‘കുത്തബ് മിനാറിൽ ഖനനം നടത്തും; മുൻപു കണ്ടെത്തിയ വിഗ്രഹങ്ങൾ പരിശോധിക്കും’

1248-qutub-minar
കുത്തബ് മിനാർ ( Photo by Jewel SAMAD / AFP)
SHARE

ന്യൂഡൽഹി∙ ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിൽ ഖനനം നടത്താൻ കേന്ദ്രസർക്കാർ തീരുമാനം. കുത്തബ് മിനാറിന്റെ ചുറ്റുവട്ടത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകൾ ഉണ്ടെന്നും കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങളുണ്ടായിരുന്നുവെന്നും യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്‌വാൻ ഗോയൽ അവകാശപ്പെട്ടിരുന്നു. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഖനനം നടത്താനുള്ള തീരുമാനം.  കുത്തബ് മിനാറിൽ കണ്ടെത്തിയ വിഗ്രഹങ്ങൾ പരിശോധിക്കാനും ഖനനം നടത്തി ഉടൻ സമർപ്പിക്കാനും സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. 

വിക്രമാദിത്യ മഹാരാജാവാണ് കുത്തബ് മിനാർ പണികഴിപ്പിച്ചതെന്നും പിന്നീട് കുത്തബ്ദ്ദീൻ ഐബക് ഇതിന്റെ അവകാശം സ്വന്തമാക്കിയതാണെന്നും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ പറഞ്ഞിരുന്നു. വിവിധ ഹിന്ദു സംഘടനകളും ഈ വാദം മുന്നോട്ടുവച്ചിരുന്നു. 

സൂര്യനെ നിരീക്ഷിക്കുന്നതിനു വേണ്ടി നിർമിച്ചതിനാൽ ഈ നിർമിതി 25 ഇഞ്ച് ചരിച്ചാണ് നിർമിച്ചതെന്നും എഎസ്‌ഐയ്ക്കു വേണ്ടി പലതവണ കുത്തബ് മിനാറിൽ സർവേ നടത്തിയിട്ടുണ്ടെന്നും ധരംവീർ ശർമ അവകാശംവാദം ഉന്നയിച്ചിരുന്നു. ധരംവീർ ശർമയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഹിന്ദു സംഘനകൾ പ്രതിഷേധം ശക്തമാക്കിയതോടെ സാംസ്കാരിക മന്ത്രാലയ സെക്രട്ടറി ഗോവിന്ദ് മോഹൻ ശനിയാഴ്ച കുത്തബ് മിനാർ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖനനം നടത്താനുള്ള തീരുമാനത്തിലെത്തിയത്. 

യുനെസ്കോ അംഗീകരിച്ച പൈതൃക പട്ടികയിൽ ഉൾപ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാർ. മുഗൾ ഭരണാധികാരി കുത്തബ്ദ്ദീൻ ഐബക് ആണ് കുത്തബ് മിനാർ നിർമിച്ചത്. 1199ലായിരുന്നു നിർമാണം. കുത്തബ് മിനാർ വളപ്പിൽ ഹിന്ദു - ജൈന പ്രതിഷ്ഠകൾ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നേരത്തേ കോടതി തള്ളിയിരുന്നു. ഒരിക്കൽ സംരക്ഷിത സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കേന്ദ്രങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതു ശരിയല്ലെന്നായിരുന്നു കോടതി നിരീക്ഷണം. 

ഇതിനിടെ, തലസ്ഥാന നഗരത്തിൽ മുഗൾ രാജാക്കൻമാരുടെ പേരുകളിൽ അറിയപ്പെടുന്ന പ്രമുഖ കേന്ദ്രങ്ങളായ അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസീബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയവയുടെ പേരു മാറ്റണമെന്ന ആവശ്യവുമായി ഡൽഹി ബിജെപിയും രംഗത്തെത്തിയിരുന്നു. ഇവയുടെ പേരുകൾ മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിങ്, വാൽമീകി മഹർഷി, ജനറൽ വിപിൻ റാവത്ത് തുടങ്ങിയവരുടെ പേരുകളിലേക്കു മാറ്റണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ചെയർമാന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. 

English Summary: ASI To Conduct Excavation At Qutub Minar Amid Row Over Monument Built By Hindu King

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA