ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയിലെ വോട്ടർമാർക്കുണ്ടായിരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ജനം മുഖവിലയ്ക്കെടുത്തില്ലെന്നാണ് വലിയ ഭൂരിപക്ഷത്തിലുള്ള യുഡിഎഫ് വിജയം തെളിയിക്കുന്നത്. ‘സൗഭാഗ്യം’ എന്ന പ്രയോഗം രാഷ്ട്രീയ വിവാദമായതോടെ കൊല്ലത്തെ ‘പരനാറി’ പ്രയോഗമുണ്ടാക്കിയ ഫലത്തിന്റെ തനിയാവർത്തനമായി തൃക്കാക്കരയിൽ. കൊല്ലത്തുണ്ടായതുപോലെ വലിയ വിജയം യുഡിഎഫിനു ലഭിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തെക്കുറിച്ചു സംസാരിക്കവേയാണ് ഇടതുമുന്നണി കൺവെൻഷനിൽ മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. ‘‘കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളെയടക്കം തെറ്റായി ഉപയോഗിച്ചു കൊണ്ടു കേരളത്തിൽ ഇടപെടാനുള്ള ശ്രമം നടത്തി. ഇതിലൊന്നും വലിയ തോതിൽ ജനങ്ങൾ കുടുങ്ങിയില്ല. തിരഞ്ഞെടുപ്പിൽ ‍ഞങ്ങൾക്കു ജനങ്ങളെ പൂർണ വിശ്വാസമുണ്ടായിരുന്നു. ജനങ്ങൾക്കു ഞങ്ങളെയും വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുമായി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് ഒരു രണ്ടാമൂഴം ജനങ്ങൾ സമ്മാനിച്ചത്. ഇവിടെ ബഹുമാന്യനായ അധ്യക്ഷൻ പ്രസ്താവിച്ചതു പോലെയും നമ്മുടെ നാടൊക്കെയും ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെയും ആ 99 നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള ഒരവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ആ ഘട്ടത്തിൽ പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ് എന്നതു നാം കാണേണ്ടതാണ്’’– എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മുഖ്യമന്ത്രിയുടെ പരാമർശം പ്രതിഷേധാർഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്കു യോജിക്കാത്തതുമാണെന്നായിരുന്നു പി.ടി.തോമസിന്റെ ഭാര്യയും സ്ഥാനാർഥിയുമായ ഉമ തോമസിന്റെ പ്രതികരണം. പി.ടി.തോമസിനെപോലെ ഒരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും അവർ ചോദിച്ചു. നിന്ദ്യവും ക്രൂരവുമായ പ്രയോഗമാണെന്നും ഒരിക്കലും ആ സ്ഥാനത്തിരുന്നു പറയാൻ കഴിയാത്ത വാക്കുകളാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. ഈ വിഷയം യുഡിഎഫ് ദിവസങ്ങളോളം മണ്ഡലത്തിൽ പ്രചാരണ വിഷയമാക്കി. വികസനവും രാഷ്ട്രീയവും പറയാൻ കഴിയാത്തതിന്റെ പരിഭ്രാന്തി മൂലമാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ദുർവ്യാഖ്യാനവും കൊണ്ട് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നായിരുന്നു എൽഡിഎഫ് നേതൃത്വത്തിന്റെ മറുപടി.

മുഖ്യമന്ത്രിയുടെ പ്രസ്താവന പി.ടിയെ സ്നേഹിക്കുന്നവരിൽ വേദനയുണ്ടാക്കിയെന്നും അതു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കൊല്ലത്ത് ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശം വിവാദമായിരുന്നു. 1996,98 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച എൻ.കെ.പ്രേമചന്ദ്രനെ തഴഞ്ഞ് 1999 ൽ സീറ്റ് പിടിച്ചെടുത്ത സിപിഎം 2014 ലും ആർഎസ്‌പിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് അവര്‍ മുന്നണി വിടുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ എൻ.കെ.പ്രേമചന്ദ്രനെതിരെ പിബി അംഗം എം.എ.ബേബിയാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലുമാണ് അന്ന് സംസ്‌ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയത്. ഇതു തോല്‍വിക്കു പ്രധാന കാരണമായി പിന്നീട് മുന്നണി വിലയിരുത്തി.

‘‘ ..തിരഞ്ഞെടുപ്പ് രംഗത്തൊക്കെ ഒരു പൊതുപ്രചാരണത്തില്‍ പാലിക്കുന്ന മര്യാദയുണ്ട്. സ്ഥാനാര്‍ഥികളെ വ്യക്തിപരമായി പറയുകയെന്നതു സാധാരണ സ്വീകരിക്കുന്ന ഒരു രീതിയല്ല. പക്ഷേ പരനാറിയായാല്‍ എങ്ങനെ പറയാതിരിക്കും എന്ന പ്രശ്നം വേറെ കിടക്കുകയാണ്. ഞാനതിലേക്കു കടക്കുന്നില്ല. ആര്‍എസ്പി കൊടും വഞ്ചനയാണ് കാട്ടിയത്. ഞങ്ങള്‍ക്കതു മനസ്സിലായില്ല. ഒരുമിച്ചു നടക്കുമ്പോള്‍ നിങ്ങള്‍ കഠാര കരുതിയിട്ടുണ്ടെന്നും പിന്നില്‍നിന്ന് കുത്തിവീഴ്ത്തുമെന്നും ആരെങ്കിലും പ്രതീക്ഷിക്കുമോ..’’ - പിണറായിയുടെ ഈ പരാമര്‍ശമാണ് വിവാദമായത്. പ്രസ്താവനയ്ക്കെതിരെ മുന്നണിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ടായി. സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടു ചോര്‍ന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ എൻ.കെ.പ്രേമചന്ദ്രനെതിരെ കെ.എൻ.ബാലഗോപാലാണ് മത്സരിച്ചത്. അപ്പോഴും പരനാറി പ്രയോഗത്തിൽ പിണറായി ഉറച്ചു നിന്നു. ‘‘ഞാന്‍ മുന്‍പ് പറഞ്ഞതില്‍ എന്താണ് തെറ്റ്. രാഷ്ട്രീയത്തില്‍ നെറിവേണം. എല്‍ഡിഎഫിനോട് ചെയ്തതുപോലെ യുഡിഎഫിനോട് ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്’’ - പിണറായി പറഞ്ഞു. 2014 ൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 37,649 ആയിരുന്നെങ്കില്‍ 2019 ൽ യുഡിഎഫ് ഭൂരിപക്ഷം 1.20 ലക്ഷം കടന്നു.

English Summary: 'Paranari and Soubhagyam' how usage of CM Pinarayi Vijayan affected the election result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com