ADVERTISEMENT

മികച്ച സാമ്പത്തിക വിവരകണക്കുകളുടെയും രാജ്യാന്തര വിപണികളുടെയും പിൻബലത്തിൽ മുന്നേറ്റം നേടിയെങ്കിലും വെള്ളിയാഴ്ചത്തെ ലാഭമെടുക്കലിൽ കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങൾ ഇന്ത്യൻ വിപണി കൈവിട്ടു. എങ്കിലും ഇന്ത്യൻ വിപണി കഴിഞ്ഞ വാരവും നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചത് പ്രതീക്ഷയാണ്. നിഫ്റ്റി 16,580 പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിച്ചപ്പോൾ ഐടി, റിയൽറ്റി സെക്ടറുകൾക്കൊപ്പം നിഫ്റ്റിയുടെ സ്‌മോൾ ക്യാപ് സൂചികയും കഴിഞ്ഞ ആഴ്ച നാലു ശതമാനത്തിന്  മുകളിൽ നേട്ടമുണ്ടാക്കി. മെറ്റൽ, ഇൻഫ്രാ, പൊതു മേഖല ബാങ്കിങ്, ഹോസ്പിറ്റാലിറ്റി, ടെക്സ്റ്റൈൽ സെക്ടറുകളും കഴിഞ്ഞ വാരം മുന്നേറി. 

തിങ്കളാഴ്‌ച ആരംഭിക്കുന്ന ആർബിഐയുടെ നയാവലോകന യോഗം ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ സമ്മർദ്ദമേറ്റുന്നതും ക്രൂഡ് ഓയിൽ വില കുതിച്ചു കയറുന്നതും അമേരിക്കൻ വിപണി വീണ്ടും ഫെഡ്പേടിയുടെ പിടിയിലാകുന്നതും അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിയുടെ ആശങ്കകളാണ്.

വീണ്ടും ഭയന്ന് വീണ് അമേരിക്കൻ വിപണി

അമേരിക്ക അടക്കമുള്ള മുൻനിര ഇക്കോണമികളുടെ പണപ്പെരുപ്പം നിയന്ത്രിതമാകുന്നതിന്റെ ആവേശത്തിൽ മുന്നേറി തുടങ്ങിയ ലോക വിപണികൾക്ക് കഴിഞ്ഞ ആഴ്ചത്തെ മികച്ച പിഎംഐ, റീറ്റെയ്ൽ വില്പന കണക്കുകളടക്കം അനുകൂലമായി. എന്നാൽ ബുധനാഴ്ച പുറത്ത് വന്ന അത്ര ശോഭനമല്ലാത്ത എഡിപി എംപ്ലോയ്മെൻറ് കണക്കുകൾക്ക് പിന്നാലെ വെള്ളിയാഴ്ച പുറത്ത് വന്ന മികച്ച നോൺ ഫാം പേ റോൾ കണക്കുകൾ നിരക്കുയർത്തലിന് ഫെഡിന് അനുകൂലമാണെന്നത് വെള്ളിയാഴ്ച അമേരിക്കൻ ടെക് ഓഹരികൾക്ക് വീണ്ടും തിരുത്തൽ നൽകി. ടെസ്‌ലയുടെ 10% ‘ജോബ് കട്ട്’ പ്രഖ്യാപനം ടെസ്‌ലക്ക് 10% തിരുത്തൽ നൽകിയതും നാസ്ഡാക്കിന് വെള്ളിയാഴ്ച 2 ശതമാനത്തിന് മേൽ വീഴ്ച നൽകുന്നതിൽ പങ്ക് വഹിച്ചു.

അടുത്ത വെള്ളിയാഴ്ച്ച പുറത്ത് വരുന്ന മേയിലെ അമേരിക്കൻ പണപ്പെരുപ്പകണക്കുകളും ജൂൺ 15 വരാനിരിക്കുന്ന ഫെഡ് തീരുമാനങ്ങളുമാണ് ലോക വിപണിയെ ഇനി മുന്നോട്ട് നയിക്കുക. ഏപ്രിലിൽ 8.3 ശതമാനത്തിലേക്ക് ഇറങ്ങിയ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം (സിപിഐ) ഇത്തവണ 8 ശതമാനത്തിൽ താഴെ വന്നാൽ ലോക വിപണി തന്നെ കുതിപ്പ് നേടിയേക്കാം. 

ആർബിഐ മീറ്റിങ്  

നാളെ ആരംഭിച്ചു ബുധനാഴ്ച അവസാനിക്കുന്ന റിസർവ് ബാങ്കിന്റെ നയാവലോകന യോഗം ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കും. റിപ്പോ നിരക്കുയർത്തൽ തുടങ്ങിവച്ച് ആർബിഐ ഇത്തവണയും നിരക്ക് വർദ്ധന വരുത്തുമെന്ന ഭയം ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾക്ക് കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ മുന്നേറ്റം നിഷേധിച്ചു. ഇന്ത്യൻ വിപണി റിപോ നിരക്കിൽ അര ശതമാനം വർദ്ധന ഉൾക്കൊണ്ട് കഴിഞ്ഞു. പുതിയ നയപ്രഖ്യാപന ശേഷം ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളിൽ വാങ്ങൽ പ്രതീക്ഷിക്കാം. 

rbi, rbi-news
മുംബൈയിലെ ആർബിഐ ആസ്‌ഥാനം.

ഡിഫൻസ് സെക്ടർ 

ചൈനയും ഇന്ത്യയും തമ്മിലുള്ള ആയുധ മത്സരം ഇന്ത്യൻ ഡിഫൻസ് സെക്ടറിന് അനുകൂലമാണ്. മിസൈൽ ഓർഡറുകൾ ഭാരത് ഡൈനാമിക്സിനും ഇന്ത്യൻ എയർഫോഴ്സിന്റെ 20 ബില്യൺ ഡോളറിന്റെ 114 മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രൊജക്റ്റ് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിനും അനുകൂലമാണ്. ബിഇഎൽ, പരസ് ഡിഫൻസ്, ഭാരത് ഫോർജ് മുതലായ ഓഹരികളും നേട്ടമുണ്ടാക്കിയേക്കാം.  

സിമന്റ് മത്സരം 

അദാനി കൂടി ഇറങ്ങിയതോടെ ഇന്ത്യൻ സിമന്റ് സെക്ടർ ‘കപ്പാസിറ്റി’ മത്സര വേദിയായി മാറി. അദാനി സിമന്റ് കമ്പനികളായ എസിസിക്കും, അംബുജ സിമെന്റിനും പുറമെ അൾട്രാടെക്ക് അതിഭീമമായ ശേഷി വർദ്ധന പദ്ധതികൾ പ്രഖ്യാപിച്ചത് ഓഹരിക്കും സെക്ടറിനും വെള്ളിയാഴ്ച വീഴ്ച നൽകിയെങ്കിലും ഓഹരി ദീർഘകാല നിക്ഷേപയോഗ്യമാണ്. ലക്ഷ്മി മിത്തലും ഇന്ത്യൻ സിമന്റ് സെക്ടറിലേക്ക് നോക്കുന്നത് ചെറുകിട സിമന്റ് കമ്പനികൾക്ക് ഏറ്റെടുക്കൽ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. 

ക്രൂഡ് ഓയിൽ 

യൂറോപ്പ് വേണ്ടെന്ന് വയ്ക്കുന്ന റഷ്യൻ എണ്ണക്ക് തത്തുല്യമായ അധിക ക്രൂഡ് ഓയിൽ ഉത്പാദനപ്രഖ്യാപനം പ്രതീക്ഷിച്ച ലോക വിപണിക്ക് സൗദിയുടെ വെറും 6,00,000 ബാരലിന്റെ അധിക ഉല്പാദന പ്രഖ്യാപനം നിരാശ നൽകി. അമേരിക്കയോട് കൂടുതൽ മിലിട്ടറി പിന്തുണ നേടാനായുള്ള അവസരമായാണ് സൗദി ഈയവസരം കാണുന്നത്. വീണ്ടും 120 ഡോളർ കടക്കുന്ന ക്രൂഡ് ഓയിലിന് ഓയിൽ ബുള്ളുകൾ പുതിയ ലക്ഷ്യങ്ങൾ കണ്ട് തുടങ്ങി. 

crude-oil

ചൈനയുടെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കപ്പെടുന്നതും അമേരിക്കയുടെ എന്ന ശേഖരത്തിൽ മുൻ ആഴ്ചയിൽ വീഴ്ച രേഖപ്പെടുത്തിയതും രാജ്യന്തര ക്രൂഡ് ഓയിൽ വിതരണം ഇനിയും താളം കണ്ടെത്തിയിട്ടില്ലാത്തതും എല്ലാറ്റിനും പുറമെ പൂർണമായ റഷ്യൻ എന്ന ഉപരോധം യൂറോപ്പ് പാസാക്കിയതും ക്രൂഡിന് ഇനിയും മുന്നേറ്റം നൽകിയേക്കാമെന്നത് ലോക വിപണിക്കും ക്ഷീണമാണ്.

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറുന്നത് ടെക് സെക്ടറിനൊപ്പം സ്വർണത്തിനും വിനയായേക്കാം. 1850 ഡോളറിൽ ക്രമപ്പെട്ടാൽ സ്വർണം അടുത്ത നിലയിലേക്ക് വീണ്ടും മുന്നേറിയേക്കാം. ക്രൂഡ് ഓയിൽ പിടിവിട്ടു കയറിയാൽ ഓഹരി വിപണിയിൽ നിന്നും പണം സ്വർണത്തിലേക്ക് ഒഴുകാനുള്ള സാധ്യതയും സ്വർണത്തിന് അനുകൂലമാണ്.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: 8606666722

English Summary: Indian stock exchange analysis from the past week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com