ADVERTISEMENT

ന്യൂഡൽഹി ∙ സുരക്ഷാ നിബന്ധന പാലിക്കാത്തതിന് എയർലൈൻ കമ്പനിയായ വിസ്‌താരയ്ക്ക് 10 ലക്ഷം പിഴ ചുമത്തി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). ഫ്ലൈറ്റ് സിമുലേറ്ററിൽ നിശ്ചിത പരിശീലനം ലഭിച്ചിട്ടില്ലാത്ത സഹപൈലറ്റ് വിമാനം ലാൻഡ് ചെയ്തതുവെന്നു കാട്ടിയാണ് ഈ പിഴ ചുമത്തിയത്. 

യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ ഗുരുതരമായ ചട്ടലംഘനമാണുണ്ടായതെന്ന് ഡിജിസിഎ അധികൃതർ സൂചിപ്പിച്ചു. ഫ്ലൈറ്റിലെ ഫസ്റ്റ് ഓഫിസർ കൂടിയായ സഹപൈലറ്റ് ഇൻഡോറിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇത്തരത്തിൽ വിമാനം ഇറക്കിയതെന്നും ഡിജിസിഎ അറിയിച്ചു.

അതേസമയം, ‘മാപ്പുനൽക്കത്തക്ക ചട്ടലംഘനം’ മാത്രമാണ് ഈ സംഭവത്തിൽ ഉണ്ടായതെന്ന് വിസ്താര അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർലൈൻ മുഖ്യ പരിഗണന നൽകുന്നത്. ഓഗസ്റ്റ് 21 ന് ഇൻഡോറിൽ വിമാനം ലാൻഡ് ചെയ്തത് ‘സൂപ്പർവൈസ്ഡ് ടേക് ഓഫ് ആൻഡ് ലാൻഡിങ്’(എസ്‌ടിഒഎൽ) പ്രകാരം പരിചയസമ്പന്നനായ ക്യാപ്റ്റന്റെ മേൽനോട്ടത്തിലാണ്. മുൻപ് പ്രവർത്തിച്ചുവന്ന വിമാനക്കമ്പനിയിൽ നിന്ന് ഈ പൈലറ്റുമാർക്കു ചട്ടമനുസരിച്ചുള്ള എസ്‌ടിഒഎൽ പരിശീലനവും സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ചട്ടപ്രകാരം പുതിയ കമ്പനിയിലും നടത്തേണ്ട സിമുലേറ്റർ പരിശീലനം വീണ്ടും നടത്തിയിട്ടില്ലെന്നത് സ്വമേധയാ വിസ്താര കമ്പനി തന്നെയാണ് ഡിജിസിഎയെ അറിയിച്ചതെന്നും എയർലൈൻ വക്താവ് വിശദീകരിച്ചു.

യാത്രക്കാരുമായി ഒരു വിമാനം ഇറക്കുന്നതിനു മുൻപ് സിമുലേറ്ററിൽ വിമാനം ഇറക്കുന്നതിൽ ഒരു ഫസ്റ്റ് ഓഫിസർ പരിശീലനം നേടിയിരിക്കണം എന്നാണ് ചട്ടം. വിമാനം കൈകാര്യം ചെയ്യാൻ ഫസ്റ്റ് ഓഫിസർക്കു നിർദ്ദേശം നൽകേണ്ട ക്യാപ്റ്റനും ഇത്തരത്തിൽ സിമുലേറ്റർ പരിശീലനം നേടിയ വ്യക്തിയായിരിക്കണമെന്നുമാണ് ഡിജിസിഎ ചട്ടത്തിൽ പറയുന്നത്. 

English Summary: DGCA fines Vistara Rs 10 lakh for violating landing norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com