ADVERTISEMENT

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ ക്യാപ്റ്റനെന്നു വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ ക്യാപ്റ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും സതീശൻ പറയുന്നു. കോൺഗ്രസിൽ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. അതില്‍ പരിഹാസമുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

അഭിമാനകരമായ വിജയമാണ് തൃക്കാക്കരയിലേത്. പ്രതിപക്ഷത്തിനും കോൺഗ്രസിനും അതു കൂടുതൽ ഊർജം പകരും. കൂടുതൽ ചിട്ടയോടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. സർക്കാരിന്റെ ഒരുപാടു കാര്യങ്ങൾ പുറത്തു കൊണ്ടുവരേണ്ടതുണ്ട്. പ്രോഗ്രസ് റിപ്പോർട്ട് എന്ന പേരിൽ സർക്കാർ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ വസ്തുത പുറത്തുകൊണ്ടുവരും. ഇതു സംബന്ധിച്ച് ഞങ്ങൾ പഠനം നടത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി തെറ്റായ പ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഈ പ്രോഗ്രസ് റിപ്പോർട്ടിലെ യഥാർഥ വിവരങ്ങൾ താമസിയാതെ ഞങ്ങൾ ജനങ്ങളിൽ എത്തിക്കും. ഇവരീ പറയുന്ന പല കാര്യങ്ങളും നടത്തിയിട്ടില്ല. നടത്തിയതൊക്കെ ഞങ്ങൾക്ക് അറിയാം. നടത്താത്ത കാര്യങ്ങളാണ് കൂടുതലും. തിരഞ്ഞെടുപ്പ് വന്നതിനതിനെത്തുടർന്നാണ് ഈ പഠനം പുറത്തുവിടാൻ വൈകിയത്. ഉടൻതന്നെ പുറത്തുവിടും. സർക്കാർ ജനകീയ കാര്യങ്ങൾ ചെയ്താൽ ഞങ്ങൾ അതിന്റെ കൂടെയുണ്ടാകും. എന്നാൽ കെ-റെയിൽ പോലെ ജനവിരുദ്ധമായവയാണ് ചെയ്യുന്നതെങ്കിൽ അതിനെ ഞങ്ങൾ ശക്തിയായി എതിർക്കും.

ഒരു വർഗീയശക്തിയെയും കേരളത്തിൽ തലപൊക്കാൻ സമ്മതിക്കില്ലെന്ന നിലപാടാണ് ഞങ്ങളുടേത്. തിരഞ്ഞെടുപ്പിൽ വളരെ വ്യക്തമായി ഞങ്ങളത് അവതരിപ്പിച്ചു. അതിനു കിട്ടിയ അംഗീകാരം കൂടിയാണ് ഈ വിജയം.

സാമൂഹികാന്തരീക്ഷം കലുഷിതമാണ്. വർഗീയശക്തികൾ കൂടുതൽ ശക്തിപ്രാപിക്കുന്ന സാഹചര്യം കേരളത്തിലെ സർക്കാർ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. സർക്കാർ ഇതിൽനിന്നു പിന്മാറണം. എല്ലാ വർഗീയ കക്ഷികളെയും ഒരേപോലെ നേരിടാനുള്ള കരുത്ത് സർക്കാർ കാണിക്കണം. സർക്കാരിന്റെ ദൗർബല്യത്തിന്റെ മീതെയാണ് കേരളത്തിൽ ഇത്തരം ആളുകൾ ശക്തികാണിക്കുന്നത്. അവരെ ചെറുത്തു തോൽപ്പിക്കാൻ യുഡിഎഫ് മുന്‍നിരയിൽത്തന്നെയുണ്ടാകും. ഒരു വർഗീയശക്തിയെയും കേരളത്തിൽ തലപൊക്കാൻ സമ്മതിക്കില്ലെന്ന നിലപാടാണ് ഞങ്ങളുടേത്. തിരഞ്ഞെടുപ്പിൽ വളരെ വ്യക്തമായി ഞങ്ങളത് അവതരിപ്പിച്ചു. അതിനു കിട്ടിയ അംഗീകാരം കൂടിയാണ് ഈ വിജയം.

വ്യാജ വിഡിയോയുടെ ഒക്കെ യാഥാർഥ്യം പുറത്തുവരട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ആരാണ് അപ്‌ലോഡ് ചെയ്തതെന്ന് അന്വേഷിക്കണം. ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നയാൾ ട്വിറ്ററിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവന്നത്. ആദ്യം അറസ്റ്റ് ചെയ്തവരിൽ സിപിഎമ്മുകാരും ഉണ്ടായിരുന്നു. പല ബിജെപി ഗ്രൂപ്പുകളിലും ഇതു ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇതെങ്ങനെയാണ് പുറത്തുവന്നതെന്ന് അന്വേഷിക്കണം. തിരഞ്ഞെടുപ്പിന്റെ പേരിൽ ആ വിവാദം ഞങ്ങളുടെ തലയിൽ ഇടാനാണ് സർക്കാർ ശ്രമിച്ചത്. ആംആദ്മി പാർട്ടിയുടെ പേരിൽ വ്യാജ ട്രൂകോളർ ഉണ്ടാക്കിയത് ആരാണ്? എഎപി നേതാവ് പി.സി. സിറിയക് ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ടല്ലോ. കള്ളവോട്ട് ചെയ്യാൻ വന്ന പാമ്പാക്കുട ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആൽബിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് ആരാണ് ഉണ്ടാക്കിയത്? തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നത് ഏറ്റവും സുപ്രധാനമായ രേഖയാണ്. അതു വ്യാജമായി ഉണ്ടാക്കുന്ന പാർട്ടിയാണ് സിപിഎം എന്നത് എത്രമാത്രം അവർ അധപതിച്ചുവെന്നതിന്റെ തെളിവാണ്.

സെമി കേഡർ സംവിധാനത്തിലേക്കു പാർട്ടി മാറിയിട്ടില്ല. ആ സ്വഭാവം കൊണ്ടുവരികയെന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നല്ല അച്ചടക്കവും ഏകോപനവും ഉണ്ടായിരുന്നു. പഴുതുകൾ അടച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. പാർട്ടിയൊരു ആൾക്കൂട്ടമായി മാറരുതെന്നാണ് ആഗ്രഹിക്കുന്നത്. അതിനു സ്വൽപ്പം സമയമെടുക്കും.

ക്യാപ്റ്റനെന്ന വിശേഷണം സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ടെങ്കിലും അതിനുപിന്നാലെ പോകുന്നയാളല്ല ഞാൻ. അതൊരു പരിഹാസമാണ്. പാർട്ടിയെ തിരിച്ചുകൊണ്ടുവരിക എന്നുള്ളതാണ് എന്റെ ദൗത്യം. ഇതൊരു കൂട്ടായ നേതൃത്വമാണ്. ഇതിന്റെ ഏകോപനം നടത്തുക എന്ന ജോലിയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഞാൻ പടയിൽ മുന്നിലുണ്ട്. മുന്നണി പോരാളിയാണ്. യുദ്ധം ചെയ്യാൻ പോകുമ്പോൾ ഞാൻ മുന്നിലുണ്ട്. പിന്നിലേക്കു പോകില്ല. പിന്നിൽനിന്നു വെടിയേറ്റു മരിക്കില്ല. പോരാളികൾ എല്ലാം ക്യാപ്റ്റന്മാരാണോ, അല്ലല്ലോ. മുന്നിൽനിന്നു പോരാടുന്ന കുറേ ആളുകൾ ഉണ്ടല്ലോ അതിലൊരാളാണ് ഞാൻ. ഞങ്ങളുടെ പാർട്ടിയിൽ ആർക്കും അത്തരം വിളിയിൽ താൽപര്യമില്ല. അത്തമൊരു ഇമേജ് ബിൽഡിങ്ങിന് താൽപര്യമുള്ളയാളല്ല ഞാൻ. നമ്മൾ ഉദ്ദേശിക്കുന്നതിലും നെഗറ്റീവ് ഇംപാക്ട് ആണ് ഇത്തരം കാര്യങ്ങൾ ഉണ്ടാക്കുന്നതെന്ന് അറിയാനുള്ള തിരിച്ചറിവ് എനിക്കുണ്ട്.

കെ.വി. തോമസിനെ അധിക്ഷേപവാക്കുകള്‍ പണ്ട് വിളിച്ചത് സിപിഎമ്മുകാരാണ്. തിരുതത്തോമ എന്നു വിളിച്ചത് ഞങ്ങളല്ല. അന്ന് അതിനെ ആരും വംശീയ അധിക്ഷേപമായി കണ്ടില്ല. തോമസിനെ അടക്കം ആരെയും വേട്ടയാടാനില്ലെന്നു വ്യക്തമാക്കിയ സതീശൻ അദ്ദേഹത്തിനുള്ളത് തൃക്കാക്കരയിലെ ജനങ്ങള്‍ നൽകിയെന്നും കൂട്ടിച്ചേർത്തു.

English Summary: VD Satheesan rejects the title of CAPTAIN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com