ADVERTISEMENT

ന്യൂയോർക്ക്∙ 900 പേരെ സൂം കോളിലൂടെ പുറത്താക്കിയ സിഇഒയ്ക്കെതിരെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസ്. ബെറ്റർ ഡോട്ട് കോം എന്ന കമ്പനിയുടെ സിഇഒ വിശാൽ ഗാർഗിനെതിരെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയിരിക്കുന്നത്. കമ്പനിയുടെ സെയിൽസ് ആൻഡ് ഓപ്പറേഷൻസ് മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സാറാ പിയേഴ്സ് ആണ് വിശാലിനെതിരെ പരാതി നൽകിയിരിക്കുന്നത്.

എസ്പിഎസി (സ്പെഷൽ പർപ്പസ് അക്വിസിഷൻ കമ്പനി) കമ്പനിയായ ഔറോറ അക്വിസിഷൻ കോർപ്പറേഷനുമായി ലയിക്കാനുള്ള നീക്കത്തിൽ കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിക്ഷേപകർ പിന്മാറാതിരിക്കാൻ ബെറ്റർ ഡോട്ട് കോമിന്റെ സ്റ്റേറ്റ്മെന്റുകൾ വിശാൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നൽകിയെന്നാണ് പിയേഴ്സ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. 7.7 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടാണ് ഇത്.

ഇടപാടിനെക്കുറിച്ച് ആശങ്കകൾ അറിയിച്ചതിനെത്തുടർന്ന് ഫെബ്രുവരിയിൽ പിയേർസിനെ പദവിയിൽനിന്നു നീക്കിയിരുന്നുവെന്നാണ് അവരുടെ ആരോപണം. തനിക്കു നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

അതേസമയം, വെളിപ്പെടുത്തലിൽ ‘വല്യ കാര്യമില്ലെന്ന്’ ബെറ്റർ ഡോട്ട് കോമിന്റെ അഭിഭാഷകൻ പറഞ്ഞു. നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വിഷയത്തിൽ ബെറ്റർ ഡോട്ട് കോം പ്രതികരിച്ചില്ല.

ന്യൂയോർക്ക് ആസ്ഥാനമായ ബെറ്റർ ഡോട്ട് കോം 2016ലാണ് സ്ഥാപിച്ചത്. ഓൺലൈനിലൂടെ വീടുവാങ്ങുന്നവർക്ക് മോർട്ട്ഗേജും ഇൻഷുറൻസും നൽകുന്ന കമ്പനിയാണ് ബെറ്റർ ഡോട്ട് കോം. കഴിഞ്ഞ വർഷം സൂം കോളിലൂടെ 900 ജീവനക്കാരെ പുറത്താക്കിയതിനെത്തുടർന്ന് വിശാലിന് മാപ്പുപറയേണ്ടി വന്നിരുന്നു.

English Summary: CEO Who Fired 900 On Zoom Call Sued For "Misleading Investors"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com