ADVERTISEMENT

തിരുവനന്തപുരം∙ കോവളത്ത് ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി എൽസയെയാണ് ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. കേസിൽ ഒന്നാം സാക്ഷിയായി വിസ്തരിക്കേണ്ട പ്രദീപ് കോടതിയിൽ എത്താത്തത് കോടതിയെ ചൊടിപ്പിച്ചു. സാക്ഷിക്കു വേണ്ടി അഭിഭാഷകൻ ഹാജരായി മൊഴി പറയാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. ഒരു കാരണവുമില്ലാതെ സാക്ഷി വിസ്താരത്തിനു ഹാജരാകാതിരുന്നതിനാൽ പൊലീസിന്റെ സഹായത്തോടെ സാക്ഷിയെ അറസ്റ്റു ചെയ്‌തു ഹാജരാക്കാൻ പ്രോസിക്യൂഷനു കോടതി നിർദേശം നൽകി. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.  

സഹോദരിയും താനും 2018 ഫെബ്രുവരി മൂന്നിനാണ് കേരളത്തിൽ ആറു മാസത്തെ ആയുർവേദ ചികിത്സയ്ക്കായി എത്തിയതെന്നു കൊല്ലപ്പെട്ട യുവതിയുടെ സഹോദരി എൽസ കോടതിയെ അറിയിച്ചു. മാനസിക വിഷമത്തിനു ചികിൽസയിലായിരുന്നു സഹോദരി. ഈ അസുഖത്തിന് അയർലൻഡിൽ ചികിത്സ നടത്തിയിരുന്നു. ഇതിനു പുറമെയുള്ള ആയുർവേദ ചികിൽസയ്ക്കായാണ് കേരളത്തിൽ എത്തിയത്. 

സഹോദരിയെ ജീവനോടെ അവസാനമായി കണ്ടത് 2018 മാർച്ച് 14ന് രാവിലെ 6.15നാണ്. അന്നു യോഗ അഭ്യാസത്തിനുള്ള വസ്‌ത്രം ധരിച്ച് കട്ടിലിൽ കിടക്കുകയായിരുന്നു. തലവേദന കാരണം യോഗയ്ക്കു വരുന്നില്ലെന്നും തന്നോടു പോകാനും പറഞ്ഞു. ക്ലാസ് കഴിഞ്ഞു എത്തിയപ്പോൾ സഹോദരിയെ മുറിയിൽ കണ്ടില്ല. സാധാരണ പോകാറുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, ആ ദിവസം രാത്രി 7 മണിക്കു പോത്തൻകോട് പൊലീസിൽ പരാതി നൽകിയെന്നും എല്‍സ കോടതിയെ അറിയിച്ചു.

ഫോട്ടോ കാണിച്ചുള്ള അന്വേഷണത്തിനിടെ, ഓട്ടോ ഡ്രൈവറാണ് സഹോദരിയെ കോവളത്തു വിട്ടു എന്നു പറഞ്ഞത്. കോവളത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനുശേഷം താൻ അയർലൻഡിലേക്കു മടങ്ങി പോയി. സഹോദരി കൊല്ലപ്പെട്ട വിവരം പൊലീസ് പത്തു ദിവസത്തിനുശേഷം അറിയിച്ചതിനെ തുടർന്ന് കേരളത്തിൽ തിരികെ എത്തി. ചതുപ്പു നിലത്തിൽ കുറ്റിക്കാടിനുള്ളിൽ അഴുകിയ നിലയിൽ ശരീരം കാണുമ്പോൾ ഒരു ജാക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ, അതു തന്റെ സഹോദരിയുടേത് അല്ലെന്നു സാക്ഷി മൊഴി നൽകി. സഹോദരിയുടെ കളർ ചെയ്ത തലമുടി കണ്ടാണ് ശരീരം തിരിച്ചറിഞ്ഞതെന്നും മൊഴി നൽകി. സഹോദരിയുടെ ശരീരത്തിൽ ആഭരണങ്ങളുടെ രൂപങ്ങൾ പച്ച കുത്തിയിരുന്നതും തിരിച്ചറിയാൻ സഹായിച്ചെന്നും എൽസ പറഞ്ഞു. സഹോദരിയുടെ അടിവസ്ത്രങ്ങളും മറ്റു വസ്ത്രങ്ങളും എൽസ കോടതിയിൽ തിരിച്ചറിഞ്ഞു.

2018 മാർച്ച് 14ന് യുവതിയെ കോവളത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. തിരുവല്ലം വെള്ളാർ വടക്കെക്കൂനം തുരുത്തി വീട്ടിൽ ഉമേഷ്‌ (32) ആണ് ഒന്നാം പ്രതി. തിരുവല്ലം വെള്ളാർവടക്കെക്കൂനം തുരുത്തി വീട്ടിൽ ഉദയകുമാർ (28) ആണ് രണ്ടാം പ്രതി. 104 സാക്ഷികളാണ് കേസിലുള്ളത്. പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. വിചാരണ വ്യാഴാഴ്ചയും തുടരും.

English Summary: Trial begins for Kovalam foreign lady murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com