ADVERTISEMENT

കൊച്ചി∙ തൃക്കാക്കരയിൽ വ്യാപക കള്ളവോട്ടു നടന്നെന്നു പരാതി. 3500ൽ ഏറെ കള്ളവോട്ടുകൾക്കു ശ്രമമുണ്ടായെന്ന ആരോപണവുമായി യു‍ഡിഎഫ് നേതാക്കൾ രംഗത്തെത്തി. ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സിനിമാ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സ്ഥലത്തില്ലെന്ന വിവരം അറിഞ്ഞിരുന്നതിനാലാണ് കള്ളവോട്ടു ചെയ്യാനെത്തിയതു തിരിച്ചറി‍ഞ്ഞതെന്നു കോൺഗ്രസ് പറയുന്നു. 

കള്ളവോട്ടിനെതിരെ പ്രിസൈഡിങ് ഓഫിസറോടു യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പരാതി അറിയിച്ചെങ്കിലും വിദേശത്തുള്ള വോട്ടറുടെ ഇമെയിൽ വിലാസത്തിൽനിന്നു പരാതി അയയ്ക്കാൻ നിർദേശിച്ചതായി അവർ പറഞ്ഞു. വോട്ടു ചെയ്യാൻ ഇയാൾ എത്തിയ സമയം പരിശോധിച്ചു സിസിടിവിയിൽ ആരാണ് വോട്ടു ചെയ്തത് എന്നു കണ്ടെത്താം എന്ന് അദ്ദേഹം അറിയിച്ചതായും സ്ഥാനാർഥി പറഞ്ഞു. 

കള്ളവോട്ടു ചെയ്തതായി സംശയം തോന്നി വോട്ടു ചെയ്യാനെത്തിയ ആളെ പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടെന്നു പറയുന്നു. പിന്നീട് യഥാർഥ വോട്ടറുടെ വീട്ടിൽ വിളിച്ചു ചോദിച്ച് ഇയാൾ വിദേശത്താണെന്നു സ്ഥിരീകരിച്ച ശേഷമാണു പരാതി ഉന്നയിച്ചിരിക്കുന്നത്. 

ഉച്ചയോടെ പൊന്നുരുന്നി സ്കൂളിൽ കള്ളവോട്ടു ചെയ്യാനെത്തിയ ആളെ പരാതിയെ യുഡിഎഫ്, എൻഡിഎ ബൂത്ത് ഏജന്റുമാരുടെ പാരാതിയെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പിറവം പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നുരുന്നി സ്വദേശി ടി.എം. സഞ്ജുവിന്റെ വോട്ടാണ് കള്ളവോട്ടു ചെയ്യാൻ ഇയാൾ ശ്രമിച്ചത്. 

സിപിഎം കള്ളവോട്ടിനായി വ്യാപക തയാറെടുപ്പു നടത്തിയതായി പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചിട്ടുണ്ട്. വ്യാജ വോട്ടർ ഐഡി കാർഡുകൾ തയാറാക്കി നൽകിയാണ് കള്ളവോട്ടു ചെയ്യിച്ചത് എന്നും ആരോപണമുണ്ട്. അതേസമയം കള്ളവോട്ടു ചെയ്തത് യുഡിഎഫാണെന്ന പ്രത്യാരോപണം ഇടതു നേതാക്കളും ഉയർത്തിയിട്ടുണ്ട്.

English Summary: Bogus vote in Thrikkakkara bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com