ADVERTISEMENT

കൊൽക്കത്ത∙ കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കു പിന്നാലെ അന്തരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്, കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സിപിആർ) നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു വെളിപ്പെടുത്തൽ. കെകെയുടെ പോസ്റ്റ്മോർട്ടം നടപടികൾക്കു നേതൃത്വം നൽകിയ ഡോക്ടറാണ് വാർത്താ ഏജൻസിയായ പിടിഐയോട് ഇക്കാര്യം പറഞ്ഞത്.

കെകെയുടെ ഹൃദയത്തിൽ ഒന്നിലധികം ബ്ലോക്കുകൾ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുള്ള ഓക്സിജൻ നിലയ്ക്കാതിരിക്കാൻ നെഞ്ചിൽ ശക്തമായി അമർത്തിയും ശ്വാസം നൽകിയും (കാർഡിയോ പൾമനറി റെസസിറ്റേഷൻ– സിപിആർ) ശുശ്രൂഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടറുടെ ഭാഷ്യം.

ഹൃദയ ധമനികളിൽ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. പക്ഷേ, ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കെകെ. മാത്രമല്ല, കെകെ വളരെയധികം ആന്റാസിഡ് മരുന്നുകൾ കഴിച്ചിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്. കെകെയുടെ മരണത്തിനു പിന്നാലെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ആന്റാസിഡുകൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

കൊൽക്കത്തയിലെ സംഗീത പരിപാടിയിൽ പങ്കെടുത്തപ്പോഴുണ്ടായ ബാഹ്യസമ്മർദ്ദങ്ങൾ കെകെയ്ക്ക് ഹൃദയാഘാതമുണ്ടാകാൻ കാരണമായിരിക്കാമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. സംഗീതനിശ നടന്ന നസറുൽ മഞ്ച സ്റ്റേഡിയത്തിൽ എയർ കണ്ടീഷനർ വേണ്ടപോലെ പ്രവർത്തിച്ചിരുന്നില്ലെന്നും കടുത്ത ചൂടിൽ ഒരു മണിക്കൂറിലധികം പാടിയ ശേഷം ഗായകൻ മടങ്ങുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. പരിധിയിൽ കവിഞ്ഞ് ആളുകളെ കുത്തിനിറച്ച ഓഡിറ്റോറിയത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഫയർ എസ്റ്റിൻക്യുഷർ ഉപയോഗിച്ചതായും ആരോപണമുണ്ട്.

കെകെ വളരെയധികം ആന്റാസിഡുകൾ ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും വെളിപ്പെടുത്തിയിട്ടുണ്ട്. കൈകൾക്കും തോളിനും വേദനയുണ്ടെന്ന് മരണത്തിനു മുൻപ് വിളിച്ചപ്പോൾ കെകെ ഭാര്യയോടു പറഞ്ഞിരുന്നു. സംഭവത്തിൽ കൊൽക്കത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഹോട്ടലിൽ ഫൊറൻസിക് പരിശോധന നടത്തിയ സംഘം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചു. ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് കൊൽക്കത്തയിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ കെകെ താമസിച്ചിരുന്ന ഒബറോയി ഗ്രാൻഡ് ഹോട്ടലിൽ കുഴഞ്ഞു വീണു മരിച്ചത്. തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായ കെകെ (53) ഡൽഹിയിലാണ് ജനിച്ചു വളർന്നത്. ബാല്യകാലസഖി ജ്യോതിയാണു ഭാര്യ. മകൻ നകുൽ കെകെയുടെ ആൽബമായ ഹംസഫറിൽ പാടിയിട്ടുണ്ട്. മകൾ താമര. 

English Summary: KK told the wife about pain in arm and shoulder; antacids found in the hotel: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com