ADVERTISEMENT

ചെന്നൈ ∙ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതുപോലെ എല്ലാ സംസ്ഥാനങ്ങളും നടപടിയെടുക്കണമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അഭ്യർഥന തള്ളി തമിഴ്‌നാട്. 2014 മുതൽ പെട്രോളിന് 23 രൂപയും ഡീസലിന് 29 രൂപയും നികുതി വർധിപ്പിച്ചപ്പോൾ ഏതെങ്കിലും സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രം ആരാഞ്ഞിരുന്നോയെന്ന് തമിഴ്നാട് ധനമന്ത്രി പി.ത്യാഗരാജൻ ചോദിച്ചു.

ഇന്ധനവില കുറയ്ക്കുമ്പോൾ മാത്രം നികുതി വെട്ടിക്കുറയ്ക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നത് എവിടുത്തെ ന്യായമാണ്? ഇതാണോ ഫെഡറലിസ?– നിർമല സീതാരാമന്റെ ട്വീറ്റ് പങ്കുവച്ച് അദ്ദേഹം ചോദിച്ചു. വിലക്കയറ്റം നിയന്ത്രണാതീതമെന്ന സ്ഥിതി വന്നതോടെയാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് നികുതി കുറയ്ക്കാനും നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പെട്രോളിന്റെ കേന്ദ്ര എക്സൈസ് നികുതി ലീറ്ററിന് 8 രൂപയും ഡീസലിന്റേത് 6 രൂപയുമാണ് കുറച്ചത്.

കേന്ദ്രസർക്കാർ തീരുമാനത്തെ പരിഹസിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തു വന്നിരുന്നു. കഴിഞ്ഞ നവംബറിൽ കേന്ദ്രം നികുതി കുറച്ചപ്പോൾ കേരളം, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായിരുന്നില്ല. സംസ്ഥാനങ്ങളും സഹകരിച്ചാൽ മാത്രമെ വിലക്കയറ്റം നിയന്ത്രിക്കാനാവൂ എന്നാണ് കേന്ദ്ര നിലപാട്. കഴി‍ഞ്ഞ 8 വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 7.79% ആയി.

ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റം ഏപ്രിലിൽ 8.38% ആയി. കേന്ദ്രം നവംബറിൽ പെട്രോളിനും ഡീസലിനും യഥാക്രമം 5 രൂപയും 10 രൂപയുമാണു കുറച്ചത്. ഇതോടെ ഏഴു മാസത്തിനിടെ കേന്ദ്രനികുതി പെട്രോളിനു 13 രൂപയും ഡീസലിനു 16 രൂപയും കുറച്ചു. കോവിഡ് കാലത്ത് 2020 മാർച്ച്– മേയ് കാലയളവിലായി കേന്ദ്രം പെട്രോളിന് 13.32 രൂപയും ഡീസലിന് 15.97 രൂപയും വീതം എക്സൈസ് നികുതി കൂട്ടിയിരുന്നു.

ഇപ്പോഴത്തെ ഇളവോടെ ഈ വർധന ഏറെക്കുറെ പൂർണമായി പിൻവലിച്ചിരിക്കുകയാണ്. എന്നാൽ മോദി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇളവിനുശേഷവും പെട്രോളിന്റെ കേന്ദ്രനികുതി രണ്ടിരട്ടിയാണ്; ഡീസലിന്റേത് നാലിരട്ടിയും. 

English Summary: Centre didn’t ask before hiking fuel prices; syas TN finance minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com