ADVERTISEMENT

കൊച്ചി ∙ പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് യുവനടി ലൈംഗിക പീഡനമാരോപിച്ച് തനിക്കെതിരെ പരാതി നൽകിയതെന്നു  ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ നടൻ വിജയ് ബാബു. നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽനിന്ന് 30ന് കൊച്ചിയിൽ എത്തുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകർപ്പും, പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ തെളിവുകളും ഉൾപ്പെടുത്തിയാണ് ഉപഹർജി നൽകിയത്.

പരാതിക്കാരിയായ നടി അയച്ച വാട്സാപ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും അടക്കമുള്ള തെളിവുകളും മുദ്രവച്ച കവറിൽ നൽകിയിട്ടുണ്ട്. 2018 മുതൽ നടിയെ അറിയാം. അവർ പല തവണ തന്റെ പക്കൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയില്‍ അവസരത്തിനായി നിരന്തരം ബന്ധപ്പെട്ടുവെന്നും പീഡിപ്പിക്കപ്പെട്ടുവെന്നു പറയുന്ന ദിവസത്തിന് ശേഷവും തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ എത്തി തന്റെ ഭാര്യയുമായി സംസാരിച്ചുവെന്നും വിജയ് ബാബു പറയുന്നു.

ഏപ്രിൽ 14ന് തന്റെ ഫ്ലാറ്റില്‍ വച്ച് പുതിയ ചിത്രത്തിലെ നായികയോട് പരാതിക്കാരി ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു ആരോപിക്കുന്നു. ദുബായിൽനിന്ന് 30ന് കൊച്ചിയിൽ എത്തുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകർപ്പും വിജയ് ബാബു ഹാജരാക്കി. ഗോൾഡൻ വീസ ഓഫർ ദുബായ് സർക്കാരിൽനിന്നു ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 24ന് ദുബായിലെത്തി. ഇതിനു ശേഷവും വാട്സാപ്പിലൂടെ പരാതിക്കാരി ചിത്രങ്ങൾ അയച്ചിരുന്നുവെന്നും വിജയ് ബാബു ആരോപിക്കുന്നു.

കോടതിയെ തെറ്റിദ്ധരിപ്പിച്ചു പൊലീസ് തനിക്കെതിരെ അറസ്റ്റ് വാറന്റ് വാങ്ങിയിട്ടുണ്ടെന്നും വിമാനത്താവളത്തിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ഉപഹർജിയിൽ പറയുന്നു. 30ന് രാവിലെ 9ന് കൊച്ചിയിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ് ക്ലാസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ മടക്കയാത്ര ടിക്കറ്റ് ഹാജരാക്കിയശേഷം പരിഗണിക്കാമെന്ന് വ്യക്തമാക്കി ജസ്റ്റിസ് പി.ഗോപിനാഥ് ഹർജി 26ലേക്കു മാറ്റിയിരുന്നു. മടക്കയാത്ര ടിക്കറ്റ് ഹാജരാക്കിയതോടെ  മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

English Summary: Vijay Babu raises serious allegations against Survivor in sexual assault case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com