ADVERTISEMENT

തിരുവനന്തപുരം∙ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം പുത്തനുണർവ് നൽകുന്നത് കോൺഗ്രസിനു മാത്രമല്ല രണ്ട് നേതാക്കൾക്കു കൂടിയാണ്; വി.ഡി.സതീശനും കെ.സുധാകരനും. ഗ്രൂപ്പ് സമവാക്യങ്ങളെ മറികടന്ന് നേതൃസ്ഥാനത്തെത്തിയ ഇരുവരുടേയും ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പ് പരീക്ഷണമായിരുന്നു തൃക്കാക്കരയിലേത്. പരാജയപ്പെട്ടിരുന്നെങ്കിൽ കോൺഗ്രസ് പാർട്ടിയും മുന്നണിയും കൂടുതൽ പ്രതിസന്ധിയിലേക്കു പോകുമായിരുന്നു. ഇരു നേതാക്കളുടെയും നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടേനെ. വോട്ടു കുറഞ്ഞാൽപോലും പാർട്ടിയിൽ തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കിയാണ് കഴിഞ്ഞ തവണത്തേക്കാൾ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് തൃക്കാക്കരയിൽ ഇരുവരും പാർട്ടിയെ നയിച്ചത്.

വ്യത്യസ്തമായ പ്രവർത്തനശൈലിയാണ് സ്ഥാനമേറ്റതു മുതൽ ഇരു നേതാക്കളും സ്വീകരിച്ചത്. ശൈലീമാറ്റം സംബന്ധിച്ചു പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നെങ്കിലും തൃക്കാക്കരയിലും ആ പുതുമ തുടർന്നു. ഒറ്റ ദിവസം കൊണ്ട് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ റെക്കോർഡും ഇരു നേതാക്കളുടെ പേരിലും കുറിക്കപ്പെട്ടു. സ്ഥാനാർഥി പ്രഖ്യാപനം ഒരു ദിവസം കൊണ്ടു നടത്തിയതോടെ സീറ്റിനുവേണ്ടിയുള്ള പടലപിണക്കങ്ങൾ ഒഴിവാക്കുന്നതിനൊപ്പം പ്രവർത്തകരിൽ ആത്മവിശ്വാസവും വളർത്താനായി.

164 ബൂത്ത് കമ്മിറ്റികളാണ് തൃക്കാക്കര മണ്ഡലത്തിൽ കോൺഗ്രസിനുള്ളത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ശാരീരിക പ്രശ്നങ്ങളെ തുടർന്ന് പ്രചാരണത്തിൽനിന്ന് മാറി നിൽക്കേണ്ടി വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സാരഥ്യം ഏറ്റെടുത്തു. കോൺഗ്രസിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികളെ സജീവമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഒരു ദിവസം മാത്രമാണ് പ്രതിപക്ഷ നേതാവ് തലസ്ഥാനത്തെത്തിയത്, രാഷ്ട്രപതിയെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ. മറ്റുള്ള ദിവസങ്ങളിലെല്ലാം രാവിലെ 8 മുതൽ രാത്രി 11 വരെ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചു. പ്രവർത്തകരോടൊപ്പം വീടുകൾ കയറിയിറങ്ങി.

Uma-Thomas
ഉമ തോമസ്

തൃക്കാക്കരയിൽ വീഴ്ചയുണ്ടായാൽ അത് തന്റെ വീഴ്ചയാണെന്നും നേട്ടമുണ്ടായാൽ അത് കൂട്ടായ നേട്ടമാണെന്നും നിലപാട് സ്വീകരിച്ചു. നേതാക്കളെ ഒരുമിപ്പിച്ചു പ്രചാരണത്തിന് ഇറക്കാൻ ഇരു നേതാക്കൾക്കുമായി. പ്രവർത്തനത്തിനു ഫലമുണ്ടായതോടെ രണ്ടു തവണ അധികാരത്തിൽനിന്നു മാറ്റി നിർത്തപ്പെട്ട് പ്രതിസന്ധിയിലായ പാർട്ടിക്കത് പുതിയ ഊർജമായി.

കെ.വി.തോമസിനെ പോലുള്ള നേതാവ് പാർട്ടിയിൽനിന്നും ചുവടു മാറിയിട്ടും മികച്ച വിജയം നേടാനായത് പാർട്ടിയിൽ ഇരുനേതാക്കളുടെയും ഗ്രാഫ് ഉയർത്തും. ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റമുണ്ടാകാം. പാർട്ടിയിലെ എതിർപ്പുകൾക്കും തർക്കങ്ങൾക്കും ഒരിടവേള സമ്മാനിക്കാനും ജയത്തിനാകും. പാർട്ടിയിലെ പരിഷ്കരണ നടപടികൾക്കു വേഗം വേണമെന്ന ഇരുനേതാക്കളുടെയും ആവശ്യങ്ങളെ ഇനി കേന്ദ്ര നേതൃത്വത്തിന് അവഗണിക്കാനാകില്ല.

പരാജയത്തിൽ വിഷമഘട്ടത്തിലായ യുഡിഎഫിനും അണികൾക്കും പുതിയ ഊർജമാണ് വിജയം നൽകുന്നത്. സർക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമാക്കാനും ഈ വിജയം നേതൃത്വത്തിനു ശക്തിപകരും.

English Summary: VD Satheesan's and K Sudhakaran's role in Thrikkakara bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com