1980ലാണ് കേരളത്തിലെ എസ്എഫ്ഐ പ്രത്യയശാസ്ത്രപരമായ ആ ആശയക്കുഴപ്പത്തിലെത്തിയത്. 1970ൽ എസ്എഫ്ഐ രൂപീകരിച്ചതിനു ശേഷം കേരളത്തിൽ സിപിഎം നയിക്കുന്ന മുന്നണി അധികാരത്തിലെത്തിയത് 1980ലാണ്. 10 വർഷം പ്രതിപക്ഷത്തു നിന്ന് വിദ്യാർഥി സമരങ്ങൾ നയിച്ച എസ്എഫ്ഐ ഇനി സർക്കാരിനെതിരെ എന്ത് നിലപാട് എടുക്കണം എന്നതായിരുന്നു ആശയക്കുഴപ്പം. 1967ലെ ഇഎംഎസ് സർക്കാരിനെതിരെ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ വിദ്യാർഥി സമരത്തെ അനുകൂലിച്ച് പ്രസ്താവനയിറക്കിയ കെഎസ്എഫ് സംസ്ഥാന സെക്രട്ടറി ഫിലിപ് എം.പ്രസാദിനെതിരെ പാർട്ടിയെടുത്ത നടപടിയും മുന്നിലുണ്ടായിരുന്നു. 1981ൽ പാലക്കാട് നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലെ ചർച്ചയുടെ കാതൽ അതായിരുന്നു–‘എസ്എഫ്ഐയുടെ പ്രതിബദ്ധത വിദ്യാർഥികളോടാണോ സർക്കാരിനോടാണോ?’ നാലു ദിവസം നീണ്ട ചർച്ചയ്ക്കൊടുവിൽ സംസ്ഥാന സെക്രട്ടറി എ.കെ.ബാലൻ പ്രഖ്യാപിച്ചു ‘എസ്എഫ്ഐയുടെ പ്രതിബദ്ധത സർക്കാരിനോടല്ല, വിദ്യാർഥികളോടാണ്. സർക്കാർ വിദ്യാർഥിതാൽപര്യങ്ങൾക്കു വിരുദ്ധമായ തീരുമാനങ്ങളെടുത്താൽ എസ്എഫ്ഐ അതിനെതിരെ ശക്തമായ നിലപാട് എടുക്കണം.’ ഇത്തവണ പെരിന്തൽമണ്ണയിൽ എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ അത്തരം ഭാരിച്ച പ്രത്യയശാസ്ത്രപ്രശ്നങ്ങൾ എസ്എഫ്ഐ നേതൃത്വത്തെ അലട്ടുന്നുണ്ടോ? 6 വർഷം ഭരണപക്ഷത്തായിരുന്ന സംഘടന ഇനി നാലുവർഷം കൂടി ഭരണത്തണലിൽ തുടരുമ്പോൾ വിദ്യാർഥിസമരങ്ങളുടെ തീക്കാലം ഓർമ മാത്രമാകുമോ എന്ന ആശങ്ക ചില മുൻകാല നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ സമരം ചെയ്യാൻ മാത്രമുള്ള വിദ്യാർഥിപ്രശ്നങ്ങൾ ഒന്നും കേരളത്തിൽ ഇല്ലെന്ന ലളിതമായ മറുപടിയിൽ ആ ആശങ്കകളുടെ മുനയൊടിച്ചാണ് എസ്എഫ്ഐ സമ്മേളനത്തിലേക്ക് കടക്കുന്നത്. എൽഡിഎഫ് ഭരണകാലത്ത് എസ്എഫ്ഐ ഭരണവിലാസം സംഘടനയായി മാറിയെന്ന വിമർശനം സംഘടനയ്ക്കുള്ളിലുണ്ട്. ആറു വർഷത്തെ എൽഡിഎഫ് ഭരണകാലത്തിൽ നാലു വർഷവും ഇപ്പോഴുള്ള ഭാരവാഹികളായിരുന്നു നേതൃത്വത്തിൽ. നാലു വർഷത്തിനു ശേഷം നടക്കുന്ന സംസ്ഥാന സമ്മേളനത്തിലെ ചർച്ചകൾ ചുരുക്കത്തിൽ ഭരണകാലത്തെ സംഘടനാ പ്രവർത്തനത്തിന്റെ വിലയിരുത്തലാകും.
HIGHLIGHTS
- 'വിദ്യാർഥികളുടെ ആവശ്യങ്ങളിൽ നിന്ന് പാർട്ടിയുടെ നയങ്ങളിലേക്ക് എസ്എഫ്ഐ വഴുതിപ്പോയി'
- 'ലോ അക്കാദമി സമരത്തെ പരാജയപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്’
- ‘സ്വകാര്യ സർവകലാശാലകൾ അനുവദിക്കാമെന്ന സിപിഎം നയരേഖയെക്കുറിച്ച് എസ്എഫ്ഐ മിണ്ടിയോ?’