ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിൽ ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന ഖത്തറിന്റെ നിലപാടിനു പിന്നാലെ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. നരേന്ദ്ര മോദിയുടെ എട്ടുവർഷത്തെ ഭരണത്തിനിടയിൽ ഭാരതമാതാവിന് അപമാന ഭാരത്താൽ തലകുനിക്കേണ്ടി വന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്‌തു.  ചൈനയ്ക്ക് മുമ്പിൽ ലഡാക്കിലും യുഎസിനു മുൻപിൽ ക്വാഡ് കൂട്ടായ്‍മയിലും യുക്രെയ്‍ൻ അധിനിവേശത്തിൽ റഷ്യയ്ക്കു മുൻപിലും കീഴടങ്ങിയ നരേന്ദ്ര മോദി സർക്കാർ ഖത്തർ പോലെയുള്ള കുഞ്ഞൻ രാജ്യങ്ങൾക്കു മുൻപിലും സാഷ്‌ടാംഗം പ്രണമിക്കുകയാണെന്നു സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്‍തു. ഇന്ത്യയുടെ വിദേശനയത്തിന്റെ പാപ്പരത്തമാണ് ഇതെന്നും  അദ്ദേഹം തുറന്നടിച്ചു.  

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തർ സന്ദർശനത്തിനിടെയാണു സ്ഥാനപതിയെ ഖത്തർ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പരാമർശം നടത്തിയവർക്കെതിരെയുള്ള അച്ചടക്കനടപടിയെ സ്വാഗതം ചെയ്തെങ്കിലും ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്നു ഖത്തർ ആവശ്യപ്പെടുകയായിരുന്നു.  ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ചു ബിജെപി വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്‌തിരുന്നു. 

ഇത്തരം പ്രസ്താവനകൾ തീവ്രവാദവും വിദ്വേഷവും വർധിപ്പിക്കാൻ കാരണമാകുന്നും ഇന്ത്യ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ഖത്തർ പരസ്യ നിലപാട് എടുത്തതിനു പിന്നാലെയാണ് കേന്ദ്രനയത്തെ വിമർശിച്ച്  സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്.

ബിജെപി നേതാക്കളുടെ വിവാദ പരാമർശത്തിൽ  ഖത്തർ പോലെയുള്ള രാജ്യങ്ങളോട് എന്തിനാണ് ഇന്ത്യ മാപ്പ് പറയുന്നതെന്ന് തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമറാവുവും ചോദിച്ചു. രാജ്യത്ത് വിദേഷവും വെറുപ്പും അനുദിനം പ്രചരിപ്പിക്കുന്നതിൽ ബിജെപി രാജ്യത്തെ ജനങ്ങളോടാണ് മാപ്പു പറയേണ്ടതെന്നു കെ.ടി. രാമറാവു പറഞ്ഞു. 

നൂപുറിന്റെ പരാമർശത്തിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച കാൻപുരിലെ പരേഡ് ചൗക്ക്, നയിസഡക്, യതീം ഖാന എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധമാണു രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു നൂപുറിന്റെ വിവാദ പരാ‍മർശം. അതിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണു നവീനെതിരായ നടപടി. പ്രവാചകനെതിരായ പരാമർശം ഗൾഫ് രാജ്യങ്ങളിൽ കനത്ത പ്രതിഷേധത്തിനിടയാക്കി. ഇന്ത്യൻ ഉൽപന്നങ്ങൾക്കു ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തണമെന്നു സമൂഹമാധ്യമങ്ങളിൽ ആവശ്യമുയരുകയും ചെയ്തു. 

English Summary: Subramanian Swamy takes brutal dig at Modi government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com