങളിൽ പങ്കെടുത്തിന്റെ പേരിലും നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തിയതിനുളള കേസുകളും ഒഴിവാക്കുമെന്നും അറിയിച്ചു. 2018 നവംബർ മുതൽ 2019 ജനുവരിവരെ നീണ്ട ശബരിമല സമരത്തിൽ മൊത്തം 1007 കേസാണ് രജിസ്റ്റർ ചെയ്തത്. 4163 പേരെ അറസ്റ്റ് ചെയ്തു. സർക്കാരിന്റെ പിൻവലിക്കൽ  തീരുമാനമനുസരിച്ച് ആഭ്യന്തരവകുപ്പ് പ്രോസിക്യൂട്ടർമാർക്ക് നിർദ്ദേശം നൽകി. എന്നാൽ, ഏതൊക്കെ കേസുകൾ, അതിന്റെ  നമ്പറുകൾ എന്നിവ നിർദ്ദേശത്തിൽ ഇല്ലായിരുന്നു. അതിനാൽ ഏതാണ് ഗൗരവമുള്ളത്, ഇല്ലാത്തത് എന്നത് ആശയക്കുഴപ്പമുണ്ടാക്കി. ഇക്കാര്യം വിശദീകരിക്കാൻ പലരും എഴുതിയെങ്കിലും വ്യക്തവും കൃത്യവുമായ മറുപടികളും ലഭിച്ചില്ല. രണ്ടുമാസം എഴുത്തുകുത്തുകൾ നടന്നെങ്കിലും വിശദമായ നിർദ്ദേശങ്ങൽ നൽകാൻ ഇനിയും മുകളിൽ നിന്ന് തയാറായിട്ടില്ലെന്നാണ് ആക്ഷേപം..

കോടതിയിലുളള കേസുകൾ പിൻവലിക്കാൻ, സർക്കാർ തീരുമാനിച്ചാലും ഓരോ കേസും വിശദമായി പരിശോധിക്കണമെന്നാണ് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്നതിനാൽ ഒരു സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒരുമിച്ചു പിൻവലിക്കാനും കഴിയില്ല. ഇത്തര്യത്തിൽ നേരത്തെ നടത്തിയ പല നീക്കങ്ങളും കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ചില നടപടികൾ റദ്ദാക്കുകയും ചെയ്തു.

സംസ്ഥാനത്ത് ചില സ്ഥലത്ത് സർക്കാർ നിർദ്ദേശമനുസരിച്ച് ശബരിമല കേസുകൾ പിൻവലിച്ചെങ്കിലും അത് നിയമവിരുദ്ധമായേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. കേസ് പിൻവലിക്കാനുളള നിർദ്ദേശത്തിനൊപ്പം ഏതൊക്കെ കേസുകൾ പിൻവലിക്കുന്നതിൽ സർക്കാരിന് ഏതിർപ്പില്ലെന്നകാര്യം ആഭ്യന്തരവകുപ്പ് ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കലക്ടറെയും അറിയിക്കണമെന്നാണ് വ്യവസ്ഥ. കലക്ടറാണ് പിന്നീട് അത് പ്രോസിക്യൂട്ടർമാർക്ക് കൈമാറേണ്ടത്. ഡിജിപിയുടെ നിർദ്ദേശമനുസരിച്ച് കേസ് ഫയലുകളുമായി പൊലീസ് പ്രോസിക്യൂട്ടർമാരെ സമീപിച്ചപ്പോഴാണ് പിൻവലിക്കൽ നിർദ്ദേശത്തിലെ അപാകത മനസിലായത്.

ks-radhakrishnan-tp-senkumar
കെ.എസ്.രാധാകൃഷ്ണൻ, ടി.പി.സെൻകുമാർ.

മുൻ ഡിജിപി ടി.പി.സെൻകുമാർ, മുൻ പിഎസ് സി ചെയർമാനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. കെ.എസ്.രാധാകൃഷ്ണൻ എന്നിവരെ സംസ്ഥാനത്തെ മിക്ക കേസുകളിലും പ്രതിചേർത്തിട്ടുണ്ട്. രണ്ടു പേർക്കെതിരെയും 250 ലേറെ കേസുണ്ടെന്നാണ് കണക്ക്. കേസ് രജിസ്റ്റർ ചെയ്ത സ്ഥലങ്ങളിലൊന്നും ഇവർ പോയിരുന്നില്ലെങ്കിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

ടി.പി.സെൻകുമാറിനെതിരെയുളള കേസുകളിൽ തട്ടിയാണ് പിൻവലിക്കൽ നടപടികളിൽ മെല്ലെപോക്കെന്ന ആരോപണവും ശക്തമാണ്. ഒന്നാംപിണറായി സർക്കാരിന്റെ കാലത്താണ് നിയമപോരാട്ടത്തിലൂടെ സുപ്രീംകോടതി ഉത്തരവനുസരിച്ച് സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റത്. സെൻകുമാറിനെ ഡിജിപിയാക്കാതിരിക്കാൻ നടത്തിയ  രാഷ്ട്രീയ നീക്കങ്ങൾ തകർന്നത് സർക്കാരിന് തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെട്ടു.. അതിനാൽ, കേസുകൾ പിൻവലിക്കുന്നതിലും സർക്കാരിന് രാഷ്ട്രീയമായി താൽപര്യമില്ലെന്നാണ് ഇപ്പോഴും ആരോപണം. ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ചുളള ഹർത്താലിനോടനുബന്ധിച്ച് മണക്കാട്ട് സ്കൂട്ടർ യാത്രക്കാരൻ അക്രമിക്കപ്പെട്ട കേസിൽ പ്രതിചേർത്ത ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികലയെ ഹൈക്കോടതി കുറ്റവിമുക്തയാക്കിയിരുന്നു.

English Summary: Decision pending in withdrawing Sabarimala Protest related cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com