ADVERTISEMENT

തിരുവനന്തപുരം∙ കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതിനു മുന്നോടിയായി മാർഗനിർദേശങ്ങൾ പുറത്തിറിക്കി ആരോഗ്യവകുപ്പ്. കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂര്‍ണ തോതില്‍ കോവിഡില്‍നിന്നും മുക്തമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അതിനാല്‍ തന്നെ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതല്‍ ആവശ്യമാണ്.

കുട്ടികളെ മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളിലേയ്ക്കയ്ക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ആരും സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്‌സീനെടുക്കാന്‍ ശേഷിക്കുന്ന 12 വയസ്സിനു മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കണം. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ മാസ്‌ക് ധരിക്കാതെ ആരും തന്നെ സ്‌കൂളിലെത്തരുത്
∙ നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്
∙ യാത്രകളിലും സ്‌കൂളിലും ആരും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
∙ കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
∙ പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.
∙ അധ്യാപകരും ജീവനക്കാരും രണ്ടു ഡോസ് വാക്‌സീനും എടുത്തിരിക്കണം
∙ 12 വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാർഥികളും വാക്‌സീനെടുക്കേണ്ടതാണ്
∙ മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം
∙ സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടില്‍ക്കാന്‍ അനുവദിക്കരുത്
∙ കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ മുന്‍കൈയെടുക്കണം. വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം
·∙ പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്
∙ കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുട്ടികൾക്കു കൊടുത്തുവിടുക
·∙ ശുചിമുറിയിൽ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം
∙ എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുത്.
∙ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം മാനസിക പിന്തുണയും നല്‍കണം. മാതാപിതാക്കള്‍ കൂടുതല്‍ സമയം കുട്ടികളോടൊപ്പം സന്തോഷത്തോടെ കഴിയണം
·∙ എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യപ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ, ഇ–സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.

മാര്‍ഗനിർദേശങ്ങളുമായി പൊലീസും

ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാർഥികള്‍ക്ക് സുരക്ഷിതവും സൗഹാർദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ പൊലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ‍ഡിജിപി നിർദേശം നല്‍കി.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. സ്കൂള്‍ ബസുകളിലും മറ്റു സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം.

സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിന്‍റെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷം മാത്രമേ പൊലീസ് അനുമതി നല്‍കൂ. സ്കൂള്‍ അധികൃതരുടെ സഹകരണത്തോടെ സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.

കുട്ടികളെ സ്കൂളില്‍ എത്തിച്ചശേഷം സ്വകാര്യവാഹനങ്ങള്‍ സ്കൂളിന് സമീപത്തെ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്കൂള്‍കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതു പരിശോധിക്കാന്‍ അപ്രതീക്ഷിത വാഹനപരിശോധന നടത്താനും ഡിജിപി നിർദേച്ചിട്ടുണ്ട്.

സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്കൂള്‍ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കും. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേകശ്രദ്ധ പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരുടെ സഭ്യമല്ലാത്ത പ്രവൃത്തികള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും.

സൈബര്‍ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണം എന്നിവയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും ഡിജിപി നിർദേശിച്ചു.

English Summary: School Reopening: Guidelines by Health Department and Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com