ADVERTISEMENT

‘‘അതൊക്കെ ദേഷ്യം വരുമ്പോ പറയുന്നതല്ലേ, അങ്ങനൊക്കെത്തന്നെ മക്കളെ ജീവിതം...’’– ഒരുപാട് അച്ഛനമ്മമാർ മക്കളോടു പറഞ്ഞിട്ടുള്ള, പറഞ്ഞുകൊണ്ടിരിക്കുന്ന വാചകം. ആശ്വസിപ്പിക്കാനായി ഇങ്ങനെ പറയുമ്പോൾ ത്രിവിക്രമന്റെ ദുഃസ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു മകൾ വിസ്മയ സങ്കടപ്പെടുത്തുന്ന ഓർമയാകുമെന്ന്. എല്ലാമെല്ലാമായിരുന്ന മകളെന്ന വെളിച്ചം അണഞ്ഞുപോയപ്പോൾ ത്രിവിക്രമൻ മാത്രമല്ല, ഒരു വീടാകെ കണ്ണീരിലും ഇരുട്ടിലും മുങ്ങി. മകളും സഹോദരിയും സുഹൃത്തുമെല്ലാമായി മലയാളികൾ അവളെ ഏറ്റെടുത്തു; കേരളത്തിന്റെയാകെ നോവായി മാറി വിസ്മയ എന്ന മിടുക്കി.

നിലമേൽ സ്വദേശിയും ബിഎഎംഎസ്‍ വിദ്യാർഥിനിയുമായ വിസ്മയയെ സ്ത്രീധന പീഡനത്തെത്തുടർന്നു കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ കഴിഞ്ഞവർഷം ജൂൺ 21നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 മേയ് 30ന് ആയിരുന്നു വിസ്മയയും അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാറും തമ്മിലുള്ള വിവാഹം. വിസ്മയയുടെ മരണത്തിനു പിന്നാലെ കിരൺകുമാറിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. അന്വേഷണം നടത്തി കുറ്റക്കാരനെന്നു കണ്ടെത്തിയ ശേഷമായിരുന്നു നടപടിയെന്നു മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

വിസ്മയ കേസ് സ്ത്രീധന വിപത്തിന് എതിരെയുള്ള പോരാട്ടം ആണെന്നും പ്രതി കിരൺകുമാർ ഒരുവിധത്തിലും സഹതാപം അർഹിക്കുന്നില്ലെന്നുമാണു സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പ്രതി ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതിനു തെളിവുണ്ടെന്നും അറിയിച്ചു. കിരൺകുമാർ നേരത്തേ നൽകിയ ജാമ്യാപേക്ഷ എതിർത്തായിരുന്നു സർക്കാരിന്റെ വാദം.

∙ ‘എന്നെ കാണത്തില്ല നോക്കിക്കോ...’

മരിച്ചുപോയൊരാളുടെ നെഞ്ചു പിളർക്കുന്ന നിലവിളി വിചാരണാവേളയിൽ വീണ്ടുംവീണ്ടും മുഴങ്ങിക്കേൾക്കുക എന്ന അപൂർവത വിസ്മയ കേസിന്റെ ഭാഗമായി. ബന്ധുക്കളോടും സുഹൃത്തുക്കളോടും താൻ നിരന്തരം സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് വിസ്മയ പറയുന്ന ശബ്ദസന്ദേശങ്ങളും ഫോൺ സംഭാഷണങ്ങളുമായിരുന്നു നിർണായക തെളിവുകൾ. മർദനത്തിലും അപമാനത്തിലും മനം നൊന്ത് ‘എനിക്കിനി വയ്യെ’ന്ന് വിസ്മയ കരഞ്ഞു പറഞ്ഞത് പലവട്ടം കോടതി മുറിയിൽ മുഴങ്ങി.

കേട്ടു നിൽക്കുന്നവരെ കൂടി കരയിപ്പിക്കുന്നതായിരുന്നു ആ വാക്കുകൾ. ‘വണ്ടി കൊള്ളില്ല എന്നു പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനെ കുറെ പച്ചത്തെറി വിളിച്ചു. എന്റെ മുടിയിൽപ്പിടിച്ചു വലിച്ചു. ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. ഞാൻ അടികൊണ്ട് കിടന്നപ്പോൾ കാലുകൊണ്ട് മുഖത്ത് അമർത്തി.’ – വിസ്മയ ബന്ധുവിന് അയച്ച ശബ്ദ സന്ദേശങ്ങളിലൊന്നായിരുന്നു ഇത്. 

വിവാഹത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ വിസ്മയ സ്ത്രീധനത്തിന്റെ പേരിൽ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയായിരുന്നെന്ന് തെളിയിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നതും കേരളം ഞെട്ടലോടെയാണു കേട്ടത്. വിവാഹം കഴിഞ്ഞ് ഒൻപതാം ദിവസം വിസ്മയ അച്ഛൻ ത്രിവിക്രമനോട് ‘ഇങ്ങനെ തുടരാൻ വയ്യെന്നും ആത്മഹത്യ ചെയ്തു പോകുമെന്നും’ കരഞ്ഞു പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

സംഭാഷണം ഇങ്ങനെ:

‘‘ഇവിടെ നിർത്തിയിട്ടു പോകുവാണെങ്കിൽ എന്നെ കാണത്തില്ല നോക്കിക്കോ.. ഞാനെന്തെങ്കിലും ചെയ്യും അച്ഛാ.. എന്നെക്കൊണ്ട് പറ്റത്തില്ല.. എനിക്കങ്ങ് വരണം അച്ഛാ.. എനിക്കിവിടെ പേടിയാ..’’

‘‘ഇങ്ങ് പോര്.. കുഴപ്പമില്ല’’

‘‘എന്നെ അടിക്കും അച്ഛാ.. എനിക്ക് പേടിയാ..’’

‘‘ഇങ്ങ് പോര്.. പോര്’’

‘‘എനിക്കിവിടെ വയ്യ അച്ഛാ.. എന്നെ അടിക്കും അച്ഛാ, ഇവിടുന്ന് ഇറങ്ങിപ്പോവാനൊക്കെ പറഞ്ഞൂ..’’

‘‘അതൊക്കെ ദേഷ്യം വരുമ്പോ പറയുന്നതല്ലേ.. അങ്ങനൊക്കെതന്നെ മക്കളെ ജീവിതം’’

‘‘എന്നെ അടിക്കും അച്ഛാ..’’

‘‘അത് നേരത്തെയല്ലേ..?’’

‘‘എന്നെക്കൊണ്ട് പറ്റൂല്ല അച്ഛാ.. ഇവിടെ നിർത്തിയിട്ടു പോയാൽ എന്നെ കാണില്ല’’

∙ കരഞ്ഞുപറഞ്ഞിട്ടും പീഡനം തുടർന്ന് കിരൺ

വിസ്മയ കേസിൽ കിരൺകുമാറിന് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്, വിസ്മയ അനുഭവിച്ചിരുന്ന മാനസിക സംഘർഷം കിരണിനു കൃത്യമായി അറിയാമായിരുന്നതു കൊണ്ടാണെന്നു പൊലീസ് പറയുന്നു. താൻ ആത്മഹത്യയുടെ വക്കിലാണെന്നു വിസ്മയ കിരണിനോടു പലവട്ടം പറഞ്ഞിരുന്നു. എന്നാൽ ഭാര്യ അങ്ങനെയൊരു അവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും കിരൺ പീഡനം തുടർന്നു. ഇത് ആത്മഹത്യാ പ്രേരണയാണെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.

2021 മാർച്ച് 17 ന് കിരൺ വിസ്മയയെ പന്തളത്തെ കോളജിൽ എത്തി കൂട്ടിക്കൊണ്ടു വന്ന ശേഷം അമ്മയോടു മാത്രം ഫോണിൽ സംസാരിക്കാനേ അനുവാദം നൽകിയിരുന്നുള്ളൂ. അച്ഛനോടും സഹോദരനോടും വലിയ സ്നേഹബന്ധമുണ്ടായിരുന്ന വിസ്മയയ്ക്ക് അവരോടു സംസാരിക്കാനാകാഞ്ഞതു മാനസികാഘാതമായി. സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകൾ തുടരുകയും ചെയ്തു. തന്നെയൊന്നു രക്ഷപ്പെടുത്താമോയെന്ന മട്ടിൽ വിസ്മയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ അയച്ചു. മാനസിക സമ്മർദം മൂലം കൊച്ചിയിലുള്ള ഒരു കൗൺസിലറുടെ സഹായം വിസ്മയ തേടിയതും അദ്ദേഹത്തോട് സ്ത്രീധന പീഡനത്തിന്റെ വിവരങ്ങൾ പറഞ്ഞതും പൊലീസിനു തെളിവായി.

ഇനി എനിക്ക് വീട്ടിൽനിന്ന് ഒന്നും കിട്ടാനില്ല എന്നു സൂചിപ്പിച്ചു ഭർത്താവിന്റെ സഹോദരിക്കും സന്ദേശം അയച്ചിരുന്നു. അവസാന ദിവസം വഴക്കിട്ട ശേഷം വിസ്മയയുടെ ഫോണിലെ കോണ്ടാക്ടുകളെല്ലാം കിരൺ ഡിലീറ്റ് ചെയ്തിരുന്നു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടപ്പോഴാണ് വിസ്മയ ജീവനൊടുക്കാൻ തുനിഞ്ഞതെന്നാണു പൊലീസ് പറയുന്നത്. പ്രതീക്ഷയ്ക്കനുസരിച്ചുള്ള സ്ത്രീധനം ലഭിക്കാതിരുന്നതിനാൽ വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. സ്ത്രീധനമായി ലഭിച്ച കാർ പ്രതിക്കു താൽപര്യമില്ലാത്തതായിരുന്നു എന്നതാണ് പീഡനത്തിന്റെ പ്രധാന കാരണമായതെന്നും കുറ്റപത്രത്തിലുണ്ട്.

1248-vismaya-kiran-kumar

കല്യാണം കഴിഞ്ഞ് ഒരു മാസത്തിനകം വിസ്മയയുടെ ഫോൺ കിരൺ നശിപ്പിച്ചിരുന്നു. ഏപ്രിൽ നാലിന് മറ്റൊരു ഫോണും തകർത്തു. മൂന്നാമത്തെ ഫോൺ വിസ്മയ മരിക്കുന്നതിന്റെ തലേദിവസമാണു നശിപ്പിക്കുന്നത്. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഗാർഹിക, സ്ത്രീധന പീഡന അനുഭവങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നു കിരണും വിസ്മയയും തമ്മിലുള്ള പ്രശ്നങ്ങൾ. ഭർത്താവിൽ നിന്നുള്ള മാനസിക, ശാരീരിക പീഡനങ്ങളും രക്ഷിതാക്കളിൽനിന്നു വേർപെടുത്താനുള്ള ശ്രമവും ഒടുവിൽ വിസ്മയയെ എത്തിച്ചതു മരണത്തിലേക്കാണ്.

വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുർവേദ കോളജിന്റെ പരിസരത്തും വിസ്മയയുടെ വീട്ടിലും കിരണിന്റെ പോരുവഴിയിലെ വീട്ടിലും ഉൾപ്പെടെ ഒരു വർഷത്തിനിടെ വിസ്മയയ്ക്ക് കിരണിൽനിന്നും പീഡനങ്ങളേറ്റ സ്ഥലങ്ങൾ ഏറെ. ആ പ്രദേശങ്ങളിലൊക്കെ വച്ച് കിരൺ വിസ്മയയെ ഉപദ്രവിക്കുന്നത് കണ്ടിരുന്ന കടയുടമകൾ, തൊഴിലാളികൾ, ഓട്ടോറിക്ഷക്കാർ, ഡ്രൈവർമാർ, പ്രദേശവാസികൾ, വിസ്മയയുടെ സഹപാഠികൾ തുടങ്ങിയവരെല്ലാം കേസിൽ സാക്ഷികളായി.

∙ ‘സങ്കടത്താടി’യുമായി ഒരച്ഛൻ

വിസ്മയയുടെ മരണശേഷം ഇന്നേവരെ ത്രിവിക്രമൻ താടി എടുത്തിട്ടില്ല. എല്ലാമെല്ലാമായിരുന്ന മകൾക്ക് നീതി കിട്ടും വരെയുള്ള കാത്തിരിപ്പിനൊപ്പം വളർന്നു പോയതാണ് ആ താടിയും. മകൾ ഒപ്പമുണ്ടായിരുന്ന കാലത്തെ പഴയ രൂപത്തിൽനിന്ന് ഇക്കാലത്തിനിടെ അദ്ദേഹം ഏറെ മാറി. മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന സഹോദരൻ വിജിത്ത് കുറച്ചു ദിവസം മുൻപാണ് അവധി കഴിഞ്ഞ് തിരികെ കയറിയത്. ‌‘‘അർഹമായ ശിക്ഷ കിട്ടിയാലും മരിച്ചുപോയ മകളെ ഞങ്ങൾക്ക് കിട്ടില്ലല്ലോ... കണ്ണടയുംവരെ ഞങ്ങളുടെ നോവല്ലേ അവൾ’’ – വിസ്മയയുടെ അച്ഛനുമമ്മയും പറയുന്നു.

വിസ്‌മയ, ത്രിവിക്രമൻ നായർ
വിസ്‍മയ, ത്രിവിക്രമൻ

‌വിസ്മയയുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണു വീടു നിറയെ. സഹോദരൻ വിജിത്തിന്റെ ഭാര്യ രേവതി 5 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് വിസ്മയയുടെ മരണം. വിസ്മയ കാണാതെപോയ കുഞ്ഞിനെ വിസ്മയ എടുത്തു നിൽക്കുന്നതായി വരപ്പിച്ചെടുത്ത ചിത്രമാണ് വീടിനുള്ളിൽ ഏറ്റവും വലുതായുള്ളത്. സെൽഫിയെടുക്കാനും ചിത്രങ്ങൾക്കു പോസ് ചെയ്യാനുമൊക്കെ വിസ്മയയ്ക്കു വലിയ ഇഷ്ടമായിരുന്നു. ഇനി കാണാനാവാത്ത ചിരിയെ ചിത്രങ്ങളായെങ്കിലും കൂടെ നിർത്താനാണു മരണശേഷം വിസ്മയയുടെ ഒരുപാട് ചിത്രങ്ങൾ ഫ്രെയിം ചെയ്തു വച്ചതെന്ന് പറയുന്നു, അമ്മയും അച്ഛനും.

മുകൾനിലയിലെ വിസ്മയയുടെ മുറിയിൽ പുസ്തകങ്ങൾക്കും റെക്കോർഡുകൾക്കും ഒപ്പം ചിത്രത്തിനു മുന്നിൽ വിസ്മയ ഉപയോഗിച്ചിരുന്ന സ്റ്റെതസ്കോപ്പും അനക്കാതെ വച്ചിട്ടുണ്ട്. ഡോക്ടറാവുക എന്ന സ്വപ്നത്തിന് ഇത്തിരി ദൂരം മാത്രം ബാക്കി വച്ചായിരുന്നല്ലോ വിസ്മയയുടെ മടക്കം. വീടിന് അൽപം മാത്രം മാറിയാണു വിസ്മയ നിത്യനിദ്രയിലുള്ളത്.

vismaya-memories-1248
വിസ്‍മയയുടെ മുറി.

∙ ‘വിവാഹത്തിനു മുൻപും മർദിച്ചു’

വിവാഹത്തിനു മുൻപുതന്നെ വിസ്മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി.നായർ പറഞ്ഞു. വിവാഹനിശ്ചയത്തിനു ശേഷം വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞാണു വിവാഹത്തിനു മുൻപു വിസ്മയയെ കിരൺ മർദിച്ചിരുന്നത്.

കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കി. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു. വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. ഞങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരൻ വിജിത്തിനെയും മർദിച്ചു. നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽനിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽവച്ചു പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചു. പിന്നീട് കുറേക്കാലം വിസ്മയ തങ്ങൾക്കൊപ്പംതന്നെ കഴിഞ്ഞു.

കിരൺ കുമാർ, വിസ്മയ, വിസ്മയയുടെ സഹോദരൻ വിജിത്ത്
കിരൺ കുമാർ, വിസ്മയ, വിസ്മയയുടെ സഹോദരൻ വിജിത്ത്

ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹമോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി സമുദായനേതാക്കൾ ഇടപെട്ടു ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞു കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുൻ‍പ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്. അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി എന്നോട് അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി– സജിത പറയുന്നു.

∙ കേരളമാതൃകയുടെ ദുരന്തമുഖം

വിസ്മയയുടെ മരണം കേരളത്തെ നീണ്ട ചർച്ചകളിലേക്കും ദുഃഖത്തിലേക്കും തള്ളിയിട്ടു. അതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഓർമിപ്പിച്ചു സമാനമായ ദാരുണസംഭവങ്ങളും അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസം, ജനനനിരക്ക്, ശിശുമരണനിരക്ക് തുടങ്ങിയ വികസന സൂചികകളിൽ പടിഞ്ഞാറൻ വികസിത രാജ്യങ്ങളുമായി തുലനം ചെയ്ത് ഊറ്റം കൊള്ളുന്ന കേരളീയർ, സ്ത്രീകൾക്കെതിരായ സ്ത്രീധനക്കുറ്റങ്ങൾ ഇല്ലാത്ത ആ രാജ്യക്കാരുമായല്ലേ താരതമ്യം ചെയ്യപ്പെടേണ്ടത് എന്ന വിമർശനം എഴുത്തുകാരൻ എൻ.എസ്.മാധവൻ മനോരമയിലെ കോളത്തിൽ ഉന്നയിച്ചതു ചർച്ചയായി.

kollam-vismaya-parents
വി‌സ്‌മയയുടെ അച്ഛനും അമ്മയും.

‘വിസ്മയ നേരിട്ടതു പോലുള്ള പ്രശ്നങ്ങളെക്കുറിച്ചു നാം പലപ്പോഴും ബോധവാന്മാരായിട്ടും അവയെ കണ്ടില്ലെന്നു നടിക്കുന്നു; പറയുന്നത് അന്യന്മാരെക്കുറിച്ചല്ല, രക്ഷിതാക്കളും ഈ കൂട്ടത്തിൽപ്പെടും. വിസ്മയയുടെയും മറ്റു സ്ത്രീകളുടെയും ദുരന്തത്തിന് ഒരുകാരണം അവർക്കു ചുറ്റുമുള്ളവരുടെ മൗനം കൂടിയാണ്. സമൂഹം എത്രമേൽ സമത്വമുള്ളതായാലും, വികസനസൂചികകൾ എത്രമേൽ നന്നായിരുന്നാലും, കുടുംബത്തിനകത്തു സമത്വം ഇല്ലാത്തിടത്തോളം കാലം കേരളമാതൃക വികലവും അപൂർണവും ആയിരിക്കും’– എൻ.എസ്.മാധവൻ അഭിപ്രായപ്പെട്ടു.

വിസ്മയ കേസ് നാൾവഴി

∙ 2021 ജൂൺ 21 – പുലർച്ചെ വിസ്മയ‌യെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. അന്ന് സന്ധ്യയോടെ ഭർത്താവ് കിരൺകുമാർ ശൂരനാട് സ്റ്റേഷനിൽ കീഴടങ്ങുന്നു.

∙ ജൂൺ 22 – അറസ്റ്റ് രേഖപ്പെടുത്തുന്നു. കിരണിന്റെ വീട്ടിലെത്തിച്ചു ചോദ്യം ചെയ്യുന്നു. അന്ന് വൈകിട്ട് റിമാൻഡ്, കൊട്ടാരക്കര സബ് ജയിലിലേക്ക്.

∙ ജൂൺ 28 – കിരൺകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

∙ ജൂൺ 29 – വിസ്മയയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കിരണിന്റെ വീട്ടിലെത്തി, വിസ്മയയെ മരിച്ച നിലയിൽ കണ്ട സ്ഥലത്ത്, കിരണിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തുന്നു.

∙ ജൂൺ 30– പൊലീസ് കസ്റ്റഡിയിലുള്ള കിരൺ കോവിഡ് പോസിറ്റീവ് ആകുന്നു.

∙ ജൂലൈ 1– സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന്റെ കത്ത്.

∙ ജൂലൈ 5 – കിരൺകുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.

∙ ജൂലൈ 9– കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള കിരണിന്റെ ആവശ്യം കോടതി നിരസിക്കുന്നു. അഡ്വ. ആളൂരാണ് കിരണിന് വേണ്ടി ഹാജരായത്.

∙ ജൂലൈ 26 – കിരൺകുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി.

∙ ഓഗസ്റ്റ് 1 – അഡ്വ.ജി.മോഹൻരാജിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു.

∙ ഓഗസ്റ്റ് 6 – അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു.

∙ സെപ്റ്റംബർ 3 – കിരൺകുമാറിന്റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷൻസ് കോടതി തള്ളി.

∙ സെപ്റ്റംബർ 10 – കുറ്റപത്രം സമർപ്പിക്കുന്നു.

∙ ഒക്ടോബർ 8 – കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

∙ 2022 ജനുവരി 10 – വിചാരണ ആരംഭിച്ചു.

∙ മാർച്ച് 2 – കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

∙ മേയ് 17 – വിചാരണ പൂർത്തിയായി.

∙ മേയ് 23 – കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ജാമ്യം റദ്ദാക്കി.

1248-kiran-kumar-vismaya

സ്‌ത്രീ കൈവരിക്കാത്ത നേട്ടങ്ങളോ എത്തിച്ചേരാത്ത ഉയരങ്ങളോ ഇല്ലാത്ത ഇക്കാലത്തും, വിവാഹവേളയിലെ സ്ത്രീയുടെ മൂല്യം അവൾ കൊണ്ടുചെല്ലുന്ന പണത്തെയും ആഭരണത്തെയുമൊക്കെ അടിസ്‌ഥാനമാക്കി നിശ്‌ചയിക്കുന്ന ഏറെപ്പേർ ഇന്നുമുണ്ട് എന്നതു സങ്കടവും അപമാനവുമാണ്. ‌സ്ത്രീധനം എന്ന സാമൂഹിക ദുരാചാരം പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും തുടരുന്നു. പൊള്ളലേറ്റും കെട്ടിത്തൂങ്ങിയും വിഷം ഉള്ളിൽച്ചെന്നും പാമ്പുകടിയേറ്റും ഭർതൃഗൃഹങ്ങളിൽ നമ്മുടെ പെൺകുട്ടികൾ നിസ്സഹായതയോടെ ഒടുങ്ങുന്നു. സ്ത്രീതന്നെയാണ് ധനമെന്ന് മനുഷ്യരെ ഓർമിപ്പിക്കാൻ, അതിന്റെ അവസാന രക്തസാക്ഷിയായി വിസ്മയ മാറിയെങ്കിൽ എന്നു കേരളം ആശിക്കുന്നു.

English Summary: Kollam Vismaya Death Case- Flashback Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com